Uae
ദുബൈ പോലീസിന്റെ "ഓൺ യുവർ പാത്ത്' മികച്ച പ്രതികരണം നേടുന്നു
ദുബൈയിലെ ഇനോക്, അഡ്നോക്, ഇമാറാത്ത് എന്നീ ഇന്ധന കമ്പനികളും പോലീസും തമ്മിലുള്ള പങ്കാളിത്തത്തോടെയാണ് ഈ സംരംഭം.
ദുബൈ | ചെറിയ ട്രാഫിക് അപകട റിപ്പോർട്ടുകൾ വേഗത്തിൽ നൽകുന്നതിന് ദുബൈ പോലീസ് ആരംഭിച്ച “ഓൺ യുവർ പാത്ത്’ പദ്ധതിയുടെ ഗുണഭോക്താക്കൾ 4,629 ആയി. സേവനം നൽകുന്നതിന് എമിറേറ്റിലെ വിവിധ പ്രദേശങ്ങളിലെ 138 സ്റ്റേഷനുകളിൽ സംവിധാനമുണ്ട്.
സേവന കേന്ദ്രങ്ങൾ സന്ദർശിക്കാതെ നടപ്പാക്കി ബ്യൂറോക്രസിയെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള മുൻനിര പ്രോജക്റ്റുകളിൽ ഒന്നാണ് ഈ സംരംഭം. ചെറിയ വാഹനാപകടങ്ങൾ ഉണ്ടാകുമ്പോൾ പോലീസ് സ്റ്റേഷനുകളിൽ പോകാതെ ട്രാഫിക് റിപ്പോർട്ട് ലഭിക്കുന്നതിനുള്ള ആവശ്യകതകൾ വേഗത്തിൽ പൂർത്തിയാക്കാനും സേവനങ്ങൾ നൽകുന്നതിൽ സ്വകാര്യമേഖലയുമായുള്ള പങ്കാളിത്തവും സഹകരണവും വർധിപ്പിക്കുകയും ചെയ്യുന്നതാണിത്.
ദുബൈയിലെ ഇനോക്, അഡ്നോക്, ഇമാറാത്ത് എന്നീ ഇന്ധന കമ്പനികളും പോലീസും തമ്മിലുള്ള പങ്കാളിത്തത്തോടെയാണ് ഈ സംരംഭം. അജ്ഞാതരായ ആളുകൾക്കെതിരായ അപകട റിപ്പോർട്ടുകൾ, നഷ്ടപ്പെട്ടതും കണ്ടെത്തിയതുമായ സേവനം, വാഹന അറ്റകുറ്റപ്പണി സേവനം, പോലീസ് ഐ സേവനം, ഇ-ക്രൈം സേവനം എന്നിവ ഇതിലൂടെ നിർവഹിക്കാനാവും.
ഈ സംരംഭം ആരംഭിച്ചതിന് ശേഷം കഴിഞ്ഞ കാലയളവിൽ മികച്ച വിജയം കൈവരിച്ചുവെന്ന് “ഓൺ യുവർ പാത്ത്’ സംരംഭത്തിന്റെ തലവൻ ക്യാപ്റ്റൻ മാജിദ് ബിൻ സഈദ് അൽ കഅബി പറഞ്ഞു.ചെറിയ ട്രാഫിക് അപകടങ്ങളുടെ 1,875 റിപ്പോർട്ടുകൾ, അജ്ഞാതർക്കെതിരെ 788 റിപ്പോർട്ടുകൾ, 451 കാറുകളുടെ അറ്റകുറ്റപ്പണി, 170 പോലീസ് സർവീസ് റിപ്പോർട്ടുകൾ, 1,345 കണ്ടെത്തിയ വസ്തുക്കൾ എന്നിവ ഇതിലൂടെ റിപ്പോർട്ട് ചെയ്യപ്പെട്ടു. കണ്ടെത്തിയവ അവയുടെ ഉടമകൾക്ക് തിരികെ നൽകി. സേവനത്തിൽ നിന്ന് എങ്ങനെ പ്രയോജനം നേടാം എന്നതിനെക്കുറിച്ച് 35 സ്ഥാപനങ്ങൾ പരിശീലനം നടത്തി. മൊത്തം 10,726 ട്രെയിനികൾ പദ്ധതിയിലുണ്ട്.