Uae
ദുബൈ പോലീസ് മയക്കുമരുന്നിന് സമാനമായ 16 സിന്തറ്റിക് മരുന്നുകൾ കണ്ടെത്തി
2023-ൽ 58,344 പരീശോധന അഭ്യർഥനകൾ ലഭിച്ചിരുന്നു
ദുബൈ | കഴിഞ്ഞ വർഷം വിപുലമായ പരീക്ഷണങ്ങളിലൂടെയും ഗവേഷണത്തിലൂടെയും ലബോറട്ടറി വിശകലനങ്ങളിലൂടെയും ദുബൈ പോലീസ് മയക്കുമരുന്നിന് സമാനമായ 16 സിന്തറ്റിക് മരുന്നുകൾ കണ്ടെത്തിയതായി ഫോറൻസിക് എവിഡൻസ് ആൻഡ് ക്രിമിനോളജി ജനറൽ ഡിപ്പാർട്ട്മെന്റ‌് ഡയറക്ടർ മേജർ ജനറൽ അഹ്്മദ് താനി ബിൻ ഗലിത അൽ മുഹൈരി വെളിപ്പെടുത്തി. 2023-ൽ 58,344 പരീശോധന അഭ്യർഥനകൾ ലഭിച്ചിരുന്നു.
സിന്തറ്റിക് മരുന്നുകൾ മയക്കുമരുന്നിന് സമാനമാണ്. എന്നാൽ രാസഘടനയിൽ ചെറിയ മാറ്റം വരുത്തിയാണ് ഇറക്കുമതിക്ക് അനുമതി നേടുന്നത്. അത്തരം വസ്തുക്കളുടെ ഇറക്കുമതി നിയന്ത്രണങ്ങളിൽ നിന്ന് മറികടക്കാൻ മയക്കു മരുന്ന് കടത്തുകാർ ശ്രമിക്കും. ഇത് ക്രിമിനൽ പ്രവർത്തനമാണ്. അധികാരികൾക്ക് റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ സൂക്ഷ്മ പരിശോധന ആവശ്യമാണ്. “ഏകദേശം രണ്ട് ശതമാനം അഭ്യർഥനകൾ മറ്റ് എമിറേറ്റുകളിൽ നിന്നാണ് വരുന്നത്.’
ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്മെന്റിലെ മുതിർന്ന ഉദ്യോഗസ്ഥരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ദുബൈ പോലീസിൽ ജനിതക ഗവേഷണ കേന്ദ്രം സ്ഥാപിച്ചതിനെക്കുറിച്ചും അതിന്റെ വിജയത്തെക്കുറിച്ചും ദുബൈ പോലീസിലെ പ്രമുഖ വിദഗ്ധനും ജനിതകശാസ്ത്ര അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. മുഹമ്മദ് അലി അൽ മർറി സംസാരിച്ചു.
“കഴിഞ്ഞ വർഷം, ക്രിമിനൽ എവിഡൻസ് ആൻഡ് ക്രിമിനോളജി ജനറൽ ഡിപ്പാർട്ട്മെന്റിൽ ഞങ്ങൾ സെന്റർ ഫോർ ജെനോമിക് റിസർച്ച് സ്ഥാപിച്ചു. കുറ്റകൃത്യ അന്വേഷണ മേഖലയിലെ ഏറ്റവും പുതിയ ഗവേഷണത്തെ അടിസ്ഥാനമാക്കിയാണ് ഈ സ്ഥാപനം. ഈ മേഖലയിൽ ഡി എൻ എ ജനിതക തിരിച്ചറിയൽ പ്രയോഗിക്കുന്ന ആദ്യ അറബ് സംഘടനയാണിത്.’ അദ്ദേഹം പറഞ്ഞു.
ജനറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിമിനോളജിക്കുള്ളിൽ സെന്റർ ഫോർ ജെനോമിക് റിസർച്ച് സ്ഥാപിച്ചപ്പോൾ ഫോറൻസിക് അന്വേഷണത്തിൽ വലിയ മാറ്റമുണ്ടായി. ഡോ. അൽ മർറിപറഞ്ഞു. “മനുഷ്യന്റെയും മനുഷ്യേതര സാമ്പിളുകളുടെയും പൂർണമായ ജീനോമിക് ഡാറ്റ പഠിക്കാൻ ഞങ്ങൾക്ക് ഇപ്പോൾ കഴിയും. ഇത് വ്യക്തികളെ തിരിച്ചറിയാനും വിവിധ ജൈവ വസ്തുക്കളുടെ ഉത്ഭവം കണ്ടെത്താനുമുള്ള ഞങ്ങളുടെ കഴിവിനെ വളരെയധികം വർധിപ്പിച്ചു.
സെന്റർ സ്ഥാപിച്ചത് ഇൻസ്റ്റിറ്റ്യൂട്ടിനെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.