Uae
2030 ഓടെ ദുബൈ ലോകത്തെ മികച്ച നഗരമാകണം
വികസന ഗവേഷണ പദ്ധതികള്‍ക്ക് 75 കോടി ദിര്‍ഹം
ദുബൈ| 2033ഓടെ ലോകത്തെ മികച്ച നഗരമായി എമിറേറ്റിനെ സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടുള്ള ദുബൈ റിസര്‍ച്ച്, ഡെവലപ്മെന്റ്, ഇന്നൊവേഷന്‍ പ്രോഗ്രാമിന്റെ അടുത്ത ഘട്ടത്തിനായി ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം 75 കോടി ദിര്‍ഹത്തിന്റെ ബജറ്റിന് അംഗീകാരം നല്‍കി. നവീകരണം, വികസനം, സുസ്ഥിരത, ആരോഗ്യ പ്രതിരോധം, ഭാവി സന്നദ്ധത എന്നിവയില്‍ ഗവേഷണാത്മകമായ സമീപനം കൈക്കൊള്ളണം. ആധുനികതയില്‍ ആഗോള കേന്ദ്രമെന്ന നിലയില്‍ എമിറേറ്റിന്റെ പദവി ഉയരണം.
ദുബൈയുടെ വിജ്ഞാനാധിഷ്ഠിതവും സാങ്കേതിക വിദ്യാധിഷ്ഠിതവുമായ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകണം. അതിന്റെ ആഗോള മത്സരക്ഷമത വര്‍ധിപ്പിക്കണം. ഇതിനാണ് തുക ചെലവ് ചെയ്യുക. ദുബൈയെ മികച്ച പ്രതിഭകളുടെ ആഗോള ലക്ഷ്യസ്ഥാനമായി സ്ഥാപിക്കും. ശൈഖ് ഹംദാന്‍ പറഞ്ഞു. ദുബൈ റെസിലിയന്‍സ് ആസൂത്രണത്തിനും ശൈഖ് ഹംദാന്‍ അംഗീകാരം നല്‍കി. സന്നദ്ധത, പ്രതികരണശേഷി, പ്രതിരോധശേഷി എന്നിവക്കായി ഒരു ആഗോള മാനദണ്ഡം സ്ഥാപിക്കുക എന്നതാണ് ലക്ഷ്യം.
‘വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ലോകത്ത്, പ്രതിരോധശേഷി ഒരു സുപ്രധാന കാര്യമാണ്. കൊവിഡ് -19 പ്രതിസന്ധിയോട് ദുബൈ ഫലപ്രദമായി പ്രതികരിച്ചു. അതിന്റെ തയ്യാറെടുപ്പും കഴിവുകളും പ്രതിഫലിച്ചു. ഭാവിയിലെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതില്‍ ആഗോള നേതൃത്വത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. സാമൂഹിക വികസനം, ഉറച്ച സമ്പദ്വ്യവസ്ഥ, അടിസ്ഥാന സൗകര്യ വികസനം, ഭരണം എന്നിവയുള്‍പ്പെടെ എല്ലാ മേഖലകളിലും ആഗോള നിലവാരം ഉണ്ടാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഭക്ഷ്യസുരക്ഷാ ആസൂത്രണത്തിനും യോഗത്തില്‍ അംഗീകാരം ലഭിച്ചു. ഈ സംരംഭം സുസ്ഥിരതക്ക് മുന്‍ഗണന നല്‍കും. നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചു ഉല്‍പ്പാദനം പ്രാദേശികവല്‍ക്കരിക്കും. വിശ്വസനീയമായ ഭക്ഷ്യ വിതരണം ശൃംഖല ലക്ഷ്യമിടുന്നു.
ക്രിമിനല്‍ ജഡ്ജ്മെന്റ് ഇംപ്ലിമെന്റെഷന്‍ സിസ്റ്റത്തിനും യോഗത്തില്‍ അംഗീകാരം ലഭിച്ചു. ഇത് നീതിന്യായ നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനും വേഗത്തിലാക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പാണ്. ദുബൈ ഫ്യൂച്ചര്‍ ഫൗണ്ടേഷന്റെ മേല്‍നോട്ടത്തിലായിരിക്കും ദുബൈ റിസര്‍ച്ച്, ഡവലപ്മെന്റ്, ഇന്നൊവേഷന്‍ പ്രോഗ്രാം. ഇവയുടെ ഫലപ്രാപ്തി 2033-ഓടെ, ദുബൈ ജിഡിപിയിലേക്ക് പ്രതിവര്‍ഷം 2000 കോടി ദിര്‍ഹം സംഭാവന ചെയ്യും. 120,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. 600 നൂതന സ്റ്റാര്‍ട്ടപ്പുകള്‍ സ്ഥാപിക്കുന്നതിന് പിന്തുണ നല്‍കും.