Uae
ദുബൈ; നിർമിത ബുദ്ധി സേവനദാതാക്കൾക്ക് പ്രത്യേക സീൽ സാക്ഷ്യപത്രം
പ്രധാന പദ്ധതികള്‍ക്കായി യു എ ഇ, ദുബൈ സര്‍ക്കാരുകളുമായി പങ്കാളിത്തം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ എ ഐ സീല്‍-സര്‍ട്ടിഫൈഡ് ആയിരിക്കണം.
ദുബൈ | നിര്‍മിത ബുദ്ധി സേവന ദാതാക്കളായ സ്ഥാപനങ്ങള്‍ക്ക് ദുബൈ പ്രത്യേക സീല്‍ അവതരിപ്പിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ) കമ്പനികളെ സാക്ഷ്യപ്പെടുത്തുന്നതിനായാണ് പ്രത്യേക സീല്‍ അവതരിപ്പിച്ചത്.
എല്ലാ ദുബൈ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഔദ്യോഗികമായി ഈ സീല്‍ അംഗീകരിക്കും. എ ഐ പരിഹാരങ്ങള്‍ക്കായി ബിസിനസ്സുകള്‍ക്കു ആശ്രയിക്കാവുന്ന കമ്പനികളുടെ ഒരു ശൃംഖല സ്ഥാപിക്കുന്നതിന്റെ ആദ്യ പടിയാണിത്. പ്രധാന പദ്ധതികള്‍ക്കായി യു എ ഇ, ദുബൈ സര്‍ക്കാരുകളുമായി പങ്കാളിത്തം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ എ ഐ സീല്‍-സര്‍ട്ടിഫൈഡ് ആയിരിക്കണം.
എ ഐ യുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളോ സേവനങ്ങളോ നല്‍കുന്ന ദുബൈയില്‍ ലൈസന്‍സുള്ള എല്ലാ സാങ്കേതിക കമ്പനികള്‍ക്കും https://dub.ai/en/ai-seal-2/എന്ന വിലാസത്തില്‍ സൗജന്യമായി അപേക്ഷിക്കാം. എന്നിരുന്നാലും, സീല്‍ ഒരു ബിസിനസ്സ് ലൈസന്‍സല്ല. ദുബൈയില്‍ പ്രവര്‍ത്തിക്കാന്‍ ഉണ്ടായിരിക്കേണ്ട മാനദണ്ഡമല്ല.
സ്വീകര്‍ത്താവിന് ലഭിക്കുന്ന സാമ്പത്തിക നിലവാരത്തെ പ്രതിഫലിപ്പിക്കുന്ന ആറ് ശ്രേണികളിലാണ് ഈ സീലുകള്‍. ഇ, ഡി, സി, ബി, എ, എസ് എന്നിവയാണ് ശ്രേണികള്‍. ഇതില്‍ എസ് ഏറ്റവും ഉയര്‍ന്ന സ്വാധീനത്തെ സൂചിപ്പിക്കുന്നു. കമ്പനികളുടെ പ്രവര്‍ത്തനങ്ങളുടെയും സേവനങ്ങളുടെയും സ്വഭാവം, എ ഐയില്‍ വൈദഗ്ദ്ധ്യം നേടിയ ജീവനക്കാരുടെ എണ്ണം, നിലവിലുള്ളതും ഭാവിയിലുള്ളതുമായ പദ്ധതികള്‍, പൊതു,സ്വകാര്യ മേഖലകളിലെ പങ്കാളിത്തം എന്നിവ കണക്കിലെടുക്കും.
സാക്ഷ്യപ്പെടുത്തിയ കമ്പനികള്‍ക്ക് ഒരു സവിശേഷ സീരിയല്‍ നമ്പറും വര്‍ഗീകരണവും ലഭിക്കും.ദുബൈ എ ഐ സീല്‍ വെബ്‌സൈറ്റിലെ സീരിയല്‍ നമ്പര്‍ പരിശോധിച്ചുകൊണ്ട്, ഒരു എ ഐ സേവന വിതരണക്കാരന്‍ എന്ന നിലയില്‍ സ്ഥാപനങ്ങള്‍ക്ക് ബിസിനസ്സ് സ്ഥിരീകരിക്കാന്‍ കഴിയും.കമ്പനികള്‍ക്ക് അവരുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും പ്രമോഷണല്‍ കാമ്പെയ്‌നുകളിലും സീല്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയും. ദുബൈ സെന്റര്‍ ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അനുസരിച്ച്, ഈ സംരംഭം പ്രശസ്തമായ എ ഐ കമ്പനികളിലുള്ള വിശ്വാസം പ്രോത്സാഹിപ്പിക്കും. ഫ്യൂച്ചര്‍ ഫൗണ്ടേഷന്റെ സി ഇ ഒ ഖല്‍ഫാന്‍ ബില്‍ഹൂല്‍ പറഞ്ഞു.