Connect with us

Uae

ദുബൈ; ഏറ്റവും നീളം കൂടിയ പര്‍വത പാത ഹത്തയില്‍ പൂര്‍ത്തിയായി

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് ഹത്ത മൗണ്ടന്‍ ട്രയല്‍സ് പദ്ധതി വികസിപ്പിച്ചത്.

Published

|

Last Updated

ദുബൈ | യു എ ഇയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പര്‍വത പാതകളുടെ വികസനം ഹത്തയില്‍ ദുബൈ മുനിസിപ്പാലിറ്റി പൂര്‍ത്തിയാക്കി. 53 കി മീ നീളത്തിലുള്ള പാതയില്‍ 21 സൈക്ലിംഗ് റൂട്ടുകള്‍, 33 കി. മീറ്ററില്‍ 17 നടപ്പാത, ഒമ്പത് തടി പാലങ്ങള്‍, 14 വിശ്രമ സ്റ്റോപ്പുകള്‍, സേവന സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. പാറക്കെട്ടുകള്‍, പര്‍വതപ്രദേശങ്ങള്‍, ദുര്‍ഘടമായ കൊടുമുടികള്‍, താഴ് വരകള്‍ എന്നിവയുള്‍പ്പെടെ വിവിധ ഭൂപ്രകൃതികളിലൂടെയും പ്രകൃതിദൃശ്യങ്ങളിലൂടെയുമാണ് ഹത്ത പര്‍വത പാതകള്‍ കടന്നുപോകുന്നത്.

ഹത്തയെ മേഖലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായി സ്ഥാപിക്കുന്നതിനായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലൊന്നായ ഹത്ത മൗണ്ടന്‍ ട്രയല്‍സിന്റെ ഭാഗമാണ് വികസനം. പാതകളെ നാല് കളര്‍ കോഡ് ചെയ്ത് വേര്‍തിരിച്ചിട്ടുണ്ട്. പച്ച ട്രാക്കില്‍ സൈക്ലിംഗിന് നാല് ട്രാക്കുകളും നടക്കാന്‍ നാല് ട്രാക്കുകളും ഉള്‍പ്പെടും. നീല പാതയില്‍ സൈക്ലിംഗിനായി ആറ് ട്രാക്കുകളും നടത്തത്തിന് മൂന്ന് ട്രാക്കുകളും ഉണ്ട്. ചുവപ്പില്‍ സൈക്ലിംഗിന് എട്ട് ട്രാക്കുകളും നടത്തത്തിന് ആറ് ട്രാക്കുകളും കറുപ്പില്‍ സൈക്ലിംഗിന് മൂന്ന് പാതകളും നടക്കാന്‍ നാലെണ്ണവും ഉണ്ട്.

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് ഹത്ത മൗണ്ടന്‍ ട്രയല്‍സ് പദ്ധതി വികസിപ്പിച്ചതെന്ന് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹജ്രി പറഞ്ഞു. ഹത്ത പ്രദേശത്തെ താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കുമായി ഒരു പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായി സ്ഥാപിക്കുന്ന സംരംഭങ്ങള്‍ നടപ്പിലാക്കും. അന്താരാഷ്ട്ര പരിപാടികള്‍ക്കും മത്സരങ്ങള്‍ക്കും ആതിഥേയത്വം വഹിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഹത്ത മൗണ്ടന്‍ ട്രെയ്്‌ലുകള്‍ ഏറ്റവും ഉയര്‍ന്ന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നു. ഹത്തയിലെ ടൂറിസം വര്‍ധിപ്പിക്കുന്നതിന് പൊതു സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും അല്‍ ഹജ്രി കൂട്ടിച്ചേര്‍ത്തു.

കാര്‍ പാര്‍ക്കിംഗ്, ടോയ്്‌ലറ്റുകള്‍, ബൈക്ക് വാടകക്ക് നല്‍കല്‍, റിപ്പയര്‍ സേവനങ്ങള്‍, കൂടാതെ പിക്‌നിക്, ഇന്ധനം നിറക്കുന്ന സ്ഥലങ്ങള്‍, യാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ കഴിയുന്ന വിശ്രമകേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ വിപുലമായ സൗകര്യങ്ങളും സേവനങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഹത്ത മൗണ്ടന്‍ ട്രയല്‍സ്.

പദ്ധതിയുടെ ആദ്യ ഘട്ടം പത്ത് മാസത്തെ റെക്കോര്‍ഡ് സമയത്തിനുള്ളിലാണ് മുനിസിപ്പാലിറ്റി പൂര്‍ത്തിയാക്കിയത്. ഹൈക്കിംഗ്, മൗണ്ടന്‍ ബൈക്ക് പാതകളുടെ വിപുലീകരണവും അറ്റകുറ്റപ്പണികളും ഇതില്‍ ഉള്‍പ്പെടുന്നു. നിലവിലുള്ള എല്ലാ പാലങ്ങളുടെയും സമഗ്രമായ അറ്റകുറ്റപ്പണികള്‍ നടത്തി.രണ്ടാം ഘട്ടത്തില്‍ പാതകളിലും മറ്റ് സ്ഥലങ്ങളിലും വിശ്രമ സ്റ്റോപ്പുകളും സേവന സൗകര്യങ്ങളും നിര്‍മിച്ചു. സൈക്കിള്‍ യാത്രക്കാരെ സുരക്ഷിതക്കാന്‍ 176 സൈന്‍പോസ്റ്റുകളും 650 ദിശാസൂചനകളും സ്ഥാപിക്കുകയും ചെയ്തു.