Connect with us

Uae

ദുബൈ ലോകത്തിന്റെ വിമാനത്താവളം

കഴിഞ്ഞ പത്ത് വർഷത്തിനിടെ, ദുബൈ രാജ്യാന്താര വിമാനത്താവളം 70 കോടിയിലധികം യാത്രക്കാരെ സ്വാഗതം ചെയ്തു.

Published

|

Last Updated

ദുബൈ| ദുബൈ ലോകത്തിന്റെ തന്നെ വിമാനത്താവളമെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം. കഴിഞ്ഞ ദശകത്തിൽ ലോകത്തിലെ ഏറ്റവും വലിയ രാജ്യാന്തര വിമാനത്താവളമായി പ്രഖ്യാപിക്കപ്പെട്ട പശ്ചാത്തലത്തിലാണ് പ്രതികരണം. “കഴിഞ്ഞ പത്ത് വർഷത്തിനിടെ, ദുബൈ രാജ്യാന്താര വിമാനത്താവളം 70 കോടിയിലധികം യാത്രക്കാരെ സ്വാഗതം ചെയ്തു. എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ കണക്കനുസരിച്ചാണിത്.

33 ലക്ഷം വിമാന സർവീസുകളുള്ള ഏറ്റവും തിരക്കേറിയ വിമാനത്താവളമായി.’ ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. “ലോകത്തിന്റെ വിമാനത്താവളവും വ്യോമയാന മേഖലയിൽ ഒരു പുതിയ ലോകവുമാണ് ദുബൈ. അത്യാധുനിക സൗകര്യങ്ങളുള്ള വിമാനത്താവളമാണിത്. കഴിഞ്ഞ വർഷം മാത്രം 9.2 കോടി യാത്രക്കാരെ സ്വാഗതം ചെയ്തു. 106 എയർലൈനുകൾ 440,000 വിമാന സർവീസുകൾ നടത്തി. 107 രാജ്യങ്ങളിലെ 272 നഗരങ്ങളിലേക്ക് വിമാന സർവീസുകൾ നടന്നു.
ഡി എക്‌സ് ബിക്ക് പുറമേ, ദുബൈയിൽ അൽ മക്തൂം രാജ്യാന്തര വിമാനത്താവളവും ഉണ്ട്. ഇത് 2010ൽ ചരക്ക് നീക്കങ്ങൾക്കായി തുറന്നു. 2013 മുതൽ പാസഞ്ചർ വിമാനങ്ങളെത്തി.

അൽ മക്തൂം വിമാനത്താവളത്തിൽ ഒരു പുതിയ ടെർമിനൽ വരുന്നതോടെ ദുബൈ വ്യോമയാന മേഖല കൂടുതൽ വികസിക്കും. ലോകത്തിലെ വലിയ വിമാനത്താവളമായി മാറും. 12,800 കോടി ദിർഹം ചെലവ് കണക്കാക്കുന്ന ഈ വിപുലീകരണത്തിൽ അഞ്ച് സമാന്തര റൺവേകൾ വരും. കൂടാതെ 70 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ 400 വിമാന ഗേറ്റുകളും ഉണ്ടാകും. അടുത്ത പത്ത് വർഷത്തിനുള്ളിൽ, വ്യോമയാന മേഖല പുനർനിർമിക്കുന്നതിനാണ് 12,800 കോടി ദിർഹം. ശൈഖ് മുഹമ്മദ് പറഞ്ഞു.

കഴിഞ്ഞ വർഷം ഏപ്രിലിൽ ഭരണാധികാരി പുതിയ പാസഞ്ചർ ടെർമിനലിന്റെ ഡിസൈനുകൾ അംഗീകരിച്ചിരുന്നു. നിർമാണം ഉടൻ ആരംഭിക്കും. പൂർത്തിയാകുമ്പോൾ, അൽ മക്തൂം വിമാനത്താവളത്തിന് നിലവിലെ ദുബൈ രാജ്യാന്തര വിമാനത്താവളത്തിന്റെ അഞ്ചിരട്ടി വലുപ്പമുണ്ടാകും. ഡി എക്‌സ് ബിയിൽ നിന്നുള്ള എല്ലാ പ്രവർത്തനങ്ങളും ക്രമേണ അൽ മക്തൂം വിമാനത്താവളത്തിലേക്ക് മാറ്റും.

എണ്ണത്തിൽ ഡി എക്‌സ് ബി

2024-ൽ ദുബൈ രാജ്യാന്തര വിമാനത്താവളം 9.23 കോടി അതിഥികളെ സ്വാഗതം ചെയ്തു. 2018-ൽ ഇത് 8.9 കോടി ആയിരുന്നു. എക്കാലത്തെയും ഉയർന്ന നിരക്കിനെ കഴിഞ്ഞ വർഷം മറികടന്നു. 2024-ൽ 8.12 കോടി ബാഗുകൾ കൈകാര്യം ചെയ്ത് അവിശ്വസനീയമായ ഒരു നാഴികക്കല്ല് കൈവരിച്ചു. അതേസമയം വ്യവസായത്തിലെ മുൻനിര വിജയ നിരക്ക് 99.45 ശതമാനം നിലനിർത്തി. അതായത്, 1,000 അതിഥികൾക്ക് തെറ്റായി കൈകാര്യം ചെയ്ത 5.5 ബാഗുകൾ മാത്രമേയുള്ളൂ. 6.9 ബാഗുകൾ / 1000 അതിഥികൾ എന്ന രാജ്യാന്തര നിലവാരത്തെ ഇത് മറികടക്കുന്നു. അതിഥികളുടെ എണ്ണത്തിൽ വൻ വർധന ഉണ്ടായിട്ടും 98.2 ശതമാനം അതിഥികൾ ഡിപ്പാർച്ചർ പാസ്പോർട്ട് കൺട്രോളിൽ പത്ത് മിനിറ്റിൽ താഴെയും 99.2 ശതമാനം അതിഥികൾ സുരക്ഷാ പരിശോധനയിൽ അഞ്ച് മിനിറ്റിൽ താഴെയുമാണ് കാത്തിരുന്നത്.

2024-ൽ ഇത് 22 ലക്ഷം ടൺ കാർഗോ കൈകാര്യം ചെയ്തു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20.5 ശതമാനം വർധനവാണിത്.  2024-ൽ എല്ലാ വിമാന നീക്കങ്ങളുടെയും എണ്ണം 5.7 ശതമാനം വർധിച്ച് 440,300 ആയി. 78.1 ലോഡ് ഫാക്ടറുമായി, വർഷത്തിൽ 0.3 ശതമാനം വളർച്ച.

 

 

---- facebook comment plugin here -----

Latest