Uae
സ്വകാര്യ ജെറ്റ് വിമാനങ്ങളുടെ കേന്ദ്രമായി ദുബൈ മാറും
വര്‍ഷാവസാനത്തോടെ സ്വകാര്യ ജെറ്റ് ഗതാഗതം 18,000 വിമാനങ്ങളില്‍ എത്തുമെന്ന് കണ്ടാണിത്.
ദുബൈ| സ്വകാര്യ ജെറ്റ് വിമാനങ്ങള്‍ക്കുള്ള മുഹമ്മദ് ബിന്‍ റാശിദ് എയ്‌റോസ്‌പേസ് ഹബ്ബില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നു. വര്‍ഷാവസാനത്തോടെ സ്വകാര്യ ജെറ്റ് ഗതാഗതം 18,000 വിമാനങ്ങളില്‍ എത്തുമെന്ന് കണ്ടാണിത്. യു എ ഇ ആഗോള സ്വകാര്യ വ്യോമയാന കേന്ദ്രമായി മാറാന്‍ ശ്രമിക്കുകയാണ്. അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി ജനറല്‍ സിവില്‍ ഏവിയേഷന്‍ ഫാല്‍ക്കണ്‍ ടെക്‌നിക്കിന് അംഗീകാരം നല്‍കിയിരുന്നു.
ഫാല്‍ക്കണ്‍ ടെക്‌നിക്കിന്റെ 13,705 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള പുതിയ എം ആര്‍ ഒ സൗകര്യം, എയര്‍ബസ് എ380 പോലുള്ള വലിയ മോഡലുകള്‍ ഉള്‍പ്പെടെ വിവിധ വിമാനങ്ങള്‍ക്ക് സേവനം നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു. അത്യാധുനിക സാങ്കേതികവിദ്യ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വി ഐ പി വിമാനങ്ങള്‍ക്കും ഓപറേറ്റര്‍മാര്‍ക്കും അനുയോജ്യമായ സേവനങ്ങളും ഈ സൗകര്യം വാഗ്ദാനം ചെയ്യുന്നു. സ്വകാര്യ ലോഞ്ചുകള്‍, നൂതന പണിശാലകള്‍, ഇന്‍-ഹൗസ് ഡിസൈന്‍ സ്റ്റുഡിയോ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
അംഗീകാരങ്ങള്‍ വികസിപ്പിക്കുന്നതിനൊപ്പം, ഇന്റീരിയര്‍, വീലുകള്‍, ബ്രേക്കുകള്‍, ബാറ്ററികള്‍, വിമാന പെയിന്റിംഗ് എന്നിവക്കായുള്ള പ്രത്യേക കേന്ദ്രങ്ങളുണ്ട്. ഫാല്‍ക്കണ്‍ ലക്‌സിന്റെ ഫ്‌ലീറ്റിനും മൂന്നാം കക്ഷി ഓപറേറ്റര്‍മാര്‍ക്കും സമഗ്രമായ പരിഹാരങ്ങള്‍ നല്‍കാന്‍ ഈ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്നു. കൂടാതെ ബോംബാര്‍ഡിയര്‍ ചലഞ്ചേഴ്‌സ്, എംബ്രേയേഴ്‌സ്, ഫാല്‍ക്കണ്‍ 2,000 എക്‌സ് ഈസി മോഡലുകള്‍ എന്നിവയുള്‍പ്പെടെയുള്ള അധിക വിമാന തരങ്ങള്‍ക്ക് കൂടുതല്‍ അംഗീകാരങ്ങള്‍ നല്‍കാനും പദ്ധതിയുണ്ട്. 2025ഓടെ സി എ ആര്‍ 145 ബേസ് മെയിന്റനന്‍സ് അംഗീകാരവും ഈസപാര്‍ട് 145 സര്‍ട്ടിഫിക്കേഷനും കമ്പനി തേടുകയാണ്.
‘നൂതന സേവനങ്ങള്‍ നല്‍കുന്നതിനും വ്യോമയാന മികവിനുമുള്ള കേന്ദ്രമെന്ന നിലയില്‍ യു എ ഇയുടെ പങ്ക് ശക്തിപ്പെടുത്തുന്നതിന് ഞങ്ങളുടെ സമര്‍പ്പണത്തെ ഈ അത്യാധുനിക അടിസ്ഥാന സൗകര്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നു.’ മുഹമ്മദ് ബിന്‍ റാശിദ് എയ്‌റോസ്‌പേസ് ഹബ്ബിന്റെ സി ഇ ഒ തഹ്്‌നൂന്‍ സൈഫ് പറഞ്ഞു.