Uae
ദുബൈ; വാഹന ഉടമസ്ഥാവകാശത്തിൽ നിയന്ത്രണം കൊണ്ടുവരും
ദുബൈ - ഷാർജ റൂട്ടിലെ ഗതാഗത പ്രശ്നം പരിഹരിക്കുക ലക്ഷ്യം

ദുബൈ | വാഹന ഉടമസ്ഥാവകാശത്തിൽ നിയന്ത്രണം കൊണ്ടുവരുമെന്ന് യു എ ഇ ഊർജ, അടിസ്ഥാന സൗകര്യ മന്ത്രി സുഹൈൽ അൽ മസ്റൂഇ അറിയിച്ചു. ദുബൈയിൽ വാഹനപ്പെരുപ്പം എട്ട് ശതമാനം കവിഞ്ഞു. ആഗോളതലത്തിൽ രണ്ട് ശതമാനമാണ്.ഈ കുതിച്ചുചാട്ടം അസാധാരണമാണ്.വാഹന ഉടമസ്ഥതയെയും രജിസ്‌ട്രേഷനെയും ചുറ്റിപ്പറ്റിയുള്ള നയങ്ങളും നിയമനിർമാണവും മാറ്റിയെഴുതേണ്ടതുണ്ട്.
“യു എ ഇ സർക്കാരിന്റെ വാർഷിക യോഗങ്ങളിൽ ഈ വിഷയം ഉൾപ്പെടുത്തിയിരുന്നു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായുള്ള ഏകോപനം വർധിപ്പിക്കണമെന്ന് മന്ത്രാലയം അഭ്യർഥിച്ചിട്ടുണ്ട്.’ പ്രശ്‌നം ആഴത്തിൽ പഠിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു സംഘത്തെ മന്ത്രാലയം നയിക്കുന്നു.
സമഗ്ര പദ്ധതി വികസിപ്പിക്കുന്നതിന് പ്രാദേശിക സ്ഥാപനങ്ങളുമായി അടുത്ത് പ്രവർത്തിക്കുന്നു. നിരവധി സാധ്യമായ പരിഹാരങ്ങൾ മന്ത്രാലയം ഇതിനകം മന്ത്രിസഭക്ക് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്.
ദുബൈയെ മറ്റ് എമിറേറ്റുകളുമായി ബന്ധിപ്പിക്കുന്ന റോഡ് ഇടനാഴികളുടെ മെച്ചപ്പെടുത്തലുകൾ, പുതിയ റോഡുകളുടെ വികസനം, രാജ്യത്തുടനീളമുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ മികച്ച സംയോജനം, പുതിയ പൊതുഗതാഗത രീതികൾ അവതരിപ്പിക്കൽ എന്നിവ നിർദിഷ്ട നടപടികളിൽ ഉൾപ്പെടുന്നു.
ദുബൈക്കും ഷാർജക്കും ഇടയിൽ വർധിച്ചുവരുന്ന ഗതാഗതക്കുരുക്കിനെക്കുറിച്ച് എഫ് എൻ സി അംഗം അദ്നാൻ അൽ ഹമ്മാദി ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അൽ മസ്റൂഇ.
ദുബൈയിൽ പ്രതിദിനം പ്രവേശിക്കുന്ന കാറുകളുടെ എണ്ണം 12 ലക്ഷമാണ്. ഒന്നര വർഷം മുമ്പ് ഇത് 850,000 ആയിരുന്നു.ദുബൈ ട്രാഫിക് ആൻഡ് ലൈസൻസിംഗ് വകുപ്പ് പ്രതിദിനം ഏകദേശം 4,000 പുതിയ ഡ്രൈവിംഗ് ലൈസൻസുകൾ നൽകുന്നു.