Connect with us

Ongoing News

2040-ഓടെ ദുബൈ മെട്രോ, ട്രാം സ്റ്റേഷനുകളുടെ എണ്ണം ഇരട്ടിയാക്കും

1,800 കോടി ദിര്‍ഹം പദ്ധതിയില്‍ 14 സ്റ്റേഷനുകള്‍ പുതുതായി നിര്‍മിക്കും.

Published

|

Last Updated

ദുബൈ| പൊതുഗതാഗത വികസനത്തിന്റെ ഭാഗമായി 2040-ഓടെ ദുബൈ മെട്രോ, ട്രാം സ്റ്റേഷനുകളുടെ എണ്ണം ഇരട്ടിയാക്കാനുള്ള പദ്ധതി ഞായറാഴ്ച ആരംഭിച്ചു. ദുബൈ മെട്രോ ബ്ലൂ ലൈനിന്റെ പ്രവൃത്തി ഈ വര്‍ഷം ആരംഭിക്കുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ മതാര്‍ അല്‍ തായര്‍ അറിയിച്ചു. നഗരത്തിന്റെ വടക്ക്-കിഴക്ക് 1,800 കോടി ദിര്‍ഹം പദ്ധതിയില്‍ 14 സ്റ്റേഷനുകള്‍ പുതുതായി നിര്‍മിക്കും.

മെട്രോ ശൃംഖലയിലേക്ക് 30 കിലോമീറ്ററാണ് ചേര്‍ക്കപ്പെടുക. പകുതിയിലേറെയും ഭൂഗര്‍ഭ സ്റ്റേഷനുകളാകും. ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും ദുബൈ ഫസ്റ്റ് ഡെപ്യൂട്ടി ഭരണാധികാരിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അധ്യക്ഷത വഹിച്ച യോഗത്തില്‍ പദ്ധതിക്ക് അംഗീകാരം നല്‍കി.

ദുബൈയില്‍ നിലവില്‍ 55 മെട്രോ സ്റ്റേഷനുകളുണ്ട്. റെഡ് ലൈനില്‍ 35ഉം ഗ്രീന്‍ ലൈനില്‍ 20ഉം. കൂടാതെ 11 ട്രാം സ്റ്റേഷനുകളുമുണ്ട്. 2030 ഓടെ 140 കിലോമീറ്റര്‍ ദൈര്‍ഘ്യ പാതയില്‍ 96 സ്റ്റേഷനുകളാകും. ’20 മിനിറ്റ് നഗരം’ എന്ന എമിറേറ്റിന്റെ കാഴ്ചപ്പാടിനെ പിന്തുണക്കുന്നതിനായി ദുബൈ മെട്രോ സ്റ്റേഷനുകള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങള്‍ വികസിപ്പിക്കും. പൊതു ഗതാഗതത്തിന്റെ വിഹിതം 45 ശതമാനമായി വര്‍ധിപ്പിക്കുക, കാര്‍ബണ്‍ ബഹിര്‍ഗമനം പ്രതിശീര്‍ഷം 16 ടണ്ണായി കുറക്കുക, നടത്തം പ്രോത്സാഹിപ്പിക്കുക, പൊതു ഇടങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, തണലുള്ള പ്രദേശങ്ങള്‍ വര്‍ധിപ്പിക്കുക എന്നീ കാഴ്ചപ്പാടുകള്‍ക്ക് അനുസൃതമായാണ് പദ്ധതി.

മെട്രോക്ക് ചുറ്റുമുള്ള താമസ, വാണിജ്യ കേന്ദ്രങ്ങള്‍ക്ക് വികസനം ഗുണകരമാകും. ഓഫീസ്, സര്‍വീസ് ഇടങ്ങളുടെ എണ്ണം വര്‍ധിക്കും. കഴിഞ്ഞ വര്‍ഷം മാസ് ട്രാന്‍സിറ്റ്, ഷെയര്‍ ട്രാന്‍സ്‌പോര്‍ട്ട്, ടാക്‌സി എന്നിവ ഉപയോഗിക്കുന്നവരുടെ എണ്ണം 37 ശതമാനമായിരുന്നു. ദുബൈ മെട്രോ, ട്രാം, ബസുകള്‍, മറൈന്‍ ട്രാന്‍സ്പോര്‍ട്ട്, ടാക്‌സികള്‍ എന്നിവയുള്‍പ്പടെ പൊതുഗതാഗതത്തിന്റെയും ഷെയര്‍ മൊബിലിറ്റിയുടെയും സംയോജിത യാത്രക്കാരുടെ എണ്ണം 70.2 കോടിയിലെത്തിയിട്ടുണ്ട്. 2022ലെ 62.1 കോടിയില്‍ നിന്ന് 13 ശതമാനം വര്‍ധിച്ചു.

പൂര്‍ത്തിയാകുമ്പോള്‍, ബ്ലൂ ലൈന്‍ ദുബൈയിലെ അഞ്ച് പ്രധാന നഗര പ്രദേശങ്ങളെ ബന്ധിപ്പിക്കും. ബര്‍ ദുബൈ, ദേര, ഡൗണ്‍ടൗണ്‍ ആന്‍ഡ് ബിസിനസ് ബേ, ദുബൈ സിലിക്കണ്‍ ഒയാസിസ്, ദുബൈ മറീന, ജെ ബി ആര്‍, എക്സ്പോ സിറ്റി എന്നിവ ബന്ധിപ്പിക്കും. ദുബൈ മെട്രോയുടെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് 2029-ല്‍ പദ്ധതി പൂര്‍ത്തിയാകും.

 

 

 

Latest