Uae
ദുബൈ വേള്‍ഡ് കപ്പ്: ചാമ്പ്യന്‍ പട്ടം ഖത്വരി കുതിര 'ഹിറ്റ് ഷോ' നേടി
ലോകത്തിലെ ഏറ്റവും മികച്ച കുതിരകളുടെ ഗംഭീര പ്രകടനമാണ് ട്രാക്കില്‍ നടന്നത്.

ദുബൈ | ഹോഴ്‌സ് റേസിംഗിന്റെ ചരിത്രത്തിലേക്ക് മറ്റൊരു അധ്യായം ചേര്‍ത്ത് ഫ്‌ളോറന്റ് ഗെറോക്‌സ് ഓടിച്ച ഖത്വരി കുതിര ഹിറ്റ് ഷോ 12 മില്യണ്‍ ഡോളര്‍ വിലയുള്ള ദുബൈ വേള്‍ഡ് കപ്പ് നേടി. ബ്രാഡ് കോക്‌സ് പരിശീലനം നേടിയ കോള്‍ട്ട് കുതിര ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചത്. അവസാന ലാപ്പില്‍ മിക്സ്റ്റോയെ മറികടന്നാണ് എമിറേറ്റ്‌സ് എയര്‍ലൈന്‍ സ്പോണ്‍സര്‍ ചെയ്ത കിരീടം ചൂടിയത്.
ലോംഗൈന്‍സ് ദുബൈ ശീമ ക്ലാസിക് കിരീടം ജാപ്പനീസ് കുതിര ഡാനോണ്‍ ഡെസൈലി നേടി. 60 ലക്ഷം യു എസ് ഡോളര്‍ സമ്മാനത്തുകയുള്ളതാണിത്. 20 ലക്ഷം യു എസ് ഡോളര്‍ സമ്മാനത്തുകയുള്ള ദുബൈ ഗോള്‍ഡന്‍ ശഹീന്‍ കിരീടത്തിന് ഇമാറാത്തി കുതിര ഡാര്‍ക്ക് സെവെറോണ്‍ അര്‍ഹമായി. ദുബൈ ടര്‍ഫില്‍ മത്സരത്തില്‍ ജാപ്പനീസ് കുതിരയായ സോള്‍ റഷ് വിജയിച്ചു. 50 ലക്ഷം യു എസ് ഡോളറാണ് സമ്മാനത്തുക. യു എ ഇ ഡെര്‍ബി ഓട്ടത്തില്‍ ജാപ്പനീസ് കുതിര അഡ്മയര്‍ ഡേറ്റോണ വിജയിച്ചു. 10 ലക്ഷം യു എസ് ഡോളറാണ് സമ്മാനത്തുക. ആകെ മൂന്ന് കോടിയിലധികം സമ്മാനത്തുകയുള്ള അഭിമാനകരമായ ദുബൈ വേള്‍ഡ് കപ്പിന്റെ 29-ാമത് പതിപ്പാണ് മെയ്ദാന്‍ റേസ്‌കോഴ്സില്‍ ഇന്നലെ നടന്നത്.
വേള്‍ഡ് കപ്പില്‍ ഒമ്പത് മത്സരങ്ങള്‍ നടന്നു. ഇതില്‍ എമിറേറ്റ്സ് എയര്‍ലൈന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 1.2 കോടി ഡോളര്‍ സമ്മാനത്തുകയുള്ള ദുബൈ വേള്‍ഡ് കപ്പാണ് മത്സരത്തിലെ പ്രധാന ആകര്‍ഷണം. 12ലേറെ രാജ്യങ്ങള്‍ ഇതില്‍ പങ്കെടുത്തു. ലോകത്തിലെ ഏറ്റവും മികച്ച കുതിരകളുടെ ഗംഭീര പ്രകടനമാണ് ട്രാക്കില്‍ നടന്നത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വേദിയിലെത്തിയിരുന്നു.
ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, യു എ ഇ ധനകാര്യ മന്ത്രിയും ദുബൈ ഡെപ്യൂട്ടി ഭരണാധികാരിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം എന്നിവരും പങ്കെടുത്തു. കുതിരപ്പന്തയ വ്യവസായത്തില്‍ ദുബൈയുടെ പെരുമ ആഗോളതലത്തില്‍ ഉയര്‍ത്തുന്ന പ്രധാന മത്സരമാണ് ലോകകപ്പ്. എല്ലാ വര്‍ഷവും നടക്കുന്ന മത്സരത്തില്‍ വ്യവസായ നേതാക്കള്‍, കുതിര ഉടമകള്‍, ബ്രീഡര്‍മാര്‍ എന്നിവരാണ് പങ്കെടുക്കുന്നത്. മുന്‍നിര ആഗോള കായിക കേന്ദ്രമെന്ന നിലയില്‍ ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതായിരുന്നു മത്സരം.