Connect with us

National

400 കോടിയോളം കുടിശ്ശിക; ഹരിയാനയില്‍ 600 ആശുപത്രികള്‍ ആയുഷ് ഇന്‍ഷ്വറന്‍സ് നിര്‍ത്തി

സ്വകാര്യ ആശുപത്രികള്‍ നിരവധി മാസങ്ങളായി റീഇംബേഴ്സ്മെന്റിനായി കാത്തിരിക്കുകയാണെന്ന് ഐഎംഎ ഹരിയാനയുടെ പ്രസിഡന്റ് മഹാവീര്‍ ജെയിന്‍ പറഞ്ഞു

Published

|

Last Updated

ചണ്ഡിഗഡ്  | കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതികളില്‍ ഒന്നായ ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന ഇന്‍ഷ്വറന്‍സ് പദ്ധതി നിര്‍ത്തിവച്ച് ഹരിയാനയിലെ 600ഓളം ആശുപത്രികള്‍. ഫെബ്രുവരി 3 മുതല്‍ ഹരിയാനയിലെ 600-ലധികം സ്വകാര്യ ആശുപത്രികള്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം രോഗികളെ ചികിത്സിക്കുന്നത് നിര്‍ത്തുമെന്ന് സംസ്ഥാന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) പ്രഖ്യാപിച്ചു. ചികിത്സാ ഇനത്തില്‍ 400 കോടി രൂപയോളം കുടിശ്ശിക ആയതോടെയാണ് ഈ തീരുമാനം.

നിലവില്‍ ഹരിയാനയിലെ ഏകദേശം 1,300 ആശുപത്രികളില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതിയുണ്ട്. അതില്‍ 600 എണ്ണം സ്വകാര്യ മേഖലയിലാണ്. ഇവര്‍ക്ക് മാത്രമാണ് 400 കോടിയോളം കുടിശ്ശികയായത്.

സ്വകാര്യ ആശുപത്രികള്‍ നിരവധി മാസങ്ങളായി റീഇംബേഴ്സ്മെന്റിനായി കാത്തിരിക്കുകയാണെന്ന് ഐഎംഎ ഹരിയാനയുടെ പ്രസിഡന്റ് മഹാവീര്‍ ജെയിന്‍ പറഞ്ഞു. ‘ആവശ്യമായ ഫണ്ടില്ലാതെ ആശുപത്രികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഏകദേശം 400 കോടി രൂപ ഇപ്പോഴും കുടിശ്ശികയുണ്ട്, ഈ ബില്ലുകള്‍ ആശുപത്രികള്‍ ഇതിനകം തന്നെ കിഴിവ് ചെയ്തിട്ടുണ്ട്. അടിസ്ഥാന പേയ്മെന്റുകള്‍ ലഭിച്ചില്ലെങ്കില്‍ അവര്‍ക്ക് എങ്ങനെ തുടരാനാകും? അദ്ദേഹം ചോദിച്ചു.
രാജ്യത്തെ താഴ്ന്ന വരുമാനക്കാര്‍ക്ക് സൗജന്യമായി ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്നതാണ് ആയുഷ് പദ്ധതി. സാധാരണയായി രോഗികളെ ചികിത്സിച്ച ശേഷം ആശുപത്രികള്‍ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി റീഇംബേഴ്സ്മെന്റ് അപേക്ഷിക്കുകയും തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ വഴി ഫണ്ടുകള്‍ നല്‍കുകയുമാണ് ചെയ്യാറ്. എന്നാല്‍ പലയിടത്തും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം പണം നല്‍കുന്നില്ല എന്ന പരാതിയുണ്ട്. ഇതാണ് ആശുപത്രികള്‍ക്ക് പണംകിട്ടാന്‍ വൈകുന്നത്.

 

Latest