Connect with us

Kerala

ദഫ് മുട്ടിൽ ഹമീദ് ഖൽഫയുടെ കൈയൊപ്പ്

മക്രേരി തൈപ്പറമ്പത്ത് വീട്ടിൽ എൻ ഹമീദ് എന്ന ഹമീദ് ഖൽഫ ഈ രംഗത്തെത്തിയിട്ട് നാല് പതിറ്റാണ്ടിലേറെയായി. റാത്തീബിന് നേതൃത്വം നൽകുന്നതോടൊപ്പം ഇതിനു വേണ്ട ദഫ് തയാറാക്കുന്നതും ഹമീദ് ഖൽഫ തന്നെ

Published

|

Last Updated

ചക്കരക്കൽ | റബീഉൽ അവ്വൽ ആഗതമായതോടെ ഹമീദ് ഖൽഫക്ക് വിശ്രമമില്ല. ഇനിയുള്ള മൂന്ന് മാസം ജില്ലയിലെ മിക്കയിടത്തും നടക്കുന്ന ദഫ് റാത്തീബിന് ഹമീദ് ഖൽഫയുടെ കൈയൊപ്പ് പതിയും.

മക്രേരി തൈപ്പറമ്പത്ത് വീട്ടിൽ എൻ ഹമീദ് എന്ന ഹമീദ് ഖൽഫ ഈ രംഗത്തെത്തിയിട്ട് നാല് പതിറ്റാണ്ടിലേറെയായി. റാത്തീബിന് നേതൃത്വം നൽകുന്നതോടൊപ്പം ഇതിനു വേണ്ട ദഫ് തയാറാക്കുന്നതും ഹമീദ് ഖൽഫ തന്നെ. പരേതനായ അഹ്്മദ് ഖൽഫയിൽ നിന്നാണ് ദഫ് നിർമിക്കാനുള്ള പ്രചോദനം ലഭിച്ചത്. ചെറുപ്പം മുതൽ തന്നെ സൂക്ഷ്മമായി ഓരോ ഘട്ടവും നോക്കി മനസ്സിലാക്കിയാണ് ഈ രംഗത്ത് വന്നത്.

ആട്ടിൻ തോലാണ് ദഫ് ഉണ്ടാക്കാൻ വേണ്ടി ഉപയോഗിക്കുന്നത്. ആദ്യം ചുണ്ണാമ്പിൽ ഊറക്കിടുകയാണ് ചെയ്യുന്നത്. മൂന്ന് ദിവസം കഴിഞ്ഞാൽ ഇതെടുത്ത് വൃത്തിയാക്കും. വെയിലിലിട്ടു ഉണക്കിയ ശേഷം പാകത്തിൽ മുറിച്ചെടുത്ത് നേരത്തെ തയാറാക്കിയ മരത്തിന്റെ കുറ്റിയിൽ ചുറ്റിക്കെട്ടും. അപ്പോഴേക്കും ഏതാണ്ട് പത്ത് ദിവസമെങ്കിലുമെടുക്കും. ചുണ്ണാമ്പിൽ ഇടുന്നത് കൊണ്ട് അണുമുക്തമാകുകയും ചെയ്യും. ഇത്‌കൊണ്ട് തന്നെ യാതൊരു ദുർഗന്ധം ഉണ്ടാകില്ലെന്ന് മാത്രമല്ല എത്ര വർഷം കഴിഞ്ഞാലും ദ്രവിക്കുകയുമില്ല.റബീഉൽ അവ്വൽ മാസം മുതൽ സീസൺ തുടങ്ങുകയാണെന്ന് ഹമീദ് ഖൽഫ പറയുന്നു.

തുടർന്നുള്ള ജീലാനി, രിഫാഈ ആണ്ട് മാസങ്ങളിൽ മിക്കവാറും ഇടങ്ങളിൽ റാത്തീബ് ഉണ്ടാകും. വിവിധ വലിപ്പത്തിലാണ് ദഫ് ഉണ്ടാക്കുന്നത്. പ്ലാവിൽ തീർത്ത കുറ്റിയിലെ ദഫിന് 2,000 മുതൽ 2,500 വരെയാണ് വില. മഹാഗണിക്ക് 1,500 മുതൽ 1,800 വരെയും. പുറമെ പിച്ചളയിൽ ഫ്രെയിം തീർക്കുന്നതിന് 500 രൂപ അധികം വരും. ആവശ്യക്കാർക്ക് ദഫ് വാടകക്കും നൽകും. മക്രേരി, പെരളശ്ശേരി, കാടാച്ചിറ, ആഡൂർ, ചേലേരി, മീത്തലെ പീടിക എന്നിവിടങ്ങളിലെ ദഫ് സംഘത്തിൽ ഹമീദ് ഖൽഫയുണ്ട്. പാരമ്പര്യരീതിയിൽ കൊണ്ടു നടക്കുന്ന ഈ ചര്യയെ അതേപടി നില നിർത്തുകയാണ് ഹമീദ് ഖൽഫ. 9495837166 നന്പറിൽ അദ്ദേഹത്തെ വിളിക്കാം.

Latest