Editorial
കോടതികളുടെ ഇരട്ടത്താപ്പ്
ഡല്‍ഹി പോലീസിന്റെ നിലപാടും സമീപനവും നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുന്നതാണെന്ന് കോടതികള്‍ക്കു തന്നെ ബോധ്യപ്പെട്ടിട്ടും എന്തുകൊണ്ടാണ് സി എ എ വിരുദ്ധ പ്രക്ഷോഭകരുടെ ജാമ്യ ഹരജിയില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിലും വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കി കേസുകള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കുന്നതിലും കോടതികള്‍ കടുത്ത അലംഭാവം കാണിക്കുന്നത്.
കോടതികളില്‍ വേഗത്തിലുള്ള വിചാരണ ആര്‍ക്കും ചോദ്യം ചെയ്യാനാകാത്ത അവകാശമാണെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ഊന്നിപ്പറയുകയുണ്ടായി. ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയക്ക് ജാമ്യം അനുവദിച്ചാണ് കോടതി ഈ പരാമര്‍ശം നടത്തിയത്. ഒരാള്‍ കുറ്റക്കാരനെന്നു തീര്‍പ്പ് കല്‍പ്പിക്കുന്നതിനു മുമ്പുള്ള നീണ്ട കാലയളവ് തടവ്, വിചാരണ കൂടാതെയുള്ള തടവുശിക്ഷയായി മാറുന്നതായി ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, കെ വി വിശ്വനാഥ് എന്നിവരടങ്ങുന്ന ബഞ്ച് ആശങ്ക പ്രകടിപ്പിച്ചു. ജാമ്യം അനുവദിച്ചാല്‍ പ്രതി തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന് സി ബി ഐക്കും ഇ ഡിക്കും വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എതിര്‍വാദമുന്നയിച്ചപ്പോള്‍, സിസോദിയക്കെതിരായ തെളിവുകള്‍ ഇതിനകം പിടിച്ചെടുത്ത രേഖാമൂലമുള്ള തെളിവുകളെ ആശ്രയിച്ചായതിനാല്‍ തെളിവുകള്‍ നശിപ്പിക്കുമെന്ന ആശങ്കക്ക് അടിസ്ഥാനമില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം. സാക്ഷികളെ സ്വാധീനിക്കുമെന്ന സന്ദേഹം കര്‍ശന വ്യവസ്ഥകള്‍ ചുമത്തി പരിഹരിക്കാനാകുമെന്നും കോടതി വ്യക്തമാക്കി.
കേസുകളില്‍ വിചാരണ നീട്ടിക്കൊണ്ടുപോയി കുറ്റാരോപിതരെ വര്‍ഷങ്ങളോളം ജയിലില്‍ തളച്ചിടുകയും ജാമ്യംനിഷേധിക്കുകയും ചെയ്യുന്ന പ്രവണതയെ നേരത്തേയും പലപ്പോഴായി വിമര്‍ശിച്ചിട്ടുണ്ട് സുപ്രീം കോടതി. ഒരു മാസം മുമ്പാണ് ജാവേദ് ഗുലാംനബി ആസാദിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകുന്നതിനെ ജസ്റ്റിസ് ജെ ബി പര്‍ദിവാലയും ജസ്റ്റിസ് ഉജ്ജല്‍ ഭയാനും അടങ്ങിയ കോടതിബഞ്ച് വിമര്‍ശിച്ചത്. അതേസമയം, പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ ജയിലില്‍ അടക്കപ്പെട്ട തടവുകാരുടെ കാര്യത്തില്‍ സുപ്രീം കോടതിയും ഹൈക്കോടതിയും ഈ വേവലാതി പ്രകടിപ്പിക്കുന്നില്ലെന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. സി എ എ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ 2020 ഫെബ്രുവരി 26ന് അറസ്റ്റിലായ ഖാലിദ് സെയ്ഫി ഇപ്പോഴും ജയിലിലാണ്. ഇതുവരെയും കോടതി ജാമ്യം അനുവദിച്ചിട്ടില്ല. 2022 മെയിൽ ഡല്‍ഹി ഹൈക്കോടതി ലിസ്റ്റ് ചെയ്ത അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തീര്‍പ്പാകാതെ കോടതിയില്‍ കെട്ടിക്കിടക്കുകയാണ്. രണ്ട് ബഞ്ചുകള്‍ ഈ ജാമ്യാപേക്ഷയില്‍ വാദം കേട്ടെങ്കിലും വിധി പ്രസ്താവിച്ചില്ല.
സി എ എ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് യു എ പി എ പ്രകാരം കേസെടുത്ത് 2020 ഏപ്രിലില്‍ അറസ്റ്റ് ചെയ്ത വ്യക്തിയാണ് ഗുല്‍ഫിശ ഫാത്വിമ. ഇതേ കേസില്‍ അറസ്റ്റിലായ ദേവാംഗന കലിത, നടാഷ നര്‍വാള്‍, ആസിഫ് ഇബ്‌റാഹീം തല്‍ഫ എന്നിവര്‍ക്ക് 2021 ജൂണില്‍ ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ഇവര്‍ ജാമ്യത്തിലിറങ്ങുകയും ചെയ്‌തെങ്കിലും ഗുല്‍ഫിശ ഫാത്വിമ ഇപ്പോഴും ജയിലില്‍ തുടരുന്നു. ജാമ്യത്തിലിറങ്ങിയ മൂന്ന് പേര്‍ക്കുമുള്ള പങ്കിന് സമാനമായ പങ്ക് മാത്രമേ കേസില്‍ ഗുള്‍ഫിശ ഫാത്വിമക്കുമുള്ളൂ. 2022 മെയ് ഒന്നിന് കോടതി ലിസ്റ്റ് ചെയ്ത ഫാത്വിമയുടെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി വാദം കേള്‍ക്കാനായി ലിസ്റ്റ് ചെയ്തത് 65 തവണയാണ്. എന്നിട്ടും കോടതി ഇന്നോളം വാദം കേട്ട് തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ല. ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യനീതിക്ക് കടകവിരുദ്ധമല്ലേ ഹൈക്കോടതിയുടെ ഈ സമീപനം?
ജുഡീഷ്യറിയുടെ നിരുത്തരവാദപരമായ ഈ സമീപനത്തെയും ഇരട്ടത്താപ്പിനെയും ചോദ്യം ചെയ്ത് “ക്യാമ്പയിന്‍ ഫോര്‍ ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ആന്‍ഡ് റിഫോംസ്’ (സി ജെ എ ആര്‍) രംഗത്തു വരികയുണ്ടായി കഴിഞ്ഞ ദിവസം. സര്‍ക്കാറുമായി വിയോജിപ്പുള്ളവരുടെയും രാഷ്ട്രീയമായി എതിര്‍ ചേരിയിലുള്ളവരുടെയും ജാമ്യ നടപടികളിലാണ് കാലതാമസം നേരിടുന്നതെന്ന് ചൂണ്ടിക്കാട്ടിയ സി ജെ എ ആര്‍, ജുഡീഷ്യല്‍ കാലതാമസം തടവുകാരുടെ സ്വാതന്ത്ര്യ നിഷേധമുള്‍പ്പെടെ കടുത്ത അനീതിക്ക് ഇടയാക്കുന്നതായി കുറ്റപ്പെടുത്തുന്നു. ഈ കടുത്ത അനീതി മനസ്സിലാക്കി സി എ എ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനെ ചൊല്ലി തടവില്‍ കഴിയുന്നവരുടെയെല്ലാം ജാമ്യാപേക്ഷകളിലെ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
സി എ എ വിരുദ്ധ പ്രക്ഷോഭത്തെ, വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അരങ്ങേറിയ കലാപവുമായി കൂട്ടിക്കെട്ടി രാജ്യദ്രോഹ കുറ്റമാക്കിയാണ് ഡല്‍ഹി പോലീസ് കേസെടുത്തത്. തീര്‍ത്തും വ്യത്യസ്തമാണ് ഇവ രണ്ടും. സമാധാനപരമായിരുന്നു സി എ എ വിരുദ്ധ പ്രക്ഷോഭം. ഈ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ഹിന്ദുത്വ ഫാസിസം ആവിഷ്‌കരിച്ചു നടപ്പാക്കിയതാണ് ഡല്‍ഹി കലാപം. ഇവ രണ്ടും ഒരേ രീതിയില്‍ കൈകാര്യം ചെയ്തത് നീതീകരിക്കാവതല്ലെന്ന് ഡല്‍ഹി ഹൈക്കോടതി നേരത്തേ ഡല്‍ഹി പോലീസിനെ ഉണര്‍ത്തിയിട്ടുണ്ട്. “പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടനാപരമാണ്. അത് രാജ്യദ്രോഹ പ്രവര്‍ത്തനമല്ല. വിമത ശബ്ദങ്ങള്‍ അടിച്ചമര്‍ത്താനുള്ള വ്യഗ്രതയാണ് സമാധാനപരമായ പ്രതിഷേധങ്ങളെ രാജ്യദ്രോഹക്കുറ്റമായി കാണാന്‍ ഇടയാക്കുന്നതെ’ന്ന് ഡല്‍ഹി കോടതി നേരത്തേ ഓര്‍മപ്പെടുത്തിയിരുന്നു. ഡല്‍ഹി കലാപ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത ചില സി എ എ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് ജാമ്യം അനുവദിച്ചു കൊണ്ടുളള വിധിപ്രസ്താവത്തിലാണ് കോടതി ഇങ്ങനെ പറഞ്ഞത്. സി എ എ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് എഫ് ഐ ആറുകള്‍ തയ്യാറാക്കുന്നത് തൊട്ട് പോലീസിന് പിഴവ് സംഭവിച്ചതായും കോടതി കുറ്റപ്പെടുത്തി. ഡല്‍ഹി പോലീസിന്റെ നിലപാടും സമീപനവും നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുന്നതാണെന്ന് കോടതികള്‍ക്കു തന്നെ ബോധ്യപ്പെട്ടിട്ടും എന്തുകൊണ്ടാണ് സി എ എ വിരുദ്ധ പ്രക്ഷോഭകരുടെ ജാമ്യ ഹരജിയില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിലും വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കി കേസുകള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കുന്നതിലും കോടതികള്‍ കടുത്ത അലംഭാവം കാണിക്കുന്നത്. വ്യക്തികളുടെ മൗലികാവകാശങ്ങളുടെ കടുത്ത ലംഘനമല്ലേ ഇത്?