Connect with us

al durra oil field

ദുറ എണ്ണപ്പാടം: ഇറാൻ അവകാശവാദം ശക്തമാക്കുന്നു

ദുറ എണ്ണപ്പാടത്ത് ഇറാന് യാതൊരു അവകാശവും ഇല്ലെന്ന് കുവൈത്ത് നേരത്തേ അസന്ദിഗ്ധമായി പ്രഖ്യാപിച്ചിരുന്നു.

Published

|

Last Updated

കുവൈത്ത് സിറ്റി | അൽ ദുറ എണ്ണപ്പാടവുമായി ബന്ധപ്പെട്ട അവകാശവാദം വീണ്ടും ശക്തമാക്കി ഇറാൻ. ദുറ എണ്ണപ്പാട മേഖലയിൽ തന്റെ രാജ്യത്തിന് അവകാശങ്ങളുണ്ടെന്നും എതിർ  കക്ഷികൾ സഹകരിക്കാൻ വിസമ്മതിക്കുന്ന സാഹചര്യത്തിൽ അത് നേടിയെടുക്കാൻ ശ്രമിക്കുമെന്നും ഇറാനിയൻ എണ്ണ മന്ത്രി ജവാദ് ഓജി പറഞ്ഞു. കുവൈത്ത് ഉപ പ്രധാനമന്ത്രിയും എണ്ണ, സാമ്പത്തിക കാര്യ മന്ത്രിയുമായ ഡോ. സഅദ് അൽ ബറാകിന്റെ പ്രസ്താവനക്ക് മറുപടിയായാണ് ഇറാനിയൻ എണ്ണ മന്ത്രിയുടെ പ്രതികരണം.

ദുറ എണ്ണപ്പാടത്ത് എണ്ണ പര്യവേക്ഷണവും ഉത്പാദനവും ഉടൻ ആരംഭിക്കുമെന്നും ഇതിനായി  ഇറാനുമായുള്ള അതിർത്തി നിർണയത്തിന് കാത്തുനിൽക്കില്ലെന്നുമായിരുന്നു കുവൈത്ത്  ഉപ പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന. ദുറ എണ്ണപ്പാടത്ത് ഇറാന് യാതൊരു അവകാശവും ഇല്ലെന്ന് കുവൈത്ത് നേരത്തേ അസന്ദിഗ്ധമായി പ്രഖ്യാപിച്ചിരുന്നു. സമാന രീതിയിൽ സഊദി അറേബ്യയും പ്രഖ്യാപനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ്  പ്രദേശത്ത് തങ്ങൾ ഉത്പാദനം ആരംഭിക്കുമെന്ന് കുവൈത്ത് പ്രഖ്യാപിച്ചത്.

കുവൈത്ത് സമുദ്രാതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ദുറ എണ്ണപ്പാടവുമായി ബന്ധപ്പെട്ട് കുവൈത്തിനെതിരെ ഇറാൻ മറ്റ് ആരോപണങ്ങളും നേരത്തേ ഉയർത്തിയിരുന്നു. അന്താരാഷ്ട്ര ബന്ധങ്ങളിൽ പാലിക്കേണ്ട അടിസ്ഥാന നിയമങ്ങൾക്ക് വിരുദ്ധമായ ഇത്തരം ആരോപണങ്ങൾ  ഉന്നയിക്കുന്നതിന് മുമ്പ് ആദ്യം അന്താരാഷ്ട്ര സമുദ്രാതിർത്തി നിർണയത്തിന് ഇറാൻ പ്രതിജ്ഞാബദ്ധരാകണമെന്നായിരുന്നു കുവൈത്ത് ഇറാനോട് ആവശ്യപ്പെട്ടിരുന്നത്.

ഇബ്രാഹിം വെണ്ണിയോട്
---- facebook comment plugin here -----

Latest