Connect with us

Kerala

റീല്‍സ് ചിത്രീകരണത്തിനിടെ നിയന്ത്രണം വിട്ട ബൈക്ക് ഓട്ടോറിക്ഷയില്‍ ഇടിച്ചു; ഓട്ടോ ഡ്രൈവര്‍ക്ക് പരുക്ക്

തിരുവല്ല കിഴക്കന്‍ മുത്തൂര്‍ നാലുവേലില്‍ വീട്ടില്‍ സണ്ണിക്കാണ് പരുക്കേറ്റത്.

Published

|

Last Updated

റീല്‍സ് ചിത്രീകരണത്തിനിടെ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി തകര്‍ന്ന ബൈക്ക്.

തിരുവല്ല | റീല്‍സ് ചിത്രീകരണത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ന്യൂജെന്‍ ബൈക്ക് ഓട്ടോറിക്ഷയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് പരുക്കേറ്റു. മുത്തൂര്‍ മനക്കച്ചിറ റോഡിലെ നാട്ടുകടവ് പാലത്തിന് സമീപം കൗമാര പ്രായക്കാരായ നാലുപേര്‍ നടത്തിയ റീല്‍സ് ചിത്രീകരണത്തിനിടെയായിരുന്നു അപകടം.

കിഴക്കന്‍ മുത്തൂര്‍ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായ തിരുവല്ല കിഴക്കന്‍ മുത്തൂര്‍ നാലുവേലില്‍ വീട്ടില്‍ സണ്ണിക്കാണ് പരുക്കേറ്റത്. ബൈക്ക് ഓടിച്ച കൊട്ടാരക്കര പവിത്രേശ്വരം സ്വദേശി ജഗന്നാഥന്‍ നമ്പൂതിരി (19), ബൈക്ക് ഉടമയും ജഗന്നാഥന്‍ നമ്പൂതിരിയുടെ സുഹൃത്തുമായ കല്ലുപ്പാറ സ്വദേശി കെ ആര്‍ രാഹുല്‍ (19) എന്നിവരെ നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞുവെച്ച് തിരുവല്ല പോലീസിന് കൈമാറി. അപകടമുണ്ടായയുടന്‍ സംഘാംഗങ്ങളായ രണ്ടുപേര്‍ ബൈക്കില്‍ രക്ഷപ്പെട്ടു.

നേര്‍ ദിശയിലുള്ള റോഡിലൂടെ പാഞ്ഞുവന്ന ബൈക്ക് ഓട്ടോറിക്ഷയ്ക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ തലകീഴായി മറിഞ്ഞു. അപകടത്തില്‍ പരുക്കേറ്റ സണ്ണി തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

അപകടത്തിനിടയാക്കിയ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. ഒരു വര്‍ഷം മുമ്പാണ് റോഡ് ഉന്നത നിലവാരത്തില്‍ പുനര്‍ നിര്‍മിച്ചത്. ഇതിനു ശേഷം രാപകല്‍ ഭേദമില്ലാതെ നാനാ ദിക്കുകളില്‍ നിന്നായി റീല്‍സ് എടുക്കുവാന്‍ ചെറുപ്പക്കാരടങ്ങുന്ന സംഘം എത്താറുള്ളതായും കാല്‍നട യാത്രക്കാര്‍ക്കടക്കം ഇക്കൂട്ടര്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും പ്രദേശവാസികള്‍ പറഞ്ഞു.

അപകടത്തെ തുടര്‍ന്ന് ഈ റോഡില്‍ റീല്‍സ് ചിത്രീകരിക്കാന്‍ എത്തുന്നവരെ കൈകാര്യം ചെയ്യുമെന്ന് കാട്ടി കിഴക്കന്‍ മുത്തൂരിലെ ഓട്ടോ തൊഴിലാളികള്‍ നാട്ടുകടവ് പാലത്തിന് സമീപം ബാനര്‍ സ്ഥാപിച്ചിട്ടുണ്ട്. പരാതിയില്ലെന്ന് പരുക്കേറ്റ സണ്ണി അറിയിച്ചതിനാല്‍ രക്ഷിതാക്കളെ വിളിച്ചുവരുത്തി പിടിയിലായ യുവാക്കളെ താക്കീത് നല്‍കി പോലീസ് വിട്ടയച്ചു.

 

---- facebook comment plugin here -----

Latest