anupama child missing case
ദത്ത് കേസ്; ആന്ധ്രയിലെ ദമ്പതികള്‍ കുഞ്ഞിനെ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി
അനുപമയുടെ കുഞ്ഞിനെ നാളെ തിരുവനന്തപുരത്ത് എത്തിക്കും
തിരുവനന്തപുരം | അനധികൃത ദത്ത് സംബന്ധിച്ച കേസില്‍ പരാതിക്കാരിയായ അനുപമ എസ് ചന്ദ്രന്റെ കുഞ്ഞിനെ ആന്ധ്രയിലെത്തി ഉദ്യോഗസ്ഥ സംഘം ഏറ്റെടുത്തു. ശിശുക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥര്‍ക്കാണ് ആന്ധ്രയിലെ ദമ്പതികള്‍ കുഞ്ഞിനെ കൈമാറിയത്. ഇന്ന് വൈകിട്ടോടെയാണ് ഉദ്യോഗസ്ഥര്‍ ആന്ധ്രയിലെ ദമ്പതികളുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കുഞ്ഞിനെ ഏറ്റെടുക്കുകയായിരുന്നു. സ്‌പെഷല്‍ ജുവനൈല്‍ പോലീസ് യൂണിറ്റ് ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ വനിത പോലീസ് ഉള്‍പ്പെട്ട സംഘവും സുരക്ഷ ഒരുക്കി ഉദ്യോഗസ്ഥര്‍ക്കൊപ്പമുണ്ടായിരുന്നു.നാളെ കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഡി എന്‍ എ പരിശോധന അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും കുഞ്ഞിനെ അനുപമക്ക് കൈമാറുകയെന്നാണ് റിപ്പോര്‍ട്ട്.
ദത്തിനു മുന്നോടിയായി താത്ക്കാലിക സംരക്ഷണത്തിന് ആന്ധ്രയിലെ ദമ്പതികള്‍ക്ക് കൈമാറിയ കുഞ്ഞിനെ അഞ്ച് ദിവസത്തിനകം തിരികെ എത്തിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കഴിഞ്ഞ 17ന് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആന്ധ്രയിലെത്തി ഉദ്യോഗസ്ഥ സംഘം കുഞ്ഞിനെ ഏറ്റെടുത്തത്.
ദത്തില്‍ വ്യക്തത വരുത്തണമെന്നും, താനറിയാതെയാണ് കുഞ്ഞിനെ ദത്ത് നല്‍കിയതെന്നുള്ള അനുപമയുടെ പരാതിയില്‍ വ്യക്തത വരുത്താന്‍ ആവശ്യമെങ്കില്‍ ഡി എന്‍ എ ടെസ്റ്റ് നടത്തണമെന്നും കോടതി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു.