International
ഡ്വെയിന്‍ ബ്രാവോ വിരമിക്കുന്നു
2012, 2016 വര്‍ഷങ്ങളില്‍ വിന്‍ഡീസ് ടി-20 ലോകകപ്പ് ജേതാക്കളാവുമ്പോള്‍ ബ്രാവോയും ടീമില്‍ ഉള്‍പ്പെട്ടിരുന്നു.
അബുദബി| വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയിന്‍ ബ്രാവോ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന അവസാന സൂപ്പര്‍ 12 മത്സരത്തിനു ശേഷം താരം പാഡഴിക്കും. ഇന്നലെ, ശ്രീലങ്കക്കെതിരായ മത്സരത്തിനു പിന്നാലെയാണ് ബ്രാവോ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. 2018ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ച 38കാരനായ താരം തൊട്ടടുത്ത വര്‍ഷം പ്രഖ്യാപനം പിന്‍വലിച്ചിരുന്നു.
90 രാജ്യാന്തര ടി-20 മത്സരങ്ങള്‍ കളിച്ച ബ്രാവോ 78 വിക്കറ്റും 1245 റണ്‍സും നേടിയിട്ടുണ്ട്. 2012, 2016 വര്‍ഷങ്ങളില്‍ വിന്‍ഡീസ് ടി-20 ലോകകപ്പ് ജേതാക്കളാവുമ്പോള്‍ ബ്രാവോയും ടീമില്‍ ഉള്‍പ്പെട്ടിരുന്നു.
20 റണ്‍സിനാണ് ഇന്നലെ ശ്രീലങ്ക വിന്‍ഡീസിനെ കീഴടക്കിയത്. ശ്രീലങ്ക മുന്നോട്ടുവച്ച 190 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. 81 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ഷിംറോണ്‍ ഹെട്മെയറാണ് വിന്‍ഡീസിന്റെ ടോപ്പ് സ്‌കോറര്‍. ഹെട്മെയറിനൊപ്പം നിക്കോളാസ് പൂരാന് (46) മാത്രമേ വിന്‍ഡീസ് നിരയില്‍ ഇരട്ടയക്കം കടക്കാനായുള്ളൂ. ശ്രീലങ്കക്കായി വനിന്ദു ഹസരങ്ക, ചമിക കരുണരത്‌നെ, ബിനുര ഫെര്‍ണാണ്ടോ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.