puthuppally byelection
പുതുപ്പള്ളിയിൽ കൊലയാളിയെ വെള്ളപൂശി താരപ്രചാരകനാക്കിയ കോൺഗ്രസിന് എന്ത് ധാർമികതയാണുള്ളതെന്ന് ഡി വൈ എഫ് ഐ
പുതുപ്പള്ളിയിൽ യു ഡി എഫ് പ്രചാരണം കൊലക്കേസ് പ്രതി നിഖിൽ പൈലി നിയന്ത്രിക്കുന്ന വിഷയത്തിൽ ചാണ്ടി ഉമ്മൻ മറുപടി പറയണമെന്നും ഡി വൈ എഫ് ഐ
തിരുവനന്തപുരം | പുതുപ്പള്ളി ഉപ തിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥിയുടെ പ്രചാരണത്തിന് കൊലയാളികളെ രംഗത്തിറക്കിയിരിക്കുകയാണെന്ന് ഡി വൈ എഫ് ഐ. ഒരു കൊലയാളിയെ വെള്ളപൂശി താരപ്രചാരകനാക്കി പുതുപ്പള്ളിയിൽ പ്രചാരണം നടത്തുന്നതിൽ എന്ത് ധാർമികതയാണ് കോൺഗ്രസ് മുന്നോട്ട് വെക്കുന്നത്. ഇടുക്കി ഗവ.എൻജിനീയറിംഗ് കോളജ് വിദ്യാർഥി ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ നിഖിൽ പൈലിയെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായി നിയമിക്കുകയും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുമതലപ്പെടുത്തുകയും ചെയ്തത് ഖേദകരമാണെന്നും ഡി വൈ എഫ് ഐ പ്രസ്താവനയിൽ പറഞ്ഞു.
നിഖിൽ പൈലിയെ മണ്ഡലത്തിലുടനീളം പ്രചാരണത്തിന് കൊണ്ടുനടക്കുന്ന യു ഡി എഫിന്റെ കാപട്യം ജനങ്ങൾ തിരിച്ചറിയണം. യു ഡി എഫ് സ്ഥാനാർഥി പോലും നിഖിൽ പൈലി പ്രചാരണം നടത്തുന്നതിനെ ന്യായീകരിച്ചു. കോൺഗ്രസ് അനുഭാവിയായിരുന്ന ധീരജിന്റെ പിതാവ് സ്വന്തം മകനെ കൊലപ്പെടുത്തിയ നിഖിൽ പൈലിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവന്നതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. കെ സുധാകരൻ തന്നെ നിഖിൽ പൈലിയെ ന്യായീകരിച്ചു മുന്നോട്ട് വന്നത് നാം കണ്ടതാണ്.
കൊലപാതകികൾക്ക് സംരക്ഷണവും ഒത്താശയും ചെയ്തു കൊടുക്കുന്ന യൂത്ത് കോൺഗ്രസിന്റെ സമീപനം മലപ്പുറം തുവ്വൂർ കൊലപാതകത്തിലും പ്രകടമാണ്. കൊലയാളിയെ വിശുദ്ധനാക്കുന്ന കോൺഗ്രസിന്റെ ഇത്തരത്തിലുള്ള അധമ രാഷ്ട്രീയത്തിന് കൂടി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലൂടെ പൊതുജനം ഉത്തരം നൽകുമെന്നും പുതുപ്പള്ളിയിൽ യു ഡി എഫ് പ്രചാരണം കൊലക്കേസ് പ്രതി നിഖിൽ പൈലി നിയന്ത്രിക്കുന്ന വിഷയത്തിൽ ചാണ്ടി ഉമ്മൻ മറുപടി പറയണമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, സംസ്ഥാന പ്രസിഡണ്ട് വി വസീഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഡി വൈ എഫ് ഐ സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബു, സംസ്ഥാന സെക്രട്ടറിയേറ്റംഗം ബി സുരേഷ് കുമാർ പങ്കെടുത്തു.
---- facebook comment plugin here -----