kafir screen shot case
കാഫിര്‍ സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചത് റിബേഷ് ആണെന്ന് തെളിയിച്ചാല്‍ 25 ലക്ഷം രൂപ ഇനാം നല്‍കാമെന്ന് ഡി വൈ എഫ് ഐ
ഡി വൈ എഫ് ഐ വടകര ബ്ലോക്ക് പ്രസിഡന്റാണ് റിബേഷ്
കോഴിക്കോട് | ലോകസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ കെ ശൈലജക്കെതിരെ പ്രചരിച്ച കാഫിര്‍ പരാമര്‍ശമുള്ള സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചത് ഡി വൈ എഫ് ഐ നേതാവ് റിബേഷ് ആണെന്ന് തെളിയിച്ചാല്‍ 25 ലക്ഷം രൂപ ഇനാം നല്‍കാമെന്ന് ഡി വൈ എഫ് ഐ വടകര ബ്ലോക്ക് കമ്മിറ്റിയുടെ പ്രഖ്യാപനം.
ഡി വൈ എഫ് ഐ വടകര ബ്ലോക്ക് പ്രസിഡന്റാണ് റിബേഷ്. സ്‌ക്രീന്‍ഷോട്ട് ആദ്യം ഷെയര്‍ ചെയ്തത് റിബേഷ് ആണെന്ന പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലെ പരാമര്‍ശം ഏറ്റെടുത്ത് റിബേഷാണ് സ്‌ക്രീന്‍ ഷോട്ട് നിര്‍മിച്ചതെന്ന ആരോപണവുമായി യു ഡി എഫ് രംഗത്തെത്തിയിരുന്നു. റിബേഷിന്റെ ഫോണ്‍ വിശദമായ പരിശോധനക്കായി പോലീസിന് കൈമാറിയിട്ടുണ്ട്.
കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന്റെ പേരില്‍ റിബേഷിനെതിരെ നടക്കുന്നത് വിദ്വേഷ പ്രചാരണമെന്ന് സംസ്ഥാന നേതൃത്വം അഭിപ്രായപ്പെട്ടിരുന്നു. അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന വിഷയത്തില്‍ മാധ്യമങ്ങളും ലീഗ്, കോണ്‍ഗ്രസ് നേതൃത്വവും അനാവശ്യമായി റിബേഷിനെ പ്രതിയാക്കുകയാണെന്നും സംസ്ഥാന പ്രസിഡന്റ് വി വസീഫും ജനറല്‍ സെക്രട്ടറി വി കെ സനോജും പറഞ്ഞു.
റിബേഷ് ഡി വൈ എഫ് ഐ നേതാവാണ്. അദ്ദേഹത്തിനുമേല്‍ സംഘടനക്ക് ഉത്തരവാദിത്തമുണ്ട്. ക്രൂശിക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. റിബേഷാണ് സ്‌ക്രീന്‍ഷോട്ട് ഉണ്ടാക്കിയതെന്ന് പോലീസ് പറഞ്ഞിട്ടില്ല. അന്വേഷണം പൂര്‍ത്തിയാവുമ്പോള്‍ ലീഗ്, കോണ്‍ഗ്രസ് നേതാക്കളുടെ പങ്ക് പുറത്തുവരുമെന്നും ഡി വൈ എഫ് ഐ നേതാക്കള്‍ പറഞ്ഞു.