Connect with us

ksrtc salary amendment

ഡയസ്‌നോൺ തള്ളി ജീവനക്കാർ; ജനം വലഞ്ഞു

ബാധിച്ചത് ഗ്രാമങ്ങളെയും ദീർഘദൂര യാത്രക്കാരെയും

Published

|

Last Updated

തിരുവനന്തപുരം | ഡയസ്‌നോൺ പ്രഖ്യാപനം തള്ളി കെ എസ് ആർ ടി സിയിൽ ഭരണ- പ്രതിപക്ഷ അനുകൂല യൂനിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്ക് ആദ്യദിനം പൂർണം. സർവീസ് പൂർണമായും മുടങ്ങിയതോടെ യാത്രാക്ലേശത്തിൽ ജനം വലഞ്ഞു. കെ എസ് ആർ ടി സിയെ കൂടുതൽ ആശ്രയിക്കുന്ന തെക്കൻ ജില്ലകളിലെ യാത്രക്കാരും ദീർഘദൂര യാത്രക്കാരുമാണ് പണിമുടക്കിൽ ദുരിതത്തിലായത്. ശമ്പള പരിഷ്‌കരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ തീരുമാനം വൈകുന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അനുകൂല സംഘടനയായ ടി ഡി എഫ് 48 മണിക്കൂറും ബി എം എസ് 24 മണിക്കൂറും ഭരണപക്ഷ അനുകൂല സംഘടനായ കെ എസ് ആർ ടി എംപ്ലോയീസ് അസ്സോസിയേഷൻ 24 മണിക്കൂറുമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. എ ഐ ടി യു സി പണിമുടക്ക് 48 മണിക്കൂറാക്കിയിട്ടുണ്ട്.

ഡയസ്‌നോൺ ബാധകമാക്കിയതിനാൽ ഇന്നലെയും ഇന്നും ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും. കെ എസ് ആർ ടി സി ബോണ്ട് സർവീസ് നടത്തുന്ന സെക്രട്ടേറിയറ്റ് ജീവനക്കാരിൽ പലർക്കും ജോലിക്കെത്താനായില്ല. അതേസമയം, നഗരങ്ങളിൽ പലയിടങ്ങളിലും പോലീസ് ബദൽ സംവിധാനം ഒരുക്കി. തലസ്ഥാനത്ത് തമ്പാനൂർ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ വന്നിറങ്ങുന്നവരെ പോലീസ് വാഹനങ്ങളിലും സമാന്തര വാഹനങ്ങളിലുമായി വിവിധ സ്ഥലങ്ങളിൽ എത്തിച്ചു. ഗ്രാമങ്ങളിലാണ് യാത്രാക്ലേശം രൂക്ഷമായത്. ജീവനക്കാർ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.

കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാത്ത സാഹചര്യത്തിൽ തൊഴിലാളി യൂനിയനുകളുടേത് കടുംപിടുത്തമാണെന്ന നിലപാടിലാണ് സർക്കാറും മാനേജ്‌മെന്റും. പണിമുടക്ക് ഒഴിവാക്കാൻ മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് അവശ്യ സർവീസ് നിയമമായ ഡയസ്‌നോൺ പ്രഖ്യാപിച്ചത്. ഇതര സർക്കാർ ജീവനക്കാർക്ക് ശമ്പള പരിഷ്‌കരണം നടത്തിയപ്പോൾ 2012ന് ശേഷം കെ എസ് ആർ ടി സിയിൽ ശമ്പളം പരിഷ്‌കരിച്ചിട്ടില്ലെന്നാണ് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നത്. ശമ്പള പരിഷ്‌കരണ കരാറിന്റെ കാലാവധി 2016 ഫെബ്രുവരിയിൽ അവസാനിച്ചതാണെന്നും അഞ്ച് വർഷം പിന്നിടുമ്പോഴും ശമ്പള പരിഷ്‌കരണം വാക്കിലൊതുങ്ങുകയാണെന്നും തൊഴിലാളി സംഘടനകൾ പറയുന്നു. അടിയന്തര തീരുമാനമെടുത്തില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് യൂനിയനുകളുടെ തീരുമാനം.

Latest