Kerala
ഇ ചലാന്‍; വ്യാജ വെബ്‌സൈറ്റുകള്‍ക്കെതിരെ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്
പിഴ അടയ്ക്കാന്‍ ഉപയോഗിക്കുന്ന ഔദ്യോഗിക വെബ്സൈറ്റുകള്‍ക്ക് സമാനമായി നിരവധി വെബ്സൈറ്റുകള്‍ ലഭ്യമാകുന്നതായി വ്യാപകമായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
തിരുവനന്തപുരം | ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ ഓണ്‍ലൈനായി അടയ്ക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്. ഇ- ചലാനുകളുടെ പിഴ അടയ്ക്കാന്‍ ഉപയോഗിക്കുന്ന ഔദ്യോഗിക വെബ്സൈറ്റുകള്‍ക്ക് സമാനമായി നിരവധി വെബ്സൈറ്റുകള്‍ ലഭ്യമാകുന്നതായി വ്യാപകമായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വ്യാജ വെബ്സൈറ്റുകളുടെ കെണിയില്‍ വീഴരുതെന്ന് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കിയത്.
‘പരിവാഹന്‍ സേവ ( PARIVAHAN SEWA) എന്ന പൊതുവായ സൈറ്റ് വഴിയോ https://echallan.parivahan.gov.in എന്ന ലിങ്ക് വഴിയോ ഇ -ചലാന്‍ നോട്ടീസില്‍ ലഭ്യമായിട്ടുള്ള QR കോഡ് സ്‌കാന്‍ ചെയ്തോ മാത്രം ഈ ചലാനുകളുടെ പിഴ അടക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. സമാനമായ പേരുകളിലുള്ള മറ്റ് സൈറ്റുകള്‍ മുഖാന്തിരം കബളിക്കപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ പാലിക്കുക.’- മോട്ടോര്‍ വാഹനവകുപ്പ് ഫേസ്ബുക്കില്‍ കുറിച്ചു.