Connect with us

Kerala

600 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജം; ഇനി അപ്പോയ്‌മെന്റെടുക്കൽ എളുപ്പം

ക്യൂ നില്‍ക്കാതെ ആശുപത്രി അപ്പോയ്‌മെന്റെടുക്കാം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ 600 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 16 മെഡിക്കല്‍ കോളേജുകളും അനുബന്ധ ആശുപത്രികളും കൂടാതെ 18 ജില്ല, ജനറല്‍ ആശുപത്രികള്‍, 22 താലൂക്ക് ആശുപത്രികള്‍, 27 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 453 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 49 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 10 സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, 2 പബ്ലിക് ഹെല്‍ത്ത് ലാബ്, 3 മറ്റ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ഇ ഹെല്‍ത്ത് നടപ്പിലാക്കിയത്. 130 ആരോഗ്യ കേന്ദ്രങ്ങളില്‍ കൂടി ഇ ഹെല്‍ത്ത് പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും 393 ആശുപത്രികളിലും ഇ ഹെല്‍ത്ത് സംവിധാനം സജ്ജമാക്കിയത് ഈ സര്‍ക്കാരിന്റെ കാലത്താണെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ മേഖലയില്‍ ഡിജിറ്റല്‍ ഹെല്‍ത്ത് നടപ്പിലാക്കുന്നതിനായി വലിയ പ്രയത്‌നമാണ് നടത്തി വരുന്നത്. ആരോഗ്യ സ്ഥാപനങ്ങളെ ആധുനികവത്ക്കരിക്കാന്‍ 7.85 കോടി രൂപയുടെ ഭരണാനുമതി അടുത്തിടെ നല്‍കിയിരുന്നു. ഇ ഹെല്‍ത്തിലൂടെ ഓണ്‍ലൈന്‍ ഒപി ടിക്കറ്റും പേപ്പര്‍ രഹിത ആശുപത്രി സേവനങ്ങളും യാഥാര്‍ത്ഥ്യമാക്കി.

ജീവിതശൈലീ രോഗനിര്‍ണയത്തിന് ശൈലീ ആപ്പ് ആവിഷ്‌ക്കരിച്ചു. ആര്‍ദ്രം ജനകീയ കാമ്പയിനിലൂടെ ഒന്നര കോടിയിലധികം പേരെ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തി. കാന്‍സര്‍ രോഗനിര്‍ണയത്തിനും കാന്‍സര്‍ ചികിത്സ ഏകോപിപ്പിക്കുന്നതിനും കാന്‍സര്‍ ഗ്രിഡ്, കാന്‍സര്‍ കെയര്‍ സ്യൂട്ട് നടപ്പിലാക്കി വരുന്നു. വിപുലമായ ഇ സഞ്ജീവനി സേവനങ്ങള്‍ ലഭ്യമാക്കി. ലാബ് റിസള്‍ട്ട് എസ്.എം.എസ്. ആയി ലഭിക്കുന്ന സംവിധാനം ലഭ്യമാക്കി. ഹൃദ്യം, ആശാധാര പദ്ധതികളുടെ സേവനം ഓണ്‍ലൈന്‍ വഴിയാക്കി. ആശാധാര പദ്ധതിയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന് അടുത്തിടെ ദേശീയ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ അവാര്‍ഡ് ലഭിച്ചിരുന്നു.