Connect with us

KERALA PWD

പൊതുമരാമത്തിൽ ഇ-ഓഫീസ്

നിശ്ചിത കാലയളവിനുള്ളിൽ തടസ്സങ്ങളില്ലാതെ ഗുണമേന്മയോടെ പ്രവൃത്തി പൂർത്തീകരിക്കാനാണ് സംവിധാനം. പ്രവൃത്തികളുടെ പൂർത്തീകരണത്തിന് വർക്കിംഗ് കലണ്ടർ നടപ്പാക്കും

Published

|

Last Updated

മലപ്പുറം| പൊതുമരാമത്ത് പ്രവൃത്തികളുടെ സമയബന്ധിത പൂർത്തീകരണത്തിന് അടുത്ത മാസം മുതൽ വകുപ്പിൽ ഇ-ഓഫീസ് സംവിധാനം. പൊതുമരാമത്ത് പ്രവൃത്തികൾ നിശ്ചിത കാലയളവിനുള്ളിൽ തടസ്സങ്ങളില്ലാതെ ഗുണമേന്മയോടെ പൂർത്തീകരിക്കുന്നതിനാണ് പുതിയ സംവിധാനം ഒരുക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

മഴക്കാലത്ത് റോഡ് പ്രവൃത്തി നടത്തുന്നതിന് ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ തേടും. സർക്കാർ റസ്റ്റ് ഹൗസുകളുടെ നിലവാരം ഉയർത്തുന്നതിനായി പ്രൊജക്ട് മാനേജ്മെന്റ് സിസ്റ്റം ജനുവരിയിൽ നിലവിൽ വരും. റോഡുകളിൽ ശാശ്വത ഡ്രൈനേജ് സംവിധാനമൊരുക്കാൻ ശ്രമം നടത്തും. പൊതുമരാമത്ത് വകുപ്പിനെ സുതാര്യമാക്കുകയും അഴിമതിരഹിതമാക്കുകയും പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുകയുമാണ് ലക്ഷ്യം.

പൊതുമരാമത്ത് പ്രവൃത്തികളുടെ പൂർത്തീകരണത്തിന് വർക്കിംഗ് കലണ്ടർ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. മഴക്കാലത്ത് പദ്ധതി തയ്യാറാക്കുകയും മഴ കഴിയുന്നതോടെ പ്രവൃത്തി ആരംഭിക്കുകയും ചെയ്യുന്ന വിധത്തിലാണ് കലണ്ടർ ക്രമീകരിക്കുക. മലപ്പുറം കലക്്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഡിസ്ട്രിക്റ്റ് ഇൻഫ്രാ സ്ട്രക്ച്ചർ കോ-ഓർഡിനേഷൻ കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവൃത്തികൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനായുള്ള നടപടികൾ തുടരും. പൊതുമരാമത്ത് വകുപ്പ് പുതിയ മിഷൻ രൂപവത്കരിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് മന്ത്രി, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ചീഫ് എൻജിനീയർമാർ എന്നിവരാണ് മിഷൻ അംഗങ്ങൾ. ജില്ലാ ഇൻഫ്രാ സ്ട്രക്ച്ചർ കോ-ഓർഡിനേഷൻ കമ്മിറ്റികൾ ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകുന്നതിനായി പൊതുമരാമത്ത് വകുപ്പ് ജോ. സെക്രട്ടറി സാംബശിവറാവു, എസ് സുഹാസ് എന്നിവർക്ക് ഏഴ് ജില്ലകളുടെ വീതം സ്റ്റേറ്റ് നോഡൽ ഓഫീസർ ചുമതല നൽകിയിട്ടുണ്ട്.
പ്രവൃത്തികളുടെ ഡിഫക്റ്റ് ലയബലിറ്റി പിരീഡിൽ അറ്റകുറ്റപ്പണികൾ കരാറുകാർ നടത്തണം. ഇക്കാര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കാണ് ഉത്തരവാദിത്വം. 2,500 ഓളം റോഡുകളുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മന്ത്രിയുമായി നേരിട്ട് സംസാരിക്കുന്നതിന് ടോൾ ഫ്രീ നമ്പറും ജനങ്ങൾക്ക് നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.