ration distribution
അനക്കമില്ലാതെ ഇ പോസ് മെഷീൻ; റേഷൻ വിതരണം പ്രതിസന്ധിയിൽ
ഇന്നാണ് ഈ മാസത്തെ റേഷൻ സാധനങ്ങൾ വാങ്ങാനുള്ള അവസാന ദിവസം.
കോഴിക്കോട് | ഇ പോസ് സംവിധാനം വീണ്ടും പണിമുടക്കിയതോടെ സംസ്ഥാനത്ത് പലയിടത്തും ഈ മാസത്തെ റേഷൻ വിതരണം പ്രതിസന്ധിയിലായി. ഇന്നാണ് ഈ മാസത്തെ റേഷൻ സാധനങ്ങൾ വാങ്ങാനുള്ള അവസാന ദിവസം. മാസവസാനമായതിനാൽ നിരവധി പേരാണ് രാവിലെ മുതൽ ജില്ലയിലെ പല റേഷൻ കടകൾക്ക് മുന്നിലും റേഷൻ വാങ്ങാൻ എത്തിയത്. എന്നാൽ ഇ പോസ് മെഷീൻ നിലച്ചതോടെ പലരും റേഷൻ വാങ്ങാതെ മടങ്ങി. ഇ പോസ് മെഷീൻ രാവിലെ മുതൽ ഉച്ചവരെ പ്രവർത്തിച്ചിരുന്നില്ല. കണ്ണൂർ, കാസർകോട്, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലയിലും ഇ പോസ് മെഷീൻ നിലച്ചതോടെ റേഷൻ വിതരണം മുടങ്ങിയിരുന്നു.
ഫോണിലേക്ക് ഒ ടി പി വരുന്നതും പലയിടത്തും തടസ്സപ്പെട്ടിട്ടുണ്ട്. ഇതോടെ റേഷൻ വിതരണക്കാരും ഉപഭോക്താക്കളും പ്രയാസത്തിലായി. ഇതു വീണ്ടും ഇ പോസ് സംവിധാനത്തിന്റെ വേഗം കുറക്കാനും തകരാറിലാക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തോളമായി രാവിലെയും ഉച്ചക്കും സമയ ക്രമീകരണത്തിലൂടെയാണ് റേഷൻ കടകൾ പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇടക്കിടെയുള്ള ഇ പോസ് മെഷീന്റെ തകരാർ രൂക്ഷമായതോടെ വിതരണം പ്രതിസന്ധിയിലാകുകയായിരുന്നു.
ഇരട്ട ബില്ലും തിരിച്ചടി
കേന്ദ്രവും സംസ്ഥാനവും നൽകുന്ന റേഷൻ സാധനങ്ങൾക്ക് പ്രത്യേകം ബില്ലുകൾ നൽകണമെന്ന നിബന്ധനയും വ്യാപാരികളെ വെട്ടിലാക്കുകയാണ്. സാങ്കേതിക തകരാർ അടിക്കടി ഉണ്ടാകുന്ന ഈ പോസ് മെഷീനുകളിൽ ഒരു തവണ തന്നെ വിരലടയാള പരിശോധന നടത്താൻ അര മണിക്കൂറിലധികമാണ് ചെലവാകുന്നത്. പ്രത്യേകം ബില്ല് പ്രിന്റ് ചെയ്‌തെടുക്കുമ്പോഴേക്കും സമയം നീളും. അരി, മണ്ണെണ്ണ, പഞ്ചസാര എന്നിവക്കും വ്യത്യസ്ത ബില്ലുകളാണ് നൽകേണ്ടി വരുന്നത്. രണ്ട് ബില്ലാക്കിയതോടെ പ്രിന്റ് ചെയ്യാൻ സൗജന്യമായി ലഭിക്കുന്ന പേപ്പർ റോൾ തികയാത്ത അവസ്ഥയുമുണ്ട്.
പരിഹാരം വേണം
പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ടെക്‌നിക്കൽ ഓഡിറ്റ് നടത്തുക, സർവർ കപ്പാസിറ്റി വർധിപ്പിക്കുക, അഞ്ച് വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച ഇപോസ് യന്ത്രങ്ങൾ സർവീസ് ചെയ്യുക, 50 ശതമാനത്തിലധികം പ്രവർത്തനക്ഷമത കുറഞ്ഞ യന്ത്രങ്ങൾ മാറ്റി നൽകുക, പ്രവർത്തന രഹിതമായ ടു ജി സിം കാർഡുകൾ മാറ്റി ഫോർ ജി സിം കാർഡുകൾ നൽകുക, നെറ്റ് സിഗ്‌നൽ കുറഞ്ഞ പ്രദേശങ്ങളിൽ ഓപ്റ്റിക്കൽ കേബിൾ വഴിയുള്ള നെറ്റ് കണക്ഷനുകളും ബ്രോഡ് ബാൻഡ് സംവിധാനവും ഉറപ്പാക്കുക തുടങ്ങിയ നിർദേശങ്ങളാണ് ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസ്സോസിയേഷൻ മുന്നോട്ടുവെക്കുന്നത്. ആവശ്യങ്ങൾ ഉന്നയിച്ചും ഇപോസ്, സർവർ പ്രശ്‌നങ്ങൾ പരിഹരിച്ചുവെന്ന ഭക്ഷ്യ മന്ത്രിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ചും വ്യാഴാഴ്ച രാവിലെ 10.30ന് ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിലേക്ക് എ കെ ആർ ആർ ഡി എ മാർച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോണി നെല്ലൂർ, ടി മുഹമ്മദാലി, സി മോഹനൻ പിള്ള അറിയിച്ചു.