Connect with us

Kerala

സ്വർണത്തിന് ഇ വേ ബില്ല് പുനഃസ്ഥാപിച്ചു; ഇന്ന് നിലവിൽ വരും

ഉത്തരവിൽ വ്യക്തതയില്ലെന്ന് വ്യാപാരികൾ

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് സ്വർണത്തിന് ഇ വേ ബിൽ നിർബന്ധമാക്കി ജി എസ് ടി വകുപ്പ്. സംസ്ഥാനത്തിനകത്ത് പത്ത് ലക്ഷം രൂപക്ക് മുകളിലുള്ള സ്വർണം കൊണ്ടുപോകുന്നതിന് ഇ വേ ബില്ല് നിർബന്ധമാക്കിക്കൊണ്ടുള്ള സംസ്ഥാന ജി എസ് ടി വകുപ്പിന്റെ നടപടി ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. നേരത്തേ ജനുവരി ഒന്ന് മുതൽ ഇത് നടപ്പാക്കിയിരുന്നു. കഴിഞ്ഞ ഡിസംബർ 27നാണ് ഇ വേ ബില്ല് നിർബന്ധമാക്കുന്നത് സംബന്ധിച്ച ഉത്തരവ് ജി എസ് ടി വകുപ്പ് പുറത്തിറക്കിയത്. എന്നാൽ, സംസ്ഥാന ജി എസ് ടി പോർട്ടലിലെ സാങ്കേതിക തകരാർ കാരണം താത്കാലികമായി മരവിപ്പിച്ചതായി ജനുവരി ഒമ്പതിന് ജി എസ് ടി കമ്മീഷണർ അജിത് പാട്ടീൽ ഉത്തരവിട്ടിരുന്നു. തുടർന്ന് പോർട്ടലിലെ പ്രശ്‌നങ്ങൾ പരിഹരിച്ചതോടെയാണ് ഇന്ന് മുതൽ ഇ വേ ബില്ല് പ്രാബല്യത്തിലാകുന്നത്.

വിൽപ്പനയുമായി ബന്ധപ്പെട്ടും അല്ലാതെയും രജിസ്റ്റർ ചെയ്യാത്ത വ്യക്തികളിൽ നിന്ന് വാങ്ങുന്ന സ്വർണത്തിന് പത്ത് ലക്ഷം രൂപയിൽ കൂടുതൽ മൂല്യമുണ്ടെങ്കിൽ ഇ വേ ബില്ല് വേണമെന്നാണ് നിയമം. സ്വർണം, വെള്ളി, പ്ലാറ്റിനം പോലെ വിലപിടിപ്പുള്ള ലോഹ നിർമിത ആഭരണങ്ങൾ (പത്ത് ലക്ഷമോ അതിലധികമോ തുകക്കുള്ളത്), വിൽപ്പന, ജോബ് വർക്ക്, േസ്റ്റാക്ക് ട്രാൻസ്ഫർ, പ്രദർശനം തുടങ്ങിയവയുടെ ഭാഗമായി വാഹനത്തിൽ കൊണ്ടുപോകുമ്പോൾ ഇ വേ ബില്ല് എടുക്കണം. ഇത്തരത്തിൽ കൊണ്ടുപോകുന്ന സ്വർണത്തിന്റെ പൂർണ വിവരങ്ങൾ കാണിച്ചാണ് ഇ വേ ബില്ല് എടുക്കേണ്ടത്. സ്വർണം കൊണ്ടുപോകുന്നതിന് ഇ വേ ബില്ല് നടപ്പാക്കുന്നതിൽ ഒട്ടേറെ അവ്യക്തത നിലനിൽക്കുന്നതായി ആൾ കേരള ഗോൾഡ് ആൻഡ് മർച്ചന്റ്സ് അസ്സോസിയേഷൻ ഭാരവാഹികൾ ധമന്ത്രി കെ എൻ ബാലഗോപാലിന് നിവേദനം നൽകിയിരുന്നു. ഇ വേ ബില്ലിന്റെ കാര്യത്തിൽ അവ്യക്തതയുണ്ടെന്നാണ് വ്യാപാരികളുടെ പ്രധാന പരാതി.
സ്വർണവുമായി എന്തൊക്കെ ആവശ്യങ്ങൾക്ക് പോകുമ്പോഴാണ് ഇ വേ ബില്ല് ആവശ്യമെന്ന് വ്യക്തമാക്കിയിട്ടില്ല, 50 കിലോമീറ്ററിനുള്ളിൽ ഹ്രസ്വദൂര ചലനങ്ങൾ, കൊറിയർ, ഇ കൊമേഴ്‌സ് ഓപറേറ്റർമാർ, നോൺ സപ്ലൈ വിഭാഗങ്ങളിൽ പെടുന്ന സ്റ്റോക്ക്, സ്റ്റോക്ക് ട്രാൻസ്ഫറുകൾ, എക്‌സിബിഷനുകൾ, അറ്റകുറ്റപ്പണികൾ, ജോബ് വർക്ക്, ആഭരണങ്ങൾ സെലക്‌ഷന് വേണ്ടി കൊണ്ടുപോകുകയും സെലക്‌ഷൻ നടത്തി തിരിച്ച് അയച്ചുകൊടുക്കുകയും ചെയ്യുന്ന രീതി തുടങ്ങിയവക്കൊന്നും ഇ വേ ബില്ല് ബാധകമാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.
ഇതിന് പുറമെ പത്ത് ലക്ഷം രൂപയുടെ പരിധി നികുതി വിധേയമായ മൂല്യമാണോ, നികുതി ഉൾപ്പെടെയുള്ള ഇൻവോയ്‌സ് മൂല്യമാണോ എന്ന കാര്യത്തിലും വ്യക്തതക്കുറവുണ്ട്. ഒപ്പം കേരളത്തിൽ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്ന സ്വർണത്തെക്കുറിച്ച് ഉത്തരവിൽ പരാമർശമില്ലെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

---- facebook comment plugin here -----

Latest