Connect with us

Aksharam

ജീവന്റെ നിലനിൽപ്പിനായി ഭൂമിയുടെ ഓസോൺ കുട

1970ലാണ് ഓസോൺ പാളിയിലെ ശോഷണം ആദ്യം കണ്ടെത്തിയത്. 1985ൽ നടന്ന വിയന്ന കൺവെൻഷനോടെ ഇത് ആഗോള ചർച്ചയായി.

Published

|

Last Updated

സൂര്യന്റെ ദോഷകരമായ കിരണങ്ങളിൽ നിന്ന് ഭൂമിയെന്ന നമ്മുടെ കൊച്ചു ഗ്രഹത്തെ സംരക്ഷിക്കുന്ന അതിലോലമായ വാതക കവചം കൊണ്ട് നിർമിച്ച നേർത്ത പാളിയാണ് ഓസോൺ എന്ന പേരിൽ അറിയപ്പെടുന്നത്. ഭൂമിയിലെ ജീവൻ സംരക്ഷിക്കുന്നതിൽ ഇതിന് പ്രധാന പങ്കുണ്ട്. എന്നാൽ വ്യാവസായികവും മറ്റ് തരത്തിലുള്ള മലിനീകരണവും ഈ പാളികളിൽ ദ്വാരങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഭൂമിയിലെ താപനിലയെ നേരിട്ട് ബാധിച്ച് ആഗോളതാപനത്തിലേക്ക് നയിക്കുന്നു.

സൂര്യനിൽ നിന്ന് വരുന്ന അൾട്രാവയലറ്റ് രശ്മികൾ ഓക്സിജനിൽ പതിച്ച് വിഘടിപ്പിച്ച് ഓക്സിജൻ ആറ്റങ്ങൾ ഉണ്ടാക്കും. അവ മറ്റ് ഓക്സിജൻ തന്മാത്രകളുമായി സംയോജിക്കുമ്പോഴാണ് ഓസോൺ രൂപപ്പെടുന്നത്. ക്ലോറോ ഫ്‌ളൂറോ കാർബണുകൾ, നൈട്രിക് ഓക്‌സൈഡുകൾ, നൈട്രജൻ ഡൈയോക്‌സൈഡുകൾ, ക്ലോറിൻ, ഹൈഡ്രോക്‌സൈഡുകൾ എന്നിവ അന്തരീക്ഷത്തിൽ വർധിക്കുമ്പോഴാണ് ഓസോണിന് വിഘടനം സംഭവിക്കുന്നത്. തന്മൂലം അൾട്രാവയലറ്റ് രശ്മികളെ തടഞ്ഞുനിർത്താൻ ഓസോൺ പാളി ഇല്ലാതാകുകയും അതുവഴി അത്യന്തം അപകടകാരികളായ ഈ രശ്മികൾ നേരിട്ട് ഭൂമിയിൽ പതിക്കുകയും ചെയ്യും.

ഈ ആഘാതത്തിൽ നിന്ന് ഭൂമിയെ സംരക്ഷിക്കുന്ന ഓസോൺ പാളിയുടെ സുരക്ഷക്കായാണ് എല്ലാ വർഷവും സെപ്തംബർ 16ന് നമ്മൾ ലോക ഓസോൺ ദിനം ആചരിക്കുന്നത്. ഓസോൺ പാളിയുടെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ ശോഷണം ആഗോളതാപനത്തിനും ലോകമെമ്പാടുമുള്ള കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്നതിനെക്കുറിച്ചും മനുഷ്യരാശിയിൽ അവബോധം സൃഷ്ടിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

1970ലാണ് ഓസോൺ പാളിയിലെ ശോഷണം ആദ്യം കണ്ടെത്തിയത്. 1985ൽ നടന്ന വിയന്ന കൺവെൻഷനോടെ ഇത് ആഗോള ചർച്ചയായി. 1987 സെപ്തംബർ 16ന് കാനഡയിലെ മോൺട്രിയലിൽ 24 രാഷ്ട്രത്തലവന്മാർ ചേർന്ന് ഓസോൺ സംരക്ഷണ ഉടമ്പടി ഒപ്പുവെച്ചു. ഓസോൺ പാളിയിലെ ശോഷണത്തിന് കാരണമാകുന്ന നൂറോളം മനുഷ്യനിർമിത രാസവസ്തുക്കളുടെ ഉത്പാദനവും ഉപഭോഗവും നിയന്ത്രിക്കുന്ന പരിസ്ഥിതിയുമായി ബന്ധപ്പെട്ട കരാറാണിത്. തുടർന്ന് നൂറിലധികം രാജ്യങ്ങൾ ഇതിന്റെ ഭാഗമായി. എന്നാൽ 1994ലാണ് ഐക്യരാഷ്ട്ര സഭ സെപ്തംബർ 16 ഓസോൺ സംരക്ഷണദിനമായി ലോകമാകെ ആചരിക്കാൻ തീരുമാനിച്ചത്.

ലോകമെമ്പാടുമുള്ള ഒ ഡി എസി (ഓസോൺ നശിപ്പിക്കുന്ന പദാർഥങ്ങൾ) ന്റെ ഉത്പാദനവും ഉപഭോഗവും കുറയ്ക്കുകയും നിർത്തുകയും ചെയ്തുകൊണ്ട് ഓസോൺ സംരക്ഷണമാണ് പ്രോട്ടോകോൾ മുന്നോട്ടുവെക്കുന്നത്. ഈ ആഘോഷത്തിന് യു എൻ (യുനൈറ്റഡ് നേഷൻസ്) എല്ലാ വർഷവും ഒരു തീം നൽകുകയും ചെയ്തു. ‘മോൺട്രിയൽ പ്രോട്ടോകോൾ: ഓസോൺ പാളി പരിഹരിക്കുകയും കാലാവസ്ഥാ വ്യതിയാനം കുറയ്ക്കുകയും ചെയ്യുക’ എന്ന പേരിലാണ് ഈ വർഷം ഇതാഘോഷിച്ചത്. 2016 ഒക്ടോബർ 15ന് റുവാണ്ടയിലെ കിഗാലിയിൽ മോൺട്രിയൽ പ്രോട്ടോകോൾ വീണ്ടും അവലോകനം ചെയ്തിരുന്നു. തുടർന്ന് 2050ഓടെ പൂർണമായും ഓസോൺ ശോഷണം തടയാനുള്ള ശ്രമങ്ങളാണ് നിലവിൽ നടന്നുവരുന്നത്.

ഇന്ന് വിമാനങ്ങൾ, രാസവളങ്ങൾ എന്നിവ മൂലം അന്തരീക്ഷത്തിൽ നൈട്രിക് ഓക്‌സൈഡും നൈട്രിക് ഡയോക്‌സൈഡും ക്രമാതീതമായി വർധിക്കുന്നുണ്ട്. കൂടാതെ റഫ്രിജറേറ്ററിൽ ഉപയോഗിക്കുന്ന ക്ലോറോ ഫ്‌ളൂറോ കാർബണുകളുടെ വിഘടന ഫലമായി ക്ലോറിനും ക്ലോറിൻ ഓക്‌സൈഡും ധാരാളമായുണ്ടാകുന്നു. ഇവയെല്ലാം അന്തരീക്ഷത്തിലെത്തുന്നത് പ്രതിദിനം ഓസോണിനെ നാശോന്മുഖമാക്കുന്നുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.

ഓസോൺ പാളിയുടെ കനം കുറയുന്നത്, അലക്ഷ്യമായി തള്ളിയാൽ, സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് വികിരണം, പ്രത്യേകിച്ച് ദോഷകരമായ അൾട്രാ വയലറ്റ് ബി വികിരണം, ചർമ ക്യാൻസറിനും തിമിരത്തിനും കാരണമാകും. ആഗോളതാപനത്തിലേക്ക് നയിക്കുന്നതിനൊപ്പം സസ്യങ്ങൾക്ക് പ്രകാശ സംശ്ലേഷണത്തിനുള്ള കഴിവ് കുറയും. സൂക്ഷ്മ ജന്തുക്കളുടെ പ്രജനനം, കടലിലെ പ്ലവകങ്ങൾ എന്നിവക്കെല്ലാം ഹാനികരമാകുകയും അങ്ങനെ അൾട്രാവയലറ്റ് രശ്മികൾ ഭൂമിയെ മാരകമായി പൊള്ളിക്കുകയും ചെയ്യുമെന്നാണ് കണ്ടെത്തൽ.

അതുകൊണ്ടു തന്നെ വിദഗ്ധരും ആഗോള നേതാക്കളും ഓസോൺ പാളിയുടെ കൂടുതൽ ശോഷണം തടയാനുള്ള ശ്രമങ്ങൾ തുടരുമ്പോൾ, ഇതിന് കാരണമായേക്കാവുന്ന പ്ലാസ്റ്റിക് പാത്രങ്ങളിലെ ഹെയർ സ്‌പ്രേകൾ, സൗന്ദര്യവർധക വസ്തുക്കൾ, എയറോസോൾ തുടങ്ങിയ സി എഫ് സി ( ക്ലോറോഫ്‌ളൂറോ കാർബൺ) കളുള്ള ഉത്പന്നങ്ങളുടെ ഉപയോഗം ഒഴിവാക്കേണ്ടത് പ്രധാനമാണ്. കൂടുതൽ മരങ്ങൾ നടുക, പരിസ്ഥിതി സൗഹൃദ വളങ്ങൾ ഉപയോഗിക്കുക, പരിസ്ഥിതി സൗഹൃദ ആശയവിനിമയ രീതികൾ ഉപയോഗിക്കുക. പ്ലാസ്റ്റിക്, റബ്ബർ ടയറുകളുടെ ഉപയോഗം ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ നമ്മുക്കും തന്റേതായ രീതിയിൽ സംഭാവന നൽകാൻ ശ്രമിക്കാം.

 

 

 

 

---- facebook comment plugin here -----

Latest