Connect with us

National

ഭൂമിയും ചന്ദ്രനും; രണ്ട് ചിത്രങ്ങൾ കൂടി പുറത്തുവിട്ട് ചാന്ദ്രയാൻ 3

ലാൻഡർ ഇമേജർ (എൽഐ) ക്യാമറ പകർത്തിയ ഭൂമിയുടെ ചിത്രമാണ് ഇതിലൊന്ന്. ലാൻഡർ ഹൊറിസോണ്ടൽ വെലോസിറ്റി ക്യാമറ (എൽഎച്ച്വിസി) പകർത്തിയ ചന്ദ്രന്റെ ദൃശ്യമാണ് മറ്റൊന്ന്.

Published

|

Last Updated

ബംഗളൂരു | ചന്ദ്രയാൻ -3 ബഹിരാകാശ പേടകം പകർത്തിയ രണ്ട് ചിത്രങ്ങൾ കൂടി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) പുറത്തുവിട്ടു. ലാൻഡർ ഇമേജർ (എൽഐ) ക്യാമറ പകർത്തിയ ഭൂമിയുടെ ചിത്രമാണ് ഇതിലൊന്ന്. ലാൻഡർ ഹൊറിസോണ്ടൽ വെലോസിറ്റി ക്യാമറ (എൽഎച്ച്വിസി) പകർത്തിയ ചന്ദ്രന്റെ ദൃശ്യമാണ് മറ്റൊന്ന്. പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച ഉടനെ ചാന്ദ്രയാൻ പകർത്തിയ ചന്ദ്രന്റെ മറ്റൊരു വീഡിയോ ദൃശ്യം കഴിഞ്ഞ ദിവസം ഐ എസ് ആർ ഒ പുറത്തുവിട്ടിരുന്നു.

ജൂലൈ 14 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ചന്ദ്രയാൻ -3 വിക്ഷേപിച്ച അന്ന് തന്നെയാണ് ഇന്ന് പുറത്തുവിട്ട ചിത്രങ്ങളിൽ ഒന്ന് ലാൻഡർ ഇമേജർ പകർത്തിയത്. ബഹിരാകാശ പേടകത്തിൽ സ്ഥിതിചെയ്യുന്ന ലാൻഡർ ഹൊറിസോണ്ടൽ വെലോസിറ്റി ക്യാമറ (എൽഎച്ച്വിസി)യാണ് ഓഗസ്റ്റ് 6 ന് ചന്ദ്രന്റെ ചിത്രം പകർത്തിയത്.

ഭ്രമണപഥം കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങളെ തുടർന്ന് ചന്ദ്രയാൻ -3 ബഹിരാകാശ പേടകം ബുധനാഴ്ച ചന്ദ്രന്റെ ഉപരിതലത്തിലേക്ക് കാര്യമായ മുന്നേറ്റം നടത്തിയതായി നേരത്തെ ഐഎസ്ആർഒ അറിയിച്ചിരുന്നു. ഓഗസ്റ്റ് 5 നാണ് ചന്ദ്രന്റെ ഭ്രമണപഥത്തിൽ ചാന്ദ്രയാൻ 3 പ്രവേശിച്ചത്.

ഭ്രമണപഥം താഴ്ത്തുന്നതിനുള്ള അടുത്ത പ്രവർത്തനം ഓഗസ്റ്റ് 14 ന് രാവിലെ 11.30 നും 12.30 നും ഇടയിൽ നടക്കും.

Latest