Uae
എർത്ത് ദുബൈ സംരംഭം ആരംഭിച്ചു
ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഈ സംരംഭം ശൈഖ് ഹംദാൻ പ്രഖ്യാപിച്ചത്.
ദുബൈ| എമിറേറ്റിന്റെ സമ്പന്നമായ ചരിത്രം അനാവരണം ചെയ്യുന്ന എർത്ത് ദുബൈ സംരംഭം ആരംഭിച്ചു. ദുബൈ കിരീടാവകാശിയും യു എ ഇയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമാണ് പുതിയ പദ്ധതി പുറത്തിറക്കിയത്. ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഈ സംരംഭം ശൈഖ് ഹംദാൻ പ്രഖ്യാപിച്ചത്. അന്തരിച്ച ശൈഖ് റാശിദ് ബിൻ സഈദ് അൽ മക്തൂമിന്റെ ചിത്രങ്ങൾ ഉൾപ്പെടെ ദുബൈയുടെ ചരിത്രപരമായ ഫോട്ടോകൾ കാണിക്കുന്ന വീഡിയോയും പങ്കിട്ടു.
ദുബൈ അതിന്റെ യാത്ര ആരംഭിച്ചതിനുശേഷം, എത്ര കഥകളും നിമിഷങ്ങളും നമ്മൾ കേൾക്കാതെ പോയി? നമുക്ക് അവ പുനരുജ്ജീവിപ്പിക്കാൻ കഴിയുമോ? ദുബൈയുടെ പൈതൃകം രേഖപ്പെടുത്തുന്നതിൽ ഞങ്ങളോടൊപ്പം ചേരൂ. എന്ന സന്ദേശവും പങ്കുവെച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്. ദുബൈ സമൂഹത്തിലെ വിവിധ പ്രായക്കാരായ അംഗങ്ങൾക്ക് രസകരമായ കഥകളും ചരിത്രവും പങ്കിടാൻ ഈ സംരംഭം അവസരമൊരുക്കും. എമിറേറ്റിന്റെ സമ്പന്നമായ പൈതൃകം വരും തലമുറകൾക്ക് പ്രചോദനം നൽകുന്നുണ്ടെന്ന് ഉറപ്പാക്കുകയും ഭൂതകാലത്തിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ വിവരണങ്ങൾ ശേഖരിക്കുന്ന സംവേദനാത്മക പ്ലാറ്റ്ഫോമായി മാറുകയുമാണ് ലക്ഷ്യം.
എർത്ത് ദുബൈയുടെ സാംസ്‌കാരിക പൈതൃകം ഭാവി തലമുറകളിലേക്ക് കൈമാറും. 2025ലുടനീളം എർത്ത് ദുബൈ ഒന്നിലധികം ഘട്ടങ്ങളിലായി നടപ്പാക്കും. പൊതു, സ്വകാര്യ സ്‌കൂൾ വിദ്യാർഥികളെയും ദുബൈ സർക്കാർ ജീവനക്കാരെയും കഥകളും ജീവിതാനുഭവങ്ങളും ശേഖരിക്കാനും രേഖപ്പെടുത്താനും ക്ഷണിക്കും. സംരംഭത്തിന്റെ ഭാഗമായി, താമസക്കാർക്ക് അവരുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ നിന്നുള്ള വ്യക്തിഗത കഥകൾ വിവരിക്കാൻ അവസരമുണ്ടാകും. അവരുടെ വൈവിധ്യമാർന്ന അനുഭവങ്ങളും ഓർമകളും പകർത്തും. ദൈനംദിന ജീവിതത്തിലെ അവിസ്മരണീയമായ സംഭവങ്ങൾ, വ്യക്തിഗത നേട്ടങ്ങൾ, കുടുംബ കഥകൾ എന്നിവ എടുത്തുകാണിക്കും.
“ഈ സംരംഭത്തിലൂടെ പങ്കുവെക്കപ്പെടുന്ന ഓരോ സാക്ഷ്യവും ഓരോ കഥയും നമ്മുടെ സമൂഹത്തിന്റെ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു ദേശീയ നിധിയാണ്. നമ്മുടെ ചരിത്രം രേഖപ്പെടുത്തുകയും ഭാവി തലമുറകൾക്ക് അഭിമാനത്തിന്റെയും പ്രചോദനത്തിന്റെയും ഉറവിടമായി സംരക്ഷിക്കുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.’ ശൈഖ് ഹംദാൻ പറഞ്ഞു.
---- facebook comment plugin here -----