Kerala
ഭൗമ മണിക്കൂര്‍ ആചരണം ഇന്ന്; രാത്രി 8.30 മുതല്‍ 9.30 വരെ വൈദ്യുതി വിളക്കുകള്‍ അണയ്ക്കണം
സംസ്ഥാനത്ത് ഭൗമ മണിക്കൂര്‍ ആചരിക്കാന്‍ കെ എസ് ഇ ബി പൊതുജനങ്ങളുടെ പിന്തുണ തേടി.

തിരുവനന്തപുരം| വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ ആഗോളതാപനത്തില്‍ നിന്ന് ഭൂമിയെ സംരക്ഷിക്കാനായി ശനിയാഴ്ച രാത്രി 8.30 മുതല്‍ 9.30 വരെ ഭൗമ മണിക്കൂറായി ആചരിക്കാന്‍ ആഹ്വാനം ചെയ്തു. മാര്‍ച്ചിലെ അവസാന ശനിയാഴ്ചയാണു പതിവായി ഭൗമ മണിക്കൂര്‍ ആചരിക്കുന്നത്. ഇപ്രാവശ്യം ലോക ജലദിനം കൂടിയായതിനാല്‍ മാര്‍ച്ചിലെ നാലാമത്തെ ശനിയാഴ്ചയായ ഇന്ന് ആചരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
സംസ്ഥാനത്ത് ഭൗമ മണിക്കൂര്‍ ആചരിക്കാന്‍ കെ എസ് ഇ ബി പൊതുജനങ്ങളുടെ പിന്തുണ തേടി. ആഗോളതാപനം, കാലാവസ്ഥ വ്യതിയാനം, പ്രളയക്കെടുതി എന്നിവയുടെ ഭീഷണി അനുദിനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഊര്‍ജ്ജ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്കായുള്ള കര്‍മ്മ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കേണ്ടത് അനിവാര്യമാണ്. ശനിയാഴ്ച രാത്രി 8.30 മുതല്‍ 9.30 വരെ ഒരു മണിക്കൂര്‍ അത്യാവശ്യമല്ലാത്ത വൈദ്യുതി വിളക്കുകളും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും ഓഫ് ചെയ്ത് ഭൂമിയെ ആഗോള താപനത്തില്‍ നിന്നും കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്നും സംരക്ഷിക്കാനുള്ള സംരംഭത്തില്‍ പങ്കാളികളാകണമെന്ന് കെ എസ് ഇ ബി അഭ്യര്‍ത്ഥിച്ചു.