International
തുര്‍ക്കിയിലെ ഭൂകമ്പ നഷ്ടം 100 ബില്യണ്‍ ഡോളര്‍ കവിയുമെന്ന് യു എന്‍ റിപോര്‍ട്ട്
മരണം 52,000 * 15 ലക്ഷത്തോളം പേര്‍ ടെന്റുകളിലാണ് താമസിക്കുന്നത്
അങ്കാറ | തുര്‍ക്കി ഭൂകമ്പത്തിലെ നഷ്ടം 100 ബില്യണ്‍ ഡോളര്‍ കവിയുമെന്ന് യുനൈറ്റഡ് നാഷൻസ് ഡെവലപ്മെൻ്റ് പ്രോഗ്രാം (യു എന്‍ ഡി പി) റിപോര്‍ട്ട്.
കഴിഞ്ഞ മാസം ആറിന് ഉണ്ടായ ഭൂകമ്പത്തില്‍ തുര്‍ക്കിയിലും സിറിയയിലുമായി 52,000 മനുഷ്യരാണ് മരിച്ചത്. ആയിരക്കണക്കിന് വീടുകളും മറ്റ് കെട്ടിടങ്ങളും തകര്‍ന്നിരുന്നു. അവയുടെ പുനഃസ്ഥാപനം ഉള്‍പ്പെടെയുള്ള ഭാരിച്ച ചെലവാണ് രാജ്യത്തിനെ കാത്തിരിക്കുന്നത്.
ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട 20 ലക്ഷത്തോളം ആളുകള്‍ പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോവുകയോ താത്കാലിക താമസമൊരുക്കുകയോ ചെയ്തതായി തുര്‍ക്കി സര്‍ക്കാര്‍ സ്ഥിരീകരിക്കുന്നുണ്ട്. 15 ലക്ഷത്തോളം പേര്‍ ടെന്റുകളിലാണ് താമസിക്കുന്നത്. അതേസമയം, 46,000ത്തോളം പേര്‍ കണ്ടൈനര്‍ വീടുകളിലാണ് താമസിക്കുന്നത്. ബാക്കിയുള്ളവര്‍ ഡോര്‍മറ്ററികളിലും ഗസ്റ്റ് ഹൗസുകളിലുമെല്ലാമാണ് കഴിയുന്നത്.
ഇവരുടെയെല്ലാം പുനരധിവാസത്തിനായി ലോകമെമ്പാടു നിന്നും സഹായഹസ്തങ്ങൾ നീളുന്നുണ്ട്. എന്നാൽ, ഇവ ഇനിയും അപര്യാപ്തമായിരിക്കുമോയെന്നാണ് ആശങ്ക ഉയരുന്നത്.