International
തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം; തീവ്രത 4.4
ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇസ്താംബുള്‍| ശക്തമായ ഭൂചലനത്തെ തുടർന്ന് പതിനായിരങ്ങൾക്ക് ജീവൻ നഷ്ടമായ തുർക്കിയിൽ ഒരിടവേളക്ക് ശേഷം വീണ്ടും ഭൂചലനം. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) പ്രകാരം ഗോക്സന്‍ ജില്ലയുടെ തെക്ക്-പടിഞ്ഞാറില്‍ നിന്നും 6 കിലോമീറ്റര്‍ അകലെ റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. പ്രാദേശിക സമയം രാവിലെ 10:44:29- നാണ് ഭൂലചനം അനുഭവപ്പെട്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഈ വര്‍ഷം ഫെബ്രുവരി ആദ്യവാരം രാജ്യത്തും സിറിയയിലും ഉണ്ടായ വന്‍ ഭൂകമ്പത്തിന്റെ നഷ്ടം തുര്‍ക്കി ഇപ്പോഴും നേരിടുന്നുണ്ട്. ഫെബ്രുവരി 6 ന് പുലര്‍ച്ചെ 4.17ന് ദക്ഷിണ തുര്‍ക്കിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. 1.8 ദശലക്ഷത്തോളം സിറിയന്‍ അഭയാര്‍ത്ഥികള്‍ ഉള്‍പ്പെടെ 14 ദശലക്ഷം ആളുകള്‍ താമസിക്കുന്ന അയല്‍ പ്രവിശ്യകളായ ആദിയമാന്‍, ഹതായ്, കഹ്‌റാമന്‍ മാരാസ്, കിലിസ്, ഒസ്മാനിയേ, ഗാസിയാന്‍ടെപ്, മലത്യ, സാന്‍ലിയൂര്‍ഫ, ദിയാര്‍ബാകിര്‍, ഇലാസിഗ്, അദാന എന്നിവിടങ്ങളിലും ഭൂകമ്പം ബാധിച്ചിരുന്നു. ഭൂകമ്പത്തിൽ 45000ൽ അധികം പേർ മരിക്കുകയും ചെയ്തു.