International
ജപ്പാനില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6 തീവ്രത രേഖപ്പെടുത്തി
അയല്‍ രാജ്യമായ തായ്വാനില്‍ ശക്തമായ ഭൂചലനം ഉണ്ടായതിന്റെ തൊട്ടടുത്ത ദിവസമാണ് ജപ്പാനില്‍ ഭൂചലനം അനുഭവപ്പെട്ടത്.
ടോക്യോ| ജപ്പാന്റെ കിഴക്കന്‍ തീരമായ ഹോന്‍ഷുവില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6 തീവ്രത രേഖപ്പെടുത്തി. വ്യാഴാഴ്ചയാണ് ഭൂചലനം ഉണ്ടായത്. ജപ്പാന്റെ അയല്‍ രാജ്യമായ തായ്വാനില്‍ ശക്തമായ ഭൂചലനം ഉണ്ടായതിന്റെ തൊട്ടടുത്ത ദിവസമാണ് ജപ്പാനില്‍ ഭൂചലനം അനുഭവപ്പെട്ടത്. യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്ററാണ് വിവരം അറിയിച്ചത്.
2011 മാര്‍ച്ചില്‍ ഉണ്ടായ ഭൂകമ്പമാണ് ജപ്പാനെ ഏറ്റവുമധികം ബാധിച്ച ഭൂചലനം. അന്ന് റിക്ടര്‍ സ്‌കെയിലില്‍ 9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. ഇതിന് പിന്നാലെയുണ്ടായ സുനാമിയില്‍ ആയിരക്കണക്കിന് ആളുകളെ കാണാതാവുകയും കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ഇന്നലെ തായ്വാനിലുണ്ടായ ഭൂചലനത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രതയാണ് രേഖപ്പെടുത്തിയത്. പ്രാദേശിക സമയം രാവിലെ എട്ട് മണിയോടടുത്താണ് ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ ഒരാള്‍ മരിക്കുകയും 60 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. രണ്ട് കെട്ടിടങ്ങള്‍ തകര്‍ന്നതായും കുറച്ചാളുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി സംശയിക്കുന്നുവെന്നും ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രത്തിനു സമീപത്തെ ഹുവാലീന്‍ കൗണ്ടിയിലെ ഒരു അഗ്‌നിശമന വിഭാഗം ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.