Ongoing News
സഊദിയില്‍ ഭൂചലനം; 4.4 തീവ്രത രേഖപ്പെടുത്തി
ഇന്ന് പുലര്‍ച്ചെ പ്രാദേശിക സമയം 2.39നാണ് ഭൂചനലം അനുഭവപ്പെട്ടത്.

ദമാം/ജുബൈല്‍ | സഊദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍ അറേബ്യയുടെ തീരത്തിനടുത്തുള്ള അറേബ്യന്‍ കടലില്‍ ഭൂചലനം. ഇന്ന് പുലര്‍ച്ചെ 02.39 ന് ഭൂകമ്പം രേഖപ്പെടുത്തിയതായി സഊദി ജിയോളജിക്കല്‍ സര്‍വേ (എസ് ജി എസ്) അറിയിച്ചു.
കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ നിന്ന് ഏകദേശം 55 കിലോമീറ്റര്‍ കിഴക്കാണ് റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. നേരിയ ഭൂചലനമാണ് ഉണ്ടായതെന്ന് ഖാസിം സര്‍വകലാശാലയിലെ മുന്‍ കാലാവസ്ഥാ സംഘത്തിലെ പ്രൊ. ഡോ. അബ്ദുല്ല അല്‍-മുസ്‌നദ് പറഞ്ഞു. ലോകത്ത് പ്രതിവര്‍ഷം ഏകദേശം 6,200 ഭൂകമ്പങ്ങള്‍ അനുഭവപ്പെടുന്നതിനാല്‍, ഇത്തരത്തിലുള്ള ഭൂകമ്പത്തെ സ്വാഭാവിക ഭൂകമ്പ പ്രവര്‍ത്തനത്തിലാണ് ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
സഊദി ജിയോളജിക്കല്‍ സര്‍വേയുടെ നാഷനല്‍ സീസ്മിക് മോണിറ്ററിംഗ് നെറ്റ്വര്‍ക്ക് റിപോര്‍ട്ട് പ്രകാരം അറേബ്യന്‍ ഗള്‍ഫ് മേഖലയിലെ പുരാതന വിള്ളലുകളില്‍ നിന്നുള്ള സമ്മര്‍ദങ്ങളാണ് ഭൂകമ്പത്തിന് കാരണം. അറേബ്യന്‍ പ്ലേറ്റിന്റെ ചലനവും യുറേഷ്യന്‍ പ്ലേറ്റുമായുള്ള കൂട്ടിയിടിയും മൂലമുണ്ടായ സമ്മര്‍ദങ്ങളാണ് ഇതിന് കാരണമെന്നും രാജ്യത്തെ സ്ഥിതി സുരക്ഷിതമാണെന്നും സഊദി ജിയോളജിക്കല്‍ സര്‍വേയുടെ ഔദ്യോഗിക വക്താവ് താരിഖ് അബ അല്‍-ഖൈല്‍ പറഞ്ഞു.