Connect with us

Ongoing News

അനായാസം; സൂപ്പര്‍ എട്ടില്‍ അഫ്ഗാനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

47 റണ്‍സിന്റെ വിജയമാണ് സൂപ്പര്‍ എട്ടിലെ തങ്ങളുടെ ആദ്യ അങ്കത്തില്‍ ടീം ഇന്ത്യ സ്വന്തമാക്കിയത്.

Published

|

Last Updated

ബ്രിഡ്ജ്ടൗണ്‍ | ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ അഫ്ഗാനിസ്ഥാനെതിരെ അനായാസ ജയവുമായി ഇന്ത്യ. 47 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് സൂപ്പര്‍ എട്ടിലെ തങ്ങളുടെ ആദ്യ അങ്കത്തില്‍ ടീം ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ തുടക്കം മോശമായെങ്കിലും സൂര്യകുമാര്‍ യാദവും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് കരകയറ്റി. സ്‌കോര്‍: ഇന്ത്യ- 181/8, അഫ്ഗാനിസ്ഥാന്‍- 134ന് എല്ലാവരും പുറത്ത്.

അഫ്ഗാന്‍ ബാറ്റിംഗ് നിരയില്‍ 20 പന്തില്‍ 26 റണ്‍സെടുത്ത അസ്മതുല്ല ഒമര്‍സായിയാണ് ടോപ് സ്‌കോറര്‍. മറ്റ് ബാറ്റര്‍മാരില്‍ 17 പന്തില്‍ 21 റണ്‍സെടുത്ത ഗുല്‍ബദിന്‍ നായിബും 17ല്‍ 19 എടുത്ത നജിബുല്ല സദ്‌റനും മുഹമ്മദ് നബി (14 പന്തില്‍ 14)യുമാണ് കുറച്ചെങ്കിലും പോരാട്ടത്തിന് മുതിര്‍ന്നത്. നൂര്‍ അഹമ്മദ് 12 റണ്‍സെടുത്തു. ഇന്ത്യക്കായി ജസ്പ്രിത് ബുംറയും അര്‍ഷ്ദീപ് സിംഗും മൂന്ന് വിക്കറ്റ് വീതം നേടി. കുല്‍ദീപ് യാദവ് രണ്ടും അക്‌സര്‍ പട്ടേല്‍, രവിന്ദ്ര ജഡേജ എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു.

ഇന്ത്യന്‍ ബാറ്റിംഗില്‍ ഉജ്ജ്വല പ്രകടനമാണ് സൂര്യകുമാര്‍ യാദവ് കാഴ്ചവച്ചത്. 28 പന്തില്‍ 53 റണ്‍സ് അടിച്ചെടുത്ത ശേഷമാണ് സൂര്യകുമാര്‍ പുറത്തായത്. മൂന്ന് സിക്‌സും അഞ്ച് ഫോറും കരുത്തുറ്റ ഈ ഇന്നിംഗ്‌സില്‍ ഉള്‍പ്പെട്ടു. ഹാര്‍ദിക് പാണ്ഡ്യ 24 പന്തില്‍ 32 റണ്‍സ് നേടി. വിരാട് കോലി (24 പന്തില്‍ 24), റിഷഭ് പന്ത് (11 പന്തില്‍ 20) എന്നിവരും തെറ്റില്ലാത്ത ബാറ്റിംഗ് കാഴ്ചവച്ചു. എന്നാല്‍ നായകന്‍ രോഹിത് ശര്‍മ ഉള്‍പ്പെടെ മറ്റ് ബാറ്റര്‍മാര്‍ക്കൊന്നും തിളങ്ങാനായില്ല. ഫസല്‍ ഹഖ് ഫാറൂഖി (മൂന്ന്), റാഷിദ് ഖാന്‍ (മൂന്ന്), നവീന്‍ ഉല്‍ ഹഖ് (ഒന്ന്) എന്നിവരാണ് അഫ്ഗാനായി വിക്കറ്റുകള്‍ വീഴ്ത്തിയത്.

Latest