Connect with us

Ongoing News

അനായാസം ഇന്ത്യ; ആദ്യ അങ്കത്തിലെ ജയം അഞ്ച് വിക്കറ്റിന്

കണിശതയോടെ പന്തെറിഞ്ഞ ബോളിങ് വിംഗും ബാറ്റിങില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് വിജയമൊരുക്കിയത്.

Published

|

Last Updated

മുംബൈ | ആസ്‌ത്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ അങ്കത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന അങ്കത്തില്‍ അഞ്ച് വിക്കറ്റിനാണ് വിജയം. കണിശതയോടെ പന്തെറിഞ്ഞ ബോളിങ് സെക്ഷനും ബാറ്റിങില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് വിജയമൊരുക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ഓസീസ് 188 റണ്‍സിന് കൂടാരം കയറി. 189 റണ്‍സെന്ന വിജയ ലക്ഷ്യത്തിലേക്ക് 61 പന്തുകള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ പറന്നെത്തി.

ഓസീസ് മുന്നോട്ടുവച്ച 189 റണ്‍സെന്ന ലക്ഷ്യത്തിലേക്ക് ബാറ്റിങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. എട്ട് പന്തുകള്‍ മാത്രം നേരിട്ട ഇശാന്‍ കിഷന്‍ മൂന്ന് റണ്ണില്‍ നില്‍ക്കേ മാര്‍കസ് സ്റ്റോയിനിസിന്റെ പന്തില്‍ വിക്കറ്റിനു മുമ്പില്‍ കുരുങ്ങി. ശുഭ്മാന്‍ ഗില്ലിനെ മിഷേല്‍ സ്റ്റാര്‍ക് തിരിച്ചയച്ചു. മാര്‍നസ് ലബുസ്ഷാനേക്ക് ക്യാച്ച്. 31 പന്തില്‍ 20 റണ്‍സായിരുന്നു ഗില്ലിന്റെ സമ്പാദ്യം. വിരാട് കോലിയും പെട്ടെന്ന് മടങ്ങി. നാല് റണ്ണെടുത്ത കോലി സ്റ്റാര്‍കിന്റെ തന്നെ മികച്ച ഒരു പന്തില്‍ എല്‍ ബി ഡബ്യുവില്‍ കുടുങ്ങുകയായിരുന്നു. സ്റ്റാര്‍കിന്റെ അടുത്ത പന്തില്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവും എല്‍ ബി ഡബ്ല്യുവായി. ഇതോടെ ഇന്ത്യ തകരുമെന്ന പ്രതീതിയുണ്ടായി.

ഈ അവസരത്തിലാണ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും കെ എല്‍ രാഹുലും സന്ദര്‍ഭോചിതമായ രീതിയില്‍ ബാറ്റ് വീശിയത്. 31 പന്തില്‍ 25 റണ്‍സ് നേടിയ പാണ്ഡ്യ, കൂളായി ക്രീസില്‍ നിലയുറപ്പിച്ച രാഹുലിന് നല്ല പിന്തുണയേകി. സ്റ്റോയിനിസിന്റെ പന്തില്‍ കാമറോണ്‍ ഗ്രീനിന് പിടികൊടുത്ത് പാണ്ഡ്യ തിരികെ പോയതോടെ രാഹുലിന് കൂട്ടായെത്തിയത് രവീന്ദ്ര ജഡേജ. താരത്തിന്റെ 45 റണ്‍സ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ആദ്യം ഹാര്‍ദികിനെയും പിന്നീട് ജഡേജയെയും കൂട്ടുപിടിച്ച് ധീരോദാത്തമായി ബാറ്റേന്തിയ രാഹുലിന്റെ പെര്‍ഫോമന്‍സ് ടീമിനെ അനായാസം ജയത്തിലെത്തിച്ചു. 91 പന്തില്‍ 75 റണ്‍സാണ് രാഹുല്‍ അടിച്ചുകൂട്ടിയത്.

നേരത്തെ, ഇന്ത്യയുടെ ലൈനിലും ലെങ്തിലുമുള്ള പന്തേറില്‍ ആടിയുലഞ്ഞ ഓസീസിന് 35.4 ഓവറുകള്‍ മാത്രമേ ബാറ്റ് ചെയ്യാനൊത്തുള്ളൂ. മിഷേല്‍ മാര്‍ഷും ജോഷ് ഇംഗ്ലിസും ചേര്‍ന്ന് ഓപ്പണിങില്‍ 107 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയപ്പോള്‍ ആസ്‌ത്രേലിയ വന്‍ സ്‌കോറിലെത്തുമെന്ന് തോന്നിച്ചു. എന്നാല്‍, ഇരുവരും പുറത്തായ ശേഷം ആതിഥേയര്‍ക്ക് അധിക സമയം പിടിച്ചുനില്‍ക്കാനായില്ല. ഷമിയും സിറാജുമാണ് മൂന്ന് വിക്കറ്റ് വീതം നേടി ഓസീസിനെ നിലംപരിശാക്കിയത്. ജഡേജക്ക് രണ്ടും ഹാര്‍ദികിനും കുല്‍ദീപ് യാദവിനും ഒന്നു വീതവും വിക്കറ്റ് ലഭിച്ചു.

 

Latest