ഫീച്ചർ
ഈസ്റ്റർ ഉണർത്തുന്ന ചിന്തകൾ
ഈസ്റ്റർ എന്ന ഗ്രീക്ക്‌ലാറ്റിൻ സങ്കലനമായ വാക്കിന് ഉത്ഥാനം എന്നർത്ഥം. എന്നാലോ കേരളീയരതിനെ മലയാളീകരിച്ചു വിളിക്കാൻ ഇഷ്ടപ്പെടുന്നില്ല. ഒരു പക്ഷേ, ഗുഡ് ഫ്രൈഡേയെ ദുഃഖവെള്ളിയെന്ന് വിളിക്കുന്ന വ്യസനം കൊണ്ടാകാം. ഈസ്റ്റർ പോലെ സന്തോഷത്തിനു വക നൽകുന്നു വെള്ളിയാഴ്ചയിലെ കുരിശു മരണവുമെന്ന് ലത്തീൻ സിദ്ധാന്തം. ഈശോ നിന്ദിതനായി കുരിശു മരണത്തിനു വിധേയനായില്ലേൽ ഉത്ഥാനം സാധ്യമാകില്ല. മുൻകൂട്ടി കാലങ്ങളായുള്ള തിരുവെഴുത്തുകൾ നിറവേറ്റാനാണ് യേശുവിന്റെ പാപികളെ തേടിയുള്ള വരവ്. മരിച്ചവരിൽ നിന്നും ക്രിസ്തു ഉയർത്തെഴുന്നേറ്റതിനാലാണ് ക്രിസ്തുമതം രൂപം കൊണ്ടതെന്നാണ് ക്രിസ്തീയ വിശ്വാസം. അതിനാൽ ജനനവും മരണവും ഉത്ഥാനവും ഒരുപോലെ സഭയിലെ സുപ്രധാന ദിനങ്ങളായി ലോകം അറിയപ്പെടുന്നു. മാത്രവുമല്ല, മുപ്പത് വെള്ളിക്കാശ് മോഹിച്ചാണ് യൂദാസ് ഗുരുവിനെ ചുംബിച്ച് യൂദർക്ക് ഒറ്റിക്കൊടുത്തത്. പിന്നീട് സഹതപിച്ച് പാപക്കറയായ പണം പള്ളിയിൽ വലിച്ചെറിഞ്ഞു. യൂദാസ് തൂങ്ങിമരിച്ചു.
കല്ലറയിൽ സംസ്‌കരിച്ച ഈശോ മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റതിന്റെ ഓർമയാണ് ഈസ്റ്റർ ഞായർ. ഈ വർഷം ഏപ്രിൽ 17നാണ് ലോകമെന്പാടും ഈസ്റ്റർ ആഘോഷം. പതിരാ കുർബാനക്ക് ശേഷം പുരോഹിതൻ വെഞ്ചിരിച്ച കേക്കും, ഈസ്റ്റർ എഗ്ഗും ക്രിസ്തുമത വിശ്വാസികൾ സ്വീകരിക്കുന്നു. എഗ്ഗ് ഭൂരിഭാഗവും ചുവപ്പു ചായം പൂശിയ വരകളാലാണ് അലങ്കരിക്കുന്നത്. കർത്താവ് കുരിശിൽ ചിന്തിയ തിരുരക്ത നിറം സൂചിപ്പിക്കുന്നു. പുതു ജീവനും വെളിച്ചവുമാണ് വിശ്വാസം! ഉദാഹരണം കൊന്ന പാപം തിന്നാൽ തീരുമെന്ന പഴഞ്ചൊല്ല്. നമ്മുടെ പാപങ്ങളുടെ പ്രായശ്ചിത്തമായിരുന്നു ദൈവപുത്രന്റെ കുരിശിലെ ബലി. മരണത്തെ മറികടന്ന ഉത്ഥാനം ചരിത്ര വിജയ സംഭവവും. ശാന്തി, സമാധാന, ഐശ്വര്യത്തിന്റെ ദീപശിഖയുമായാണ് ഉത്ഥിതനായ ക്രിസ്തു വെള്ള വസ്ത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. വിശ്വാസികളാ തേജസ് പുതു ജീവൻെറ ഉന്മേഷമാക്കുന്നു എന്നത് ആചാരം. കൈയഴഞ്ഞ ദാന ധർമവും അനുഷ്ഠിക്കുന്നു. ഇസ്റ്റർ ദിവസമാണ് പീഡാനുഭവകാല അന്പത് നോന്പ് ക്രിസ്ത്യാനികൾ വീടുന്നത്. വീടുകളിൽ പുതുമോടിയും അലങ്കാരങ്ങളും. വിഭവ സമൃദ്ധമായ ആഹാരങ്ങളും പലവിധ മധുര പലഹാരങ്ങളും പാകം ചെയ്തു ഭക്ഷിച്ചു തൃപ്തരാകുന്നു.