Connect with us

From the print

ഈസി മുംബൈ

ഹൈദരാബാദിനെതിരെ മുംബൈക്ക് നാല് വിക്കറ്റ് ജയം.

Published

|

Last Updated

സൂര്യകുമാർ യാദവും വിൽ ജാക്‌സും ബാറ്റിംഗിനിടെ

മുംബൈ | ബൗളര്‍മാരും ബാറ്റര്‍മാരും ഒരുപോലെ തിളങ്ങിയപ്പോള്‍ ഐ പി എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സിന് നാല് വിക്കറ്റ് ജയം. 163 റണ്‍സ് വിജയലക്ഷ്യം മുംബൈ 18.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. മുംബൈയുടെ മൂന്നാം ജയവും ഹൈദരാബാദിന്റെ അഞ്ചാം തോല്‍വിയുമാണിത്. 26 പന്തില്‍ 36 റണ്‍സെടുത്ത വില്‍ ജാക്്സ് ആണ് മുംബൈയുടെ ടോപ് സ്‌കോറര്‍. റിയാന്‍ റിക്കല്‍ടണ്‍ (23 പന്തില്‍ 31), സൂര്യകുമാര്‍ യാദവ് (15 പന്തില്‍ 26), രോഹിത് ശര്‍മ (16 പന്തില്‍ 26), തിലക് വര്‍മ (17 പന്തില്‍ 21 നോട്ടൗട്ട്), ഹാര്‍ദിക് പാണ്ഡ്യ (ഒമ്പത് പന്തില്‍ 21) എന്നിവരും നന്നായി ബാറ്റ് ചെയ്തു. ഹൈദരാബാദിനായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 162 റണ്‍സെടുത്തത്. 28 പന്തില്‍ 40 റണ്‍സെടുത്ത ഓപണര്‍ അഭിഷേക് ശര്‍മയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. ഓപണിംഗ് വിക്കറ്റില്‍ അഭിഷേകും ട്രാവിസ് ഹെഡും ചേര്‍ന്ന് 7.3 ഓവറില്‍ 59 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറി വേട്ടക്കാരനായ അഭിഷേക് ആക്രമിച്ചുകളിച്ചെങ്കിലും ഹെഡിന് താളം കണ്ടെത്താനായില്ല. 29 പന്തുകള്‍ നേരിട്ട ഹെഡിന് 28 റണ്‍സ് നേടാനായുള്ളൂ. അഭിഷേകിനെ പുറത്താക്കി ഹാര്‍ദിക് പാണ്ഡ്യയാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് മികച്ച ബൗളിംഗ് മാറ്റങ്ങളിലൂടെ മുംബൈ ഹൈദരാബാദ് ബാറ്റര്‍മാരെ നിയന്ത്രിച്ചു.

ഇഷാന്‍ കിഷന്‍ (രണ്ട്) നിരാശപ്പെടുത്തി. രാജസ്ഥാനെതിരായ ആദ്യ കളിയില്‍ സെഞ്ച്വറി നേടിയ ശേഷം പൂജ്യം, രണ്ട്, രണ്ട്, 17, ഒമ്പത്, രണ്ട് എന്നിങ്ങനെയാണ് അവസാന ആറ് ഇന്നിംഗ്സുകളില്‍ ഇഷാന്റെ പ്രകടനം. നിതീഷ് കുമാര്‍ റെഡ്ഡി 19 റണ്‍സെടുത്തെങ്കിലും 21 പന്തുകള്‍ വേണ്ടിവന്നു. അവസാന ഓവറുകളില്‍ ഹെന്റിച് ക്ലാസ്സന്റെയും (28 പന്തില്‍ 37) അനികേത് വര്‍മയുടെയും (എട്ട് പന്തില്‍ 18 നോട്ടൗട്ട്) ബാറ്റിംഗാണ് സ്‌കോര്‍ 160നപ്പുറത്തെത്തിച്ചത്. മുംബൈക്കായി വില്‍ ജാക്സ് രണ്ടും ട്രെന്റ് ബൗള്‍ട്ട്, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

 

Latest