Connect with us

Kasargod

ജാമിഅ സഅദിയ്യ അറബിയ്യക്ക് ഈറ്റ് റൈറ്റ് കാമ്പസ് പഞ്ചനക്ഷത്ര പദവി

1500 ലേറെ വിദ്യാര്‍ഥികള്‍ക്ക് ദിവസവും ഭക്ഷണം തയ്യാര്‍ ചെയ്യുന്ന സഅദിയ്യ ശരീഅത്ത് കോളജ് കാന്റീന്‍ സംസ്ഥാനത്ത് ചാരിറ്റി മേഖലയില്‍ ആദ്യമായി ഈ റേറ്റിങ് നേടുന്ന വലിയ സ്ഥാപനമാണ്.

Published

|

Last Updated

ദേളി | ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഈറ്റ് റൈറ്റ് കാമ്പസ് റേറ്റിങില്‍ കാസര്‍കോട് ജാമിഅ സഅദിയ്യ അറബിയ്യക്ക് പഞ്ചനക്ഷത്ര പദവി. 1500 ലേറെ വിദ്യാര്‍ഥികള്‍ക്ക് ദിവസവും ഭക്ഷണം തയ്യാര്‍ ചെയ്യുന്ന സഅദിയ്യ ശരീഅത്ത് കോളജ് കാന്റീന്‍ സംസ്ഥാനത്ത് ചാരിറ്റി മേഖലയില്‍ ആദ്യമായി ഈ റേറ്റിങ് നേടുന്ന വലിയ സ്ഥാപനമാണ്.

അമ്പതാണ്ട് പിന്നിട്ട ദേളി സഅദിയ്യ കാമ്പസില്‍ 7000-ല്‍ പരം വിദ്യാര്‍ഥികള്‍ അധ്യയനം നടത്തുന്നുണ്ട്. മൂവായിരത്തോളം വിദ്യാര്‍ഥികള്‍ വിവിധ സ്ഥാപനങ്ങളിലായി താമസിച്ചു പഠിക്കുന്നു. ഇവര്‍ക്ക് മികച്ച താമസ ഭക്ഷണ സൗകര്യമാണ് സ്ഥാപനം സൗജന്യമായി ഒരുക്കുന്നത്. പഞ്ചനക്ഷത്ര പദവി സ്ഥാപനം പിന്തുടരുന്ന കാര്യക്ഷമതക്കുള്ള അംഗീകാരമാണെന്ന് പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ
തങ്ങള്‍ കുറ പ്രാര്‍ഥന നടത്തി. വര്‍ക്കിംഗ് സെക്രട്ടറി എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് സ്വാഗതം പറഞ്ഞു.

സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ആരംഭിച്ച പദ്ധതിയാണ് ഈറ്റ് റൈറ്റ് ഇന്ത്യ. ഇതിന്റെ
ഭാഗമായാണ് സര്‍വകലാശാലകള്‍, കോളജുകള്‍, സ്ഥാപനങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവക്കായി ഈറ്റ് റൈറ്റ് കാമ്പസ് പരിപാടി ആരംഭിച്ചത്. രാജ്യത്തെ പ്രധാന ഹോട്ടലുകളും സ്ഥാപനങ്ങളുമാണ് നിലവില്‍ ഈ പദവിയിലുള്ളത്. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പുമായി ചേര്‍ന്നാണ് ഈ പരിപാടി നടപ്പിലാക്കുന്നത്. സഅദിയ്യ കാമ്പസിലെ ഭക്ഷണശാല എഫ് എസ് എസ് എ ഐക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്ത് മുഴുവന്‍ ജീവനക്കാര്‍ക്കും പരിശീലനം നല്‍കുകയും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുകയും ചെയ്തു.

സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് ജീവനക്കാര്‍ ഇടവിട്ട് സ്ഥാപനം സന്ദര്‍ശിച്ച് ഗുണമേന്മ ഉറപ്പ് വരുത്തി. പാചകത്തിന് ഉപയോഗിക്കുന്ന ഭക്ഷ്യ വസ്തുക്കളും തയ്യാര്‍ ചെയ്ത ഭക്ഷണവും പരിശോധനക്കു വിധേയമാക്കി. എഫ് എസ് എസ് ഐ യുടെ എം പാനല്‍ ചെയ്ത തേര്‍ഡ് പാര്‍ട്ടി ഓഡിറ്റും പൂര്‍ത്തിയാക്കിയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. മൂന്നോ അതിലധികമോ നക്ഷത്രങ്ങള്‍ നേടിയ സ്ഥാപനങ്ങളെയാണ് ഈറ്റ് റൈറ്റ് കാമ്പസായി സാക്ഷ്യപ്പെടുത്തുന്നത്. സഅദിയ്യക്ക് ഇതില്‍ ഫൈവ് സ്റ്റാറോടെ ഏറെ മികവ് പുലര്‍ത്താന്‍ സാധിച്ചു. രണ്ട് വര്‍ഷത്തേക്കാണ് സര്‍ട്ടിഫിക്കേഷന്‍ സാധുത. കുട്ടികള്‍ക്ക് ആരോഗ്യ സംരക്ഷണത്തിനാവശ്യമായ എല്ലാ വിഭവങ്ങളും ഉള്‍പ്പെടുത്തിയ മെനു അനുസരിച്ചാണ് സഅദിയ്യയില്‍ ഭക്ഷണമൊരുക്കുന്നത്.

60 ഏക്കര്‍ വരുന്ന വിശാലമായ കാമ്പസ് ഏറെ മികച്ച നിലയിലാണ് പരിചരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിദ്യാര്‍ഥികള്‍ പഠനത്തിനായി എത്തുന്ന സഅദിയ്യക്ക് ലഭിച്ച അംഗീകാരം അഭിമാനകരമാണെന്ന് സെക്രട്ടേറിയറ്റ് യോഗം അഭിപ്രായപ്പെട്ടു. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ കരീം സഅദി ഏണിയാടി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ശാഫി ഹാജി കീഴൂര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കാന്റീന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഇസ്മാഈല്‍ സഅദി പാറപ്പള്ളിയെ യോഗം അഭിനന്ദിച്ചു.