Connect with us

Editorial

‘പഞ്ചാങ്ക' ഫലം പ്രതിധ്വനിപ്പിക്കുന്നത്‌

ബി ജെ പി സൃഷ്ടിച്ച അജന്‍ഡക്കൊത്ത് നീങ്ങാനായിരുന്നു മറ്റു പാര്‍ട്ടികളുടെ വിധി. വോട്ടുകള്‍ പലതായി ഭിന്നിച്ചപ്പോള്‍ വലിയ ഓഹരി നേടി ബി ജെ പി ജയിച്ചു കയറി. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് ഈ വിജയം ബി ജെ പിക്ക് നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. അതാണ് ഈ തിരഞ്ഞെടുപ്പിന്റെ നിര്‍ണായക പ്രാധാന്യം.

Published

|

Last Updated

ബി ജെ പി അജയ്യമായി നില്‍ക്കുന്ന കാഴ്ചയാണ് ‘പഞ്ചാങ്കം’ പൂര്‍ത്തിയാകുമ്പോള്‍ കാണാനാകുന്നത്. പ്രതികൂല സാഹചര്യങ്ങള്‍ പലതുണ്ടായിട്ടും ആധികാരിക വിജയം നേടിയ ബി ജെ പിയുടെ കരുത്ത് അംഗീകരിച്ചേ തീരൂ. അന്തച്ഛിദ്രങ്ങളൊന്നുമില്ലാതെ എണ്ണയിട്ട യന്ത്രം പോലെ തിരഞ്ഞെടുപ്പ് മുഖത്ത് നിലകൊള്ളാനും മറ്റ് പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായി പ്രചാരണം താഴേത്തട്ടില്‍ ഫലപ്രദമായി നടത്താനും സാധിച്ചത് ബി ജെ പിയുടെ വിജയവഴിയൊരുക്കി. പോള്‍ എന്‍ജിനീയറിംഗില്‍ ആ പാര്‍ട്ടിയെ കഴിഞ്ഞേ മറ്റാരുമുള്ളൂവെന്ന് വീണ്ടും തെളിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവം ബി ജെ പി ഒരിക്കല്‍ കൂടി ഫലപ്രദമായി ഉപയോഗിച്ചു. മറ്റുള്ളവര്‍ വെച്ച അജന്‍ഡക്ക് പിറകേ പോകേണ്ട അവസ്ഥ ബി ജെ പിക്കുണ്ടായില്ല. ബി ജെ പി സൃഷ്ടിച്ച അജന്‍ഡക്കൊത്ത് നീങ്ങാനായിരുന്നു മറ്റു പാര്‍ട്ടികളുടെ വിധി. വോട്ടുകള്‍ പലതായി ഭിന്നിച്ചപ്പോള്‍ വലിയ ഓഹരി നേടി ബി ജെ പി ജയിച്ചു കയറി.

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് ഈ വിജയം ബി ജെ പിക്ക് നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. അതാണ് ഈ തിരഞ്ഞെടുപ്പിന്റെ നിര്‍ണായക പ്രാധാന്യം. ഇപ്പോള്‍ ബി ജെ പി തുടരുന്ന രാഷ്ട്രീയ മാതൃകക്കുള്ള അംഗീകാരമായാകും പാര്‍ട്ടി ഈ വിജയത്തെ വ്യാഖ്യാനിക്കുക. വൈകാരികമായ, വിഭജനാത്മകമായ, ഭൂരിപക്ഷ യുക്തിയില്‍ അധിഷ്ഠിതമായ നയം തന്നെ മതി ജയിച്ചുവരാനെന്ന തീര്‍പ്പില്‍ ബി ജെ പി എത്തുകയാകും ഇതിന്റെ ഫലം. ജനങ്ങളുടെ ജീവിതത്തെ ദുസ്സഹമാക്കുന്ന നയം പിന്തുടര്‍ന്നാലും മന്ദിര്‍- മസ്ജിദ് വികാരം ജ്വലിപ്പിച്ചാല്‍ അടിസ്ഥാന പ്രശ്നങ്ങള്‍ ജനം മറന്നു കൊള്ളുമെന്ന് പാര്‍ട്ടിക്കറിയാം. അല്ലെങ്കില്‍ ചരിത്രത്തെ വളച്ചൊടിച്ച് വികാരം കത്തിച്ചാലും മതി. നഗരങ്ങളുടെ പേര് മാറ്റിയാലും മതി. മുത്വലാഖ് നിയമവും പൗരത്വ ഭേദഗതി നിയമവും കശ്മീര്‍ വിഭജന ബില്ലുമെല്ലാം ഈ തന്ത്രത്തിന്റെ ഭാഗമായിരുന്നുവല്ലോ. ജനങ്ങളുടെ യഥാര്‍ഥ ജീവിത പ്രശ്നങ്ങള്‍ താഴോട്ട് പോകുകയും വൈകാരികമായ വിഷയങ്ങള്‍ മാത്രം നിറയുകയും ചെയ്യുന്നത് ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ല. വര്‍ഗീയതയും ജാതീയതയുമൊക്കെ ഇളക്കി വിട്ടാണ് തിരഞ്ഞെടുപ്പുകള്‍ ജയിച്ചു കയറുന്നതെങ്കില്‍ ജനോപകാരപ്രദമായ നയങ്ങളാവിഷ്‌കരിക്കാനും എല്ലാവരെയും ഒന്നായി കാണാനും രാഷ്ട്രീയ പാര്‍ട്ടികള്‍ വിമുഖരാകും. സബ് കാ സാഥ്, സബ്കാ വികാസ് എന്നത് വെറും മുദ്രാവാക്യമായി അധഃപതിക്കും.

അഞ്ച് നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടി കോണ്‍ഗ്രസ്സിനെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. ദുര്‍ബലമായ പ്രതിപക്ഷം ജനാധിപത്യ സംവിധാനത്തിന്റെ തന്നെ ദൗര്‍ബല്യമാണല്ലോ. രാജ്യത്തിന്റെ ദേശീയ സമര പാരമ്പര്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്. എന്തെല്ലാം വിമര്‍ശം ഉണ്ടെങ്കിലും ആ പാര്‍ട്ടിയെ തന്നെയാണ് മതേതര ബദലാകാന്‍ ജനങ്ങള്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ്സ് ആ ഉത്തരവാദിത്വം കൈയേല്‍ക്കുന്നുണ്ടോ? ആ പാര്‍ട്ടിയുടെ സംഘടനാ സംവിധാനം എത്രമാത്രം ദുര്‍ബലമാണ്? ബി ജെ പിയെപ്പോലെ അതിശക്തമായ സംവിധാനങ്ങളുള്ള എതിരാളിക്ക് മുന്നില്‍ ഒരു ദേശീയ അധ്യക്ഷനെപ്പോലും അവതരിപ്പിക്കാനാകാത്ത സ്ഥിതിയിലല്ലേ പാര്‍ട്ടി. മിക്ക സംസ്ഥാനങ്ങളിലും വ്യവസ്ഥാപിതമായ സംഘടനാ തിരഞ്ഞെടുപ്പുകള്‍ നടക്കുന്നില്ല. പഞ്ചാബിലെ കാര്യം മാത്രമെടുത്താല്‍ ഇത് മനസ്സിലാകും. അവിടെ കോണ്‍ഗ്രസ്സിന് ശക്തമായ അടിത്തറയുണ്ട്. പക്ഷേ, ഏതാനും വര്‍ഷമായി അവിടെ നിന്നുള്ള വാര്‍ത്തകളില്‍ നിറഞ്ഞത് നേതാക്കള്‍ തമ്മിലുള്ള പരസ്യമായ വടംവലിയായിരുന്നു. നവ്ജ്യോത് സിംഗ് സിദ്ദുയുയര്‍ത്തിയ വിമത നീക്കത്തിനൊടുവില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി. അദ്ദേഹം പിന്നീട് ബി ജെ പി പാളയത്തിലെത്തി. ചരണ്‍ജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രി സ്ഥാനത്ത് വാഴിച്ചെങ്കിലും ഐക്യമുണ്ടായില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ രാഹുല്‍ ഗാന്ധി വിയര്‍ത്തു. ഒടുവില്‍ ചന്നിയെ തന്നെ പ്രഖ്യാപിച്ചപ്പോഴും സിദ്ദുവിന്റെ അതൃപ്തി അവസാനിച്ചില്ല.
ഫലമെന്തായി? കര്‍ഷക സമരത്തിന്റെ രാഷ്ട്രീയ ഗുണം കോണ്‍ഗ്രസ്സിന് ലഭിച്ചതേയില്ല. പഞ്ചാബിലെ ജനങ്ങള്‍ കോണ്‍ഗ്രസ്സിന് പകരം എ എ പിയെ തിരഞ്ഞെടുത്തു. സുതാര്യമായ പ്രവര്‍ത്തന രീതി ആം ആദ്മി പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടായി. ഡല്‍ഹിയില്‍ അവര്‍ ചെയ്ത് കാണിച്ചതിന്റെ ആത്മവിശ്വാസം പ്രചാരണത്തില്‍ പ്രതിഫലിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു. അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഭഗ്വത് സിംഗ് മാന്നിനെ ജനാഭിപ്രായ സര്‍വേയിലൂടെയാണ് നിശ്ചയിച്ചതെന്ന് പ്രചരിപ്പിച്ചു. എന്നാല്‍ ഡല്‍ഹിയെപ്പോലെ പൂര്‍ണ സംസ്ഥാന പദവിയില്ലാത്ത ഒരു ഇത്തിരി വട്ടത്തില്‍ കാണിച്ച ‘വിപ്ലവം’ പഞ്ചാബിലെത്തുമ്പോള്‍ ആവര്‍ത്തിക്കാനാകുമോയെന്ന ചോദ്യമുണ്ട്. പല വിവാദ വിഷയങ്ങളിലും നയം വ്യക്തമാക്കാതെ മൗനം പാലിച്ചാണ് എ എ പി മുന്നോട്ട് പോകുന്നത്. കെജ്രിവാള്‍ വിജയാഹ്ലാദ പ്രസംഗത്തില്‍ അവകാശപ്പെടുന്ന പോലെ ആം വിപ്ലവം ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കാന്‍ അത് മതിയാകില്ല. നയം വ്യക്തമാക്കുക തന്നെ വേണ്ടിവരും. പലപ്പോഴും എ എ പിയുടെ നിലപാടുകള്‍ ബി ജെ പിയുടേതിന് സമാനമാകുകയോ തുടര്‍ച്ചയാകുകയോ ചെയ്യാറുണ്ട്. അതുകൊണ്ട് കോണ്‍ഗ്രസ്സ് പോകുന്നെങ്കില്‍ പോകട്ടേ എ എ പിയുണ്ടല്ലോ എന്ന് സമാധാനിക്കാനാകുമെന്ന് തോന്നുന്നില്ല. കോണ്‍ഗ്രസ്സ് അതിന്റെ നയം പൊളിച്ചെഴുതണം. പഴയ സാമ്പത്തിക നയത്തെ തള്ളിപ്പറയണം. വിമതരെന്ന് മുദ്ര കുത്തപ്പെട്ട നേതാക്കള്‍ പറയുന്നതിന് ചെവികൊടുക്കണം. മതേതര ഉള്ളടക്കം കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കണം.

ഗോവയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും വീണ്ടും സര്‍ക്കാറുണ്ടാക്കുമ്പോള്‍ ബി ജെ പി അതിന്റെ ദേശവ്യാപക പ്രഹര ശേഷി ഊട്ടിയുറപ്പിക്കുകയാണ്. അതോടൊപ്പം യോഗി ആദിത്യനാഥെന്ന നേതൃതാരത്തെ കൂടി അവര്‍ മുന്നോട്ട് വെക്കുകയാണ്. യു പിയില്‍ സമാജ്വാദി പാര്‍ട്ടി നന്നായി പൊരുതിയിട്ടുണ്ട്. അതിന്റെ ഗുണം സീറ്റെണ്ണത്തില്‍ കാണാം. എന്നാല്‍ അതിനെ മറികടക്കുന്ന പ്രകടനത്തിലേക്ക് ബി ജെ പി കുതിച്ചത് യോഗിയുടെ മികവായി തന്നെ അവതരിപ്പിക്കപ്പെടും. മൂന്ന് പതിറ്റാണ്ടിന് ശേഷം ഇതാദ്യമാണ് യു പിയില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുന്നത്. ഒരു മുഖ്യമന്ത്രി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി ഭരണത്തുടര്‍ച്ചയുണ്ടാക്കുന്നത് ഇതാദ്യവും. യോഗി നല്ലൊരു ഐകണാകുകയാണ്. ബി ജെ പി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിന് പറ്റിയ മുഖം. ഈ സാഹചര്യത്തില്‍ വിഭജന രാഷ്ട്രീയത്തിന് പകരം ഉള്‍ക്കൊള്ളല്‍ രാഷ്ട്രീയം സാധ്യമാകുമോയെന്നതാണ് ചോദ്യം. ന്യൂനപക്ഷങ്ങള്‍ നിതാന്തമായ വേദനയിലേക്ക് എടുത്തെറിയപ്പെടുമോയെന്നതാണ് ആധി.

 

---- facebook comment plugin here -----

Latest