Connect with us

ആരോഗ്യം

പരിസ്ഥിതി സൗഹൃദ ഭക്ഷണക്രമം

Published

|

Last Updated

2022ലെ ലോകാരോഗ്യ ദിനത്തിൽ ലോകാരോഗ്യ സംഘടനക്ക് രസകരവും എന്നാൽ ചിന്തനീയവുമായ ഒരു ചോദ്യമുണ്ടായിരുന്നു. മനുഷ്യനുൾപ്പെടെ എല്ലാ ജീവജാലങ്ങൾക്കും ശുദ്ധവായു, വെള്ളം, ഭക്ഷണം എന്നിവ ഉറപ്പുവരുത്തി, ഭൂവാസികളുടെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടൊപ്പം, നമ്മുടെ മാതൃഗ്രഹത്തിന്റെ ആരോഗ്യത്തിൽ കൂടെ ആളുകൾക്ക് നിയന്ത്രണമുള്ളതുമായ ഒരു ലോകത്തെ പുനർവിചിന്തനം ചെയ്യാൻ നമുക്ക് കഴിയുമോ?

ഹരിതഗൃഹ വാതക ഉദ്‌വമനം വഴി, മലിനീകരണം സമുദ്രങ്ങളുടെ അടിത്തട്ട് മുതൽ ഏറ്റവും ഉയരമുള്ള പർവതങ്ങളിലേക്കുവരെ, നമ്മുടെ ഭക്ഷ്യശൃംഖലയിലേക്ക് കടന്നുകയറിയിട്ടുണ്ട്. ഇതേ മാലിന്യം ഭക്ഷണത്തിലൂടെ നമ്മിലേക്ക്‌ തിരിച്ചുകയറി പൊണ്ണത്തടിയും അർബുദവും മുതൽ ഹൃദ്രോഗങ്ങളും വരെയുള്ള വിപത്തുണ്ടാക്കുന്ന ഒരു ഭീകരൻ ആണെന്ന് പലരും അറിയുന്നില്ല. പുക തുപ്പുന്ന ഭീമൻ ഫാക്ടറികൾ മാത്രമല്ല നമ്മൾ കഴിക്കുന്ന ഓരോ പിടി ഭക്ഷണവും ഭൂമിയുടെ വിഭവങ്ങളിൽ നിന്ന് ഒരു ചെറിയ അളവ് ഉപയോഗിക്കുന്നുണ്ട്. തദ്ഫലമായി തെറ്റായ ഒരു ഫുഡ് ചോയ്‌സ് ജൈവ പരിസ്ഥിതിക്കും ജലസ്രോതസ്സുകൾക്കുമൊക്കെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
“മെച്ചപ്പെട്ടതും കൂടുതൽ സുസ്ഥിരവുമായ ഭക്ഷണക്രമം തിരഞ്ഞെടുക്കുന്നത് ആളുകൾക്ക് അവരുടെ ആരോഗ്യം മെച്ചപ്പെടുത്താനും പരിസ്ഥിതി സംരക്ഷിക്കാനും കഴിയുന്ന ഒരു പ്രധാന മാർഗമാണ്’ എന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ മൈക്കൽ ക്ലാർക്ക് അഭിപ്രായപ്പെട്ടിട്ടുണ്ട്.

സുസ്ഥിരമായ ഭക്ഷണക്രമം എന്താണെന്ന് നമുക്ക് നോക്കാം:
. മാംസം, കോഴി, ഫാമിൽ വളർത്തുന്ന മത്സ്യങ്ങൾ എന്നിവയുടെ ഉപയോഗം കുറയ്ക്കുക.
ബ്രീഡ് മത്സ്യങ്ങൾക്കും ഫാമിൽ വളർത്തുന്ന കോഴികൾക്കും അവയുടെ വലിപ്പം വർധിപ്പിക്കുന്നതിനായി കൃത്രിമമായി ഭക്ഷണം നൽകുന്നത് നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും പ്രധാന ഹരിത വാതക ഉദ്‌വമനത്തിന് കാരണമാവുകയും ചെയ്യുന്നുണ്ട്. അമിനോ ആസിഡുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവയാൽ സമ്പന്നമായ സസ്യജന്യ പ്രോട്ടീനുകൾ കഴിക്കുക എന്നതാണ് പ്രതിവിധി.
.അളവിൽ കൂടുതൽ പാചകം ചെയ്യുന്നതും ദിവസങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിച്ചുവെച്ചു കഴിക്കുന്നതും അലസമായ ഫാഷനായി മാറിയിരിക്കുന്നു. ശീതീകരിച്ച് വീണ്ടും ചൂടാക്കുന്നത് ഭക്ഷണത്തിലെ വിറ്റാമിനുകളെയും ധാതുക്കളെയും നശിപ്പിക്കുന്നു.
നേരെമറിച്ച്, മില്ലറ്റുകൾ, ധാന്യങ്ങൾ ഇവ പുളിപ്പിച്ചുണ്ടാക്കുന്ന ഭക്ഷണപദാർഥങ്ങൾ ഇഡ്ഡലി ദോശ, അപ്പം ഇവ, ഫോളേറ്റ്, ബി 6, ബി 12, കെ, അമിനോ ആസിഡുകൾ തുടങ്ങിയ വിറ്റാമിനുകൾ ഇരട്ടിയാകുന്നതിനാൽ കൂടുതൽ പ്രയോജനകരമാണ്. നമ്മുടെ പഴങ്കഞ്ഞിയും ഇത്തരത്തിൽ ആരോഗ്യകരമായ ഭക്ഷണമാണ്. അവ ഗ്യാസ്ട്രിക് റിഫ്ലക്സ് ഡിസോർഡേഴ്സ് കുറയ്ക്കുന്നു. സഹജീവികളായ ബാക്ടീരിയകളുടെ വളർച്ചയിലൂടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു, വേനൽക്കാലത്ത് നല്ല ബോഡി കൂളന്റ് കൂടെയാണ്. പഴങ്ങളും മേൽ പറഞ്ഞ വിറ്റാമിനുകളാൽ സമൃദ്ധമാണ്.

. ഭക്ഷണം പാഴാക്കരുത്.
നാം ഭക്ഷണംപാഴാക്കുമ്പോൾ, പ്രകൃതി വിഭവങ്ങളും സ്വന്തം പണവുമാണ് കളയുന്നത് എന്നോർമവേണം, ശരാശരി ഭക്ഷണത്തിന്റെ 30ശതമാനത്തോളം നാം പാഴാക്കുന്നതായി പഠനങ്ങൾ പറയുന്നു.
. അതാതു കാലങ്ങളിൽ ഉണ്ടാകുന്ന ഭക്ഷണം/ ഫലങ്ങൾ കഴിക്കുക.
കൃഷിയിൽ ഇടവിളകൾ മണ്ണിനെ പുഷ്ടിപ്പെടുത്തുന്നതുപോലെ, ഈ പ്രകൃതിയുടെ ഫലവൈവിധ്യം നമ്മുടെ ദഹനവ്യവസ്ഥക്കും മനസ്സിനും നല്ലതാണ്. അത് പ്രയോജനപ്പെടുത്തുക
. സമീപത്ത് ലഭ്യമായവ ഉപയോഗിക്കുക.
ലോകമെമ്പാടും ചുറ്റി സഞ്ചരിച്ചു വരുന്ന ഭക്ഷണത്തേക്കാൾ നല്ലതാണ് കൂടുതൽ രുചികരവും പ്രാദേശികമായി വളരുന്നതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത്. അത് നിങ്ങളുടെ കാർബൺ കാൽപ്പാടുകൾ കുറയ്ക്കുന്നതിനുള്ള ഒരു മികച്ച മാർഗവുമാണ്.
. നിങ്ങളുടെ സ്വന്തം അടുക്കളത്തോട്ടം വളർത്തുക
കൃഷിയിറക്കൽ, രാസവളങ്ങൾ, കീടനാശിനികൾ, കളനാശിനികൾ, കുമിൾനാശിനികൾ തുടങ്ങിയ തീവ്രമായ കാർഷിക രീതികൾ മണ്ണിന്റെ പോഷണത്തെ ഇല്ലാതാക്കി, അത് ഉത്പാദിപ്പിക്കുന്ന ഭക്ഷണത്തിൽ പ്രതിഫലിക്കുന്നു. പ്രകൃതി കൃഷിയാണ് ഇതിനു നല്ലൊരു ബദൽ.
. എയർകണ്ടീഷണർ ഉപയോഗം കുറച്ചു പുറത്തേക്കു ഇറങ്ങുക. കൂടുതൽ വിറ്റാമിൻ ഡി ലഭിക്കാൻ സൂര്യപ്രകാശം ഏൽക്കുക.
.പ്ലാസ്റ്റിക് പായ്ക്ക് ചെയ്ത പലചരക്ക് സാധനങ്ങൾ ഒഴിവാക്കി പ്ലാസ്റ്റിക് വേണ്ടെന്ന് പറയുക.
. മദ്യവും പുകയിലയും ഒഴിവാക്കുക.