bafar zone
പരിസ്ഥിതിലോല മേഖല: സംസ്ഥാനത്ത് ഇന്ന് ഉന്നത യോഗം
ജനവാസ മേഖലയെ ബഫര്‍സോണില്‍ നിന്ന് ഒഴിവാക്കുക ലക്ഷ്യം: മന്ത്രി എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം | സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വനംമന്ത്രി എ കെ ശശീന്ദ്രന്‍. വിഷയത്തില്‍ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. പരിസ്ഥിതിലോല മേഖല സംബന്ധിച്ച സുപ്രിംകോടതി ഉത്തരവ് ചര്‍ച്ച ചെയ്യാന്‍ ഇന്ന് സംസ്ഥാനത്ത് ഉന്നത യോഗം ചേരാനിരിക്കെയാണ് മന്ത്രിയുടെ പ്രതികരണം. ജനവാസ മേഖലകളെ സോണില്‍ നിന്ന് ഒഴിവാക്കുകയാണ് ലക്ഷ്യം. സംസ്ഥാന സര്‍ക്കാറിന് സുപ്രീം കോടതിയെ സമീപിക്കാന്‍ കഴിയുമോ എന്നാണ് യോഗത്തില്‍ പ്രധാനമായും പരിശോധിക്കുക. വിഷയത്തില്‍ സര്‍വകക്ഷി യോഗവും സര്‍ക്കാറിന്റെ പരിഗണനയിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വന്യജീവി സങ്കേതങ്ങള്‍, ദേശീയോദ്യാനങ്ങള്‍ എന്നിവക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വീതിയിലെങ്കിലും പരിസ്ഥിതിലോല മേഖല വേണമെന്ന സുപ്രിംകോടതി ഉത്തരവ് സംസ്ഥാനത്ത് ഒരു ലക്ഷം കുടുംബങ്ങളെ ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.
സംസ്ഥാനത്തില്‍ 24 സംരക്ഷിത മേഖലകളാണുള്ളത്. കോടതി ഉത്തരവനുസരിച്ച് സംരക്ഷിത മേഖലക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വീതിയില്‍ സ്ഥലം മാറ്റിവച്ചാല്‍ ആകെ രണ്ടര ലക്ഷം ഏക്കര്‍ ഭൂമിയാകും പരിസ്ഥിതിലോല മേഖലയാവുക. ജനസാന്ദ്രതയില്‍ മുന്നിലുള്ള കേരളത്തില്‍ ഇത് ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. ദേശീയതലത്തിലെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററില്‍ 360 പേര്‍ ആണെങ്കില്‍ കേരളത്തില്‍ അത് 860 എന്ന നിലയിലാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ നിയമപോരാട്ടം നടത്താനാണ് സര്‍ക്കാറിന്റെ തീരുമാനം.