Kerala
പരിസ്ഥിതിലോല മേഖല; പുതിയ ഉത്തരവിനെതിരെ കേരളം നിയമോപദേശം തേടും- മന്ത്രി എ കെ ശശീന്ദ്രന്‍
വിഷയം ചര്‍ച്ച ചെയ്യാന്‍ നാളെ ഉന്നതയോഗം
തിരുവനന്തപുരം | സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖലയാക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ കേരളം. സുപ്രീം കോടതി ഉത്തരവ് കേരളത്തില്‍ ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും നിലവിലെ സ്ഥിതി തുടരാന്‍ വേണ്ട കാര്യങ്ങള്‍ സംസ്ഥാനം ആലോചിക്കുമെന്നും വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. നാളെ കണ്ണൂരില്‍ ഉദ്യോഗസ്ഥത തലത്തില്‍ യോഗം ചേരും. നിയമനടപടികളെക്കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. ഇക്കാര്യത്തില്‍ നിയമോപദേശം തേടിയ ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും ശശീന്ദ്രന്‍ പറഞ്ഞു.
വനസംരക്ഷണവുമായി ബന്ധപ്പെട്ട് ടി എന്‍ ഗോദവര്‍മന്‍ തിരുമുല്‍പ്പാട് സമര്‍പ്പിച്ച ഹരജിയിലാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി നിര്‍ണായക നിര്‍ദേശം പുറപ്പെടുവിച്ചത്. സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിയില്‍ ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖല നിര്‍ബന്ധമായും വേണമെന്നും ഈ മേഖലയില്‍ ഒരു തരത്തിലുള്ള വികസന-നിര്‍മാണ പ്രവര്‍ത്തനങ്ങളും പാടില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.