central budget
അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയെന്നു സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്
ബജറ്റില്‍ കേരളത്തിനു പ്രതീക്ഷകള്‍ ഏറെ
ന്യൂഡല്‍ഹി | ലോക രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. എന്നാല്‍ വരും വര്‍ഷം രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര ബജറ്റിനു മുന്നോടിയായ ധനകാര്യമന്ത്രി നിര്‍മല സീതാരാമനാണ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ലോക്സഭയുടെ മേശപ്പുറത്ത് വച്ചത്.
ഏഴ് ശതമാനമായ നിലവിലെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 2023- 24 കാലത്ത് 6.5 ആകുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ധനകമ്മി കൂടിയാല്‍ രൂപ പ്രതിസന്ധിയിലാകുമെന്നും കയറ്റുമതി കുറയാന്‍ സാധ്യതയുണ്ടെന്നും പറയുന്ന റിപ്പോര്‍ട്ട്, ഈ സാഹചര്യത്തില്‍ അടുത്തവര്‍ഷം സാമ്പത്തിക വളര്‍ച്ചാ തോത് കുറയുമെന്നുംസൂചിപ്പിക്കുന്നു.
ജി-20 ഉച്ചകോടിക്ക് ഇന്ത്യ വേദിയാകുന്ന സാഹചര്യത്തില്‍ ബജറ്റില്‍ അടിസ്ഥാന സൗകര്യ വികസനത്തിനു കൂടുതല്‍ തുക വകയിരുത്തിയേക്കുമെന്നു പ്രതീക്ഷയുണ്ട്. കേരളമുള്‍പ്പെടെ രാജ്യമൊട്ടാകെ ഇതിന്റെ ഗുണമുണ്ടാവുമെന്നാണ് പ്രതീക്ഷ.
ശബരി പാത, മെട്രോ വികസനം, എയിംസ് എന്നിവയുടെ കാര്യത്തിലും കേരളത്തിന് പ്രതീക്ഷയുണ്ട്. എയിംസിനു വേണ്ടി കോഴിക്കോട് ജില്ലയിലെ കിനാലൂരില്‍ ഭൂമിയടക്കം കണ്ടുവച്ചു കാത്തിരിക്കുകയാണു കേരളം.
2024ല്‍ വിവിധയിടങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നാളെ അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ വലിയ പ്രതീക്ഷയാണ് വയ്ക്കുന്നത്.
ബജറ്റില്‍ നികുതി പരിഷ്‌കാരം ഉള്‍പ്പെടെ വിവിധ ആശ്വാസ പദ്ധതികള്‍ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് രാജ്യം.