Connect with us

From the print

സാമ്പത്തിക സര്‍വേ റിപോര്‍ട്ട് സഭയില്‍; പ്രതീക്ഷിത വളര്‍ച്ച 6.5-7%

തൊഴില്‍ മേഖലയില്‍ എ ഐ അനിശ്ചിതത്വം സൃഷ്ടിക്കും.

Published

|

Last Updated

ന്യൂഡല്‍ഹി | നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി ഡി പി) 6.5 മുതല്‍ ഏഴ് വരെ ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് പ്രവചിച്ച് സാമ്പത്തിക സര്‍വേ റിപോര്‍ട്ട്. മൂന്നാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് ഇന്ന് അവതരിപ്പിക്കാനിരിക്കെയാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ സാമ്പത്തിക സര്‍വേ റിപോര്‍ട്ട് സഭയില്‍ വെച്ചത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ യഥാര്‍ഥ ജി ഡി പി 8.2 ശതമാനം വളര്‍ന്നു. ഈ ഘട്ടത്തില്‍ നാലില്‍ മൂന്ന് പാദങ്ങളിലും വളര്‍ച്ച എട്ട് ശതമാനം കടന്നുവെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. നിര്‍മിത ബുദ്ധിയുടെ വ്യാപനം തൊഴില്‍ മേഖലയില്‍ കടുത്ത അനിശ്ചിതത്വമുണ്ടാക്കുമെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു. ബിസിനസ്സ് പ്രോസസ്സിംഗ് ഔട്ട്‌സോഴ്‌സിംഗ് പോലുള്ള മേഖലകളെയാകും എ ഐ വല്ലാതെ ബാധിക്കുക.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കാര്‍ഷിക മേഖല 17.7 ശതമാനം, വ്യവസായം 27.6 ശതമാനം, സേവന മേഖല 54.7 ശതമാനവും വളര്‍ച്ച കൈവരിച്ചു. ഉത്പാദന മേഖലയും നിര്‍മണ മേഖലയും 9.9 ശതമാനവും രേഖപ്പെടുത്തി. ആഗോള സാമ്പത്തിക പ്രകടനം അനിശ്ചിതത്വത്തിലായിട്ടും ആഭ്യന്തര വളര്‍ച്ചാ പ്രേരകങ്ങള്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ സാമ്പത്തിക വളര്‍ച്ചയെ പിന്തുണച്ചതായി സര്‍വേ ചൂണ്ടിക്കാട്ടുന്നു. സി ജി എ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, കേന്ദ്ര സര്‍ക്കാറിന്റെ ധനക്കമ്മി 2022-23 സാമ്പത്തിക വര്‍ഷത്തിലെ ജി ഡി പിയുടെ 6.4 ശതമാനത്തില്‍ നിന്ന് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ജി ഡി പിയുടെ 5.6 ശതമാനമായി കുറഞ്ഞുവെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.

മൊത്ത നികുതി വരുമാനത്തിന്റെ (ജി ടി ആര്‍) വളര്‍ച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 13.4 ശതമാനമായി കണക്കാക്കപ്പെട്ടു. ജി ടി ആറിന്റെ 55 ശതമാനം നേരിട്ടുള്ള നികുതിയില്‍ നിന്നും ശേഷിക്കുന്ന 45 ശതമാനം പരോക്ഷ നികുതിയില്‍ നിന്നുമാണ്. ജി എസ് ടി ശേഖരണത്തില്‍ 12.7 ശതമാനം വളര്‍ച്ചയുണ്ടായതാണ് സാമ്പത്തിക വര്‍ഷത്തിലെ പരോക്ഷ നികുതിയിലെ വര്‍ധനവിന് പ്രധാനമായും കാരണമായത്.

ഷെഡ്യൂള്‍ഡ് വാണിജ്യ ബേങ്കുകളുടെ ആസ്തി നിലവാരം മെച്ചപ്പെട്ടു. മൊത്ത നിഷ്‌ക്രിയ ആസ്തി (ജി എന്‍ പി എ) അനുപാതം ഈ വര്‍ഷം മാര്‍ച്ചില്‍ 2.8 ശതമാനമായി കുറഞ്ഞു. ഇത് പന്ത്രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്.

ദുര്‍ബലമായ ആഗോള ആവശ്യകതയും സ്ഥിരമായ ഭൗമരാഷ്ട്രീയ പിരിമുറുക്കവും കാരണം ചരക്ക് കയറ്റുമതിയില്‍ മിതത്വം തുടര്‍ന്നുവെന്ന് സര്‍വേ വ്യക്തമാക്കി.

അതേസമയം, ഇന്ത്യയുടെ സേവന കയറ്റുമതി ശക്തമായി തുടര്‍ന്നു. ചരക്കുകളും സേവനങ്ങളും 0.15 ശതമാനം വളര്‍ന്നപ്പോള്‍ മൊത്തം ഇറക്കുമതിയില്‍ 4.9 ശതമാനം കുറവുണ്ടായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ന്നുവരുന്ന വിപണിയിലെ ഏറ്റവും കുറഞ്ഞ ചാഞ്ചാട്ടമുള്ള കറന്‍സികളിലൊന്നാണ് ഇന്ത്യന്‍ രൂപയെന്ന് സര്‍വേ പറയുന്നു. കൊവിഡ് വ്യാപനത്തിന് ശേഷം തൊഴിലില്ലായ്മാ നിരക്ക് കുറഞ്ഞുവരികയാണെന്ന് സര്‍വേ അവകാശപ്പെടുന്നുണ്ട്.

 

Latest