National
സ്വകാര്യ മേഖലയില്‍ ജോലി സമയം കൂട്ടാനുള്‍പ്പെടെ നിര്‍ദേശിച്ച് സാമ്പത്തിക സര്‍വേ
ഓവര്‍ടൈം അടക്കമുള്ള വിഷയങ്ങളില്‍ നിയമത്തില്‍ മാറ്റം വരുത്താന്‍ നിര്‍ദേശം
ന്യൂഡല്‍ഹി | സ്വകാര്യ മേഖലയിലെ ജോലി സമയ വര്‍ധന ഉള്‍പ്പെടെ നിര്‍ദേശിച്ച് സാമ്പത്തിക സര്‍വേ. ഓവര്‍ടൈം അടക്കമുള്ള വിഷയങ്ങളില്‍ നിയമത്തില്‍ മാറ്റം വരുത്താന്‍ നിര്‍ദേശിക്കുന്ന സാമ്പത്തിക സര്‍വേ ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേയിലാണ്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരനാണ് റിപോര്‍ട്ട് തയ്യാറാക്കിയത്.
ജീവനക്കാരുടെ ജോലി സമയം നിയന്ത്രിക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചക്ക് നല്ലതല്ലെന്ന് സര്‍വേയില്‍ പറയുന്നു. ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി സമയം എന്നത് കണക്കാക്കുന്നതില്‍ ഇളവുനല്‍കണമെന്നതാണ് പ്രധാന ആവശ്യം. ഫാക്ടറി നിയമത്തിലും ഓവര്‍ ടൈം നിയമത്തിലും മാറ്റം വേണം. ബിസിനസ് വളര്‍ച്ചയെ പിന്തുണക്കുന്ന അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതിലൂടെ കൂടുതല്‍ തൊഴിലിനും സാമ്പത്തിക വികസനത്തിനും സാധ്യത തെളിയും.
തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത തൊഴില്‍ നിയന്ത്രണങ്ങള്‍ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വളര്‍ച്ചയെ ബാധിക്കുന്നതായും ഇത്തരം നിയമങ്ങളൊന്നും ബാധകമല്ലാത്തവരുമായി ആഗോള വിപണികളില്‍ അന്തരം സംഭവിക്കുന്നുവെന്നും സാമ്പത്തിക റിപോര്‍ട്ടില്‍ പറയുന്നു. സര്‍വേ നിര്‍ദേശം അംഗീകരിക്കുകയാണെങ്കില്‍ എട്ട് മണിക്കൂര്‍ ജോലിസമയത്തിലുള്‍പ്പെടെ മാറ്റങ്ങള്‍ വന്നേക്കും.