Editorial
കൊടകരക്കേസിൽ ഇ ഡിയുടെ അട്ടിമറി
മോദി സര്‍ക്കാറിന്റെയും ബി ജെ പിയുടെയും ചട്ടുകമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്ന പ്രതിപക്ഷ ആരോപണത്തിന് അടിവരയിടുന്നതാണ് കൊടകര കള്ളപ്പണ കേസിൽ ഇ ഡി സമര്‍പ്പിച്ച കുറ്റപത്രം.

ഇന്ത്യയില്‍ തിരഞ്ഞെടുപ്പുകളെ നിയന്ത്രിക്കുന്നത് കള്ളപ്പണമാണെന്നത് സ്ഥിരീകരിക്കപ്പെട്ട വസ്തുതയാണ്. ഓരോ തിരഞ്ഞെടുപ്പിലും സഹസ്ര കോടിയുടെ കള്ളപ്പണമാണ് കുഴല്‍പ്പണമായും മയക്കുമരുന്നായും വോട്ടര്‍മാര്‍ക്കുള്ള സൗജന്യ വസ്തുക്കളായും എത്തിച്ചേരുന്നത്. ഇത് നിയന്ത്രിച്ച് തിരഞ്ഞെടുപ്പ് കുറ്റമറ്റതും സ്വതന്ത്രവുമാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടിക്കടി പറയാറുണ്ടെങ്കിലും ഇക്കാര്യത്തില്‍ കമ്മീഷന്‍ കനത്ത പരാജയമാണ്. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടി ഒഴുക്കുന്ന കള്ളപ്പണത്തിനു നേരെ കണ്ണടക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനും ഇ ഡി പോലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികളും നിര്‍ബന്ധിതരാകുന്നു. കേന്ദ്ര ഏജന്‍സികളുടെ ഈ നിസ്സഹായതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് കൊടകര കുഴല്‍പ്പണ കേസില്‍ ഇ ഡി സമര്‍പ്പിച്ച കുറ്റപത്രം.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പ്രചാരണത്തിനായി എത്തിച്ച കുഴല്‍പ്പണമാണ് കൊടകരയില്‍ കൊള്ളയടിക്കപ്പെട്ടതെന്ന് പോലീസ് കണ്ടെത്തിയതാണെങ്കിലും ഇ ഡി കഴിഞ്ഞ ദിവസം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആ ഭാഗം പരാമര്‍ശിച്ചിട്ടേയില്ല. ആലപ്പുഴ തിരുവിതാംകൂര്‍ പാലസിന്റെ വസ്തു വാങ്ങുന്നതിന് ഡ്രൈവര്‍ ജംശീര്‍ വശം ധര്‍മരാജന്‍ കൊടുത്തയച്ച പണമാണ് കൊടകരയില്‍ കൊള്ളയടിക്കപ്പെട്ടതെന്നാണ് ഇ ഡി കുറ്റപത്രത്തില്‍ പറയുന്നത്. സംഭവത്തില്‍ സംസ്ഥാനത്തെ ബി ജെ പി നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് പാര്‍ട്ടി തൃശൂര്‍ ഓഫീസ് മുന്‍ സെക്രട്ടറി തിരൂര്‍ സതീഷ് പോലീസ് മുമ്പാകെ വെളിപ്പെടുത്തിയതാണെങ്കിലും അതിനു നേരെ കണ്ണടച്ചു ഇ ഡി. പോലീസ് അന്വേഷണത്തില്‍ ഈ പണത്തിന് വസ്തു ഇടപാടുമായി ബന്ധം കണ്ടെത്തിയിരുന്നില്ല. കേസ് അട്ടിമറിക്കാനും ബി ജെ പി നേതാക്കളെ രക്ഷിക്കാനും ഇ ഡി മെനഞ്ഞെടുത്തതാണ് ഇക്കഥയെന്നാണ് അനുമാനിക്കപ്പെടുന്നത്.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് നാല് ദിവസം മുമ്പാണ് ബി ജെ പിയുടെ തിരഞ്ഞെടുപ്പ് ആവശ്യത്തിലേക്ക് കര്‍ണാടകയില്‍ നിന്ന് കൊണ്ടുവരികയായിരുന്ന പണം കൊടകര ഹൈവേയില്‍ നിന്ന് കൊള്ളയടിക്കപ്പെടുന്നത്. തിരഞ്ഞെടുപ്പാവശ്യത്തിന് കേരളത്തില്‍ വിതരണം ചെയ്യാന്‍ ബി ജെ പി സംസ്ഥാന നേതാക്കള്‍ തന്നെ ഏല്‍പ്പിച്ചതാണ് കൊള്ളയടിക്കപ്പെട്ട പണമെന്നും അന്നത്തെ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് എല്ലാ വിവരവും അറിയാമെന്നും കേസിലെ പ്രധാന സാക്ഷികളിലൊരാളും ആര്‍ എസ് എസ് പ്രവര്‍ത്തകനുമായ ധര്‍മരാജന്‍ പോലീസിന് മൊഴിനല്‍കുകയും ചെയ്തു. കവര്‍ച്ച നടന്ന ദിവസം ധര്‍മരാജന്‍ സുരേന്ദ്രനെയും മറ്റു സംസ്ഥാന നേതാക്കളെയും ബന്ധപ്പെട്ടിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഫോണ്‍കോളുകള്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്തു. പ്രസ്തുത തിരഞ്ഞെടുപ്പ് വേളയില്‍ കേരളത്തില്‍ ബി ജെ പി 40 കോടി വിതരണം ചെയ്തതായി കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) കണ്ടെത്തുകയുമുണ്ടായി. പ്രമാദമായ ഈ കേസാണ് ഇപ്പോള്‍ ഇ ഡി ഭൂമി ഇടപാട് പ്രശ്നത്തില്‍ ഒതുക്കി ബി ജെ പി നേതൃത്വത്തെ വെള്ളപൂശാന്‍ ശ്രമിക്കുന്നത്.
കൊടകര കേസില്‍ ഒതുങ്ങുന്നില്ല കേരള ബി ജെ പിയുടെ കള്ളപ്പണ ഇടപാട്. എന്‍ ഡി എയുടെ സഖ്യകക്ഷിയാകാന്‍ സി കെ ജാനുവിന്റെ പാര്‍ട്ടിയായ ജെ ആര്‍ പിക്ക് 35 ലക്ഷം നല്‍കിയ കാര്യം ജെ ആര്‍ പി സംസ്ഥാന ട്രഷറര്‍ പ്രസീത വെളിപ്പെടുത്തിയതാണ്. പ്രസീതയുടെ ആരോപണം കെ സുരേന്ദ്രന്‍ നിഷേധിച്ചെങ്കിലും ജാനുവും സുരേന്ദ്രനും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ ആരോപണം പൊള്ളയല്ലെന്നു വ്യക്തമായി. 2021ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍ മത്സരിച്ച മഞ്ചേശ്വരം മണ്ഡലത്തില്‍, അദ്ദേഹത്തിന് ഭീഷണി സൃഷ്ടിച്ച അപരസ്ഥാനാര്‍ഥി കെ സുന്ദരയെ മത്സരത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സുരേന്ദ്രന്‍ രണ്ടര ലക്ഷം നല്‍കിയ കാര്യം സുന്ദര തന്നെ വെളിപ്പെടുത്തി.
രാജ്യത്തിനെതിരായ ഏറ്റവും വലിയ കുറ്റമാണ് കള്ളപ്പണമിടപാടെന്ന് പ്രഖ്യാപിച്ചത് ബി ജെ പിയും മോദിയും തന്നെയാണ്. കള്ളപ്പണമിടപാട് ആര് നടത്തിയാലും അവര്‍ ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുന്നവരാണെന്നാണ് ബി ജെ പി ഭാഷ്യം. സമ്പദ്ഘടനയെ ക്ഷയിപ്പിക്കുന്ന കള്ളപ്പണത്തിന്റെ അടിവേരറുക്കാനെന്ന അവകാശവാദത്തോടെയാണ് 2016 നവംബര്‍ എട്ടിന് നോട്ട് നിരോധം പ്രഖ്യാപിച്ച് രാജ്യത്തെ സാധാരണക്കാരെ നെട്ടോട്ടമോടിക്കുകയും ബേങ്കുകള്‍ക്ക് മുമ്പില്‍ കിലോമീറ്ററുകളോളം ക്യൂ നിര്‍ത്തുകയും ഗ്രാമീണ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയും ചെയ്തത്. കള്ളപ്പണം തടയാനായി ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുകയുമാണ് കേന്ദ്ര സര്‍ക്കാര്‍. പൂര്‍ണമായും ഡിജിറ്റല്‍ ഫണ്ടാണ് തങ്ങളുടേതെന്ന് അവകാശപ്പെടുകയും ചെയ്യുന്നു ബി ജെ പി. എന്നിട്ടുമെങ്ങനെ തിരഞ്ഞെടുപ്പ് വേളകളില്‍ നോട്ടുകെട്ടുകളടങ്ങിയ ചാക്കുകള്‍ ബി ജെ പിക്കു വേണ്ടി കേരളത്തിലെത്തുന്നു? സി കെ ജാനുവിനും മഞ്ചേശ്വരത്തെ അപരസ്ഥാനാര്‍ഥിക്കും നല്‍കാന്‍ നോട്ടുകെട്ടുകള്‍ ലഭിക്കുന്നത് എവിടെ നിന്ന്? സംസ്ഥാനത്ത് ബി ജെ പി നിര്‍ലോഭം ഒഴുക്കുന്ന പണത്തിന്റെ സ്രോതസ്സ് ഏതാണ്? ഇതിനെല്ലാം ഉത്തരം കണ്ടെത്താന്‍ സഹായകമായിരുന്ന സുപ്രധാനമായ കേസാണ് കൊടകര ഹൈവേ കവര്‍ച്ച. കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) നിര്‍ണായകമായ പല വിവരങ്ങളും പുറത്തുകൊണ്ടു വരികയും ചെയ്തു. ഇ ഡി പക്ഷേ എല്ലാം അട്ടിമറിക്കുകയാണ്. മോദി സര്‍ക്കാറിന്റെയും ബി ജെ പിയുടെയും ചട്ടുകമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്ന പ്രതിപക്ഷ ആരോപണത്തിന് അടിവരയിടുന്നതാണ് ഇ ഡി സമര്‍പ്പിച്ച കുറ്റപത്രം. ഇ ഡി ഉദ്യോഗസ്ഥര്‍ പക്ഷേ നിസ്സഹായരാണ് ഇക്കാര്യത്തില്‍. കള്ളക്കേസ് ചുമത്തപ്പെട്ട് അഴിക്കുള്ളിലാകാതിരിക്കാനും ജോലി നഷ്ടപ്പെടാതിരിക്കാനും ജസ്റ്റിസ് ലോയയുടെ ഗതി വരാതിരിക്കാനും കേന്ദ്ര സര്‍ക്കാറിന്റെയും ഭരണ പാര്‍ട്ടിയുടെയും താത്പര്യം സംരക്ഷിക്കുകയല്ലാതെ അവരുടെ മുമ്പില്‍ മറ്റു വഴിയില്ല.