articles
ഇ ഡിയുടെ "രക്ഷാദൗത്യ'ങ്ങള്‍
ബി ജെ പിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷിനെ ആരും മറന്നുപോകരുത്. അദ്ദേഹമാണ് ആറ് ചാക്കിലായി ഒമ്പത് കോടി രൂപ എത്തിച്ചതടക്കമുള്ള കാര്യങ്ങള്‍ക്ക് സാക്ഷിയായി 2024 ഒക്ടോബറില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത്. ഈ കേസിന്റെ പ്രധാന സാക്ഷിയാകേണ്ട തിരൂര്‍ സതീഷിനെ ഇ ഡി ചോദ്യം ചെയ്യുക പോലും ചെയ്തില്ല എന്നതാണ് വിചിത്രമായ വസ്തുത.

കൊടകര കുഴല്‍പ്പണ കേസ് ബി ജെ പിയെ രക്ഷിക്കാനായി അട്ടിമറിച്ചിരിക്കുകയാണ് ഇ ഡി. കോടതിയില്‍ ഇ ഡി നല്‍കിയ കുറ്റപത്രം ആരെയും ഞെട്ടിപ്പിക്കുന്നതാണ്. 2014 മുതല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇ ഡിയെയും മറ്റ് കേന്ദ്ര അന്വേഷണ ഏജന്‍സികളെയും ഉപയോഗിച്ചുകൊണ്ട് തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ കള്ളക്കേസില്‍ കുടുക്കുകയും തങ്ങളുടെ അനുകൂലികളെ സംരക്ഷിക്കുകയും ചെയ്യുന്ന നയമാണ് സ്വീകരിച്ചിട്ടുള്ളത്.
2021 ഏപ്രില്‍ മൂന്നിന് ബി ജെ പിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ചാക്കില്‍ പണമിറക്കിയ ശേഷം ബാക്കി പണം ആലപ്പുഴക്ക് കൊണ്ടുപോകും വഴിയാണ് ദേശീയ പാതയില്‍ കൊടകര വെച്ച് 3.56 കോടി രൂപ തട്ടിയെടുത്ത സംഭവമുണ്ടായത്. ഇതിനെക്കുറിച്ചുള്ള കേരളാ പോലീസ് അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന കുഴല്‍പ്പണക്കടത്തിന്റെ അണിയറ രഹസ്യങ്ങള്‍ അനാവരണം ചെയ്യപ്പെട്ടത്. ഈ കേസ് അന്വേഷിച്ച കേരളാ പോലീസ് ബി ജെ പിയുടെ അന്നത്തെ സംസ്ഥാന പ്രസിഡന്റ്കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് കുഴല്‍പ്പണക്കടത്തുമായുള്ള ബന്ധവും പങ്കും കൃത്യമായി വ്യക്തമാക്കുന്ന തരത്തിലുള്ള കുറ്റപത്രം തയ്യാറാക്കി സമര്‍പ്പിച്ചതാണ്.
23 പ്രതികളുള്ള കേസിന്റെ 625 പേജുള്ള കുറ്റപത്രത്തില്‍ സുരേന്ദ്രനും മകന്‍ ഹരികൃഷ്ണനും മാത്രമല്ല ബി ജെ പിയുടെ സംഘടനാ സെക്രട്ടറി എം ഗണേശന്‍, തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്‌കുമാര്‍, മേഖലാ സെക്രട്ടറി കാശിനാഥന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഹരി, ട്രഷറര്‍ സുജയ്സേനന്‍, ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്ത തുടങ്ങി 219 സാക്ഷികളുണ്ട്.
ബി ജെ പി നേതാക്കളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിശദാംശങ്ങള്‍, ധര്‍മരാജന്‍ ബി ജെ പി നേതാക്കളുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങള്‍ എല്ലാം അടങ്ങുന്നതാണ് പോലീസ് സമര്‍പ്പിച്ച കുറ്റപത്രം. ബി ജെ പിയുടെ തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി കുഴല്‍പ്പണം കൊണ്ടുവന്നത് കെ സുരേന്ദ്രന്റെ അറിവോടെയാണെന്നും ഗണേശനും ഓഫീസ് സെക്രട്ടറി ജി ഗിരീഷും നല്‍കിയ നിര്‍ദേശപ്രകാരമാണ് ധര്‍മരാജന്‍ പണം വിതരണം ചെയ്തതെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. കള്ളപ്പണക്കേസ് ആയതിനാല്‍ അതന്വേഷിക്കാന്‍ നിയമപരമായ അധികാരമുള്ള ഏജന്‍സിയെ കേസ് ഏല്‍പ്പിക്കണമെന്നും കേരള പോലീസിന്റെ അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നു. ഇപ്പോള്‍ കേസന്വേഷിച്ച ഇ ഡി ഇരിങ്ങാലക്കുട കോടതിയില്‍ സമര്‍പ്പിച്ച പോലീസിന്റെ കുറ്റപത്രം ചവിട്ടിക്കുഴച്ചാണ് ബി ജെ പി നേതാക്കളെ രക്ഷിക്കാനുള്ള അപഹാസ്യമായ കഥകളുമായി കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
ഇ ഡി സംഘ്പരിവാറിന്റെ രക്ഷാസംഘമായി തരംതാഴുന്നതാണ് നാം കാണുന്നത്. അതാണ് കലൂര്‍ പി എം എല്‍ എ കോടതിയില്‍ നല്‍കിയിരിക്കുന്ന റിപോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നത്. ഇ ഡി കുഴല്‍പ്പണം കൊണ്ടുവന്നവരെയും ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരെയും പണം സ്വീകരിച്ചവരെയുമെല്ലാം രക്ഷിക്കാനുള്ള വഴി തുറന്നുകൊടുക്കുകയാണ് തങ്ങളുടെ അന്വേഷണ റിപോര്‍ട്ടിലൂടെ ചെയ്തിരിക്കുന്നത്. ബി ജെ പിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷിനെ ആരും മറന്നുപോകരുത്. അദ്ദേഹമാണ് ആറ് ചാക്കിലായി ഒമ്പത് കോടി രൂപ എത്തിച്ചതടക്കമുള്ള കാര്യങ്ങള്‍ക്ക് സാക്ഷിയായി 2024 ഒക്ടോബറില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത്. ഈ കേസിന്റെ പ്രധാന സാക്ഷിയാകേണ്ട തിരൂര്‍ സതീഷിനെ ഇ ഡി ചോദ്യം ചെയ്യുക പോലും ചെയ്തില്ല എന്നതാണ് വിചിത്രമായ വസ്തുത.
അതായത്, ബി ജെ പി നേതാക്കളെ രക്ഷിക്കാനുള്ള കഥ മെനയുകയാണ് ഇ ഡി ചെയ്തിരിക്കുന്നത്. കേരളാ പോലീസിന് പ്രതികള്‍ നല്‍കിയ മൊഴിയില്‍ കുഴല്‍പ്പണ കേസിന്റെ ഉറവിടം കര്‍ണാടക ബി ജെ പി നേതാക്കളാണ്. കര്‍ണാടകയിലെ ബി ജെ പി നേതാക്കളെ ദേശീയ നേതാക്കളുമായി അടുപ്പിക്കുന്ന കണ്ണി എന്ന് വിശേഷിപ്പിക്കുന്ന ഉയര്‍ന്ന ബി ജെ പി നേതാവ് ലഹര്‍സിംഗ് സിരോയ ആണെന്ന് വ്യക്തമാക്കുന്ന മൊഴികള്‍ വരെ പോലീസിന്റെ റിപോര്‍ട്ടിലുണ്ട്. എന്നാല്‍ അക്കാര്യങ്ങളൊന്നും ഇ ഡി പരിഗണിച്ചതായി കാണുന്നില്ല.
അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ഒരു തരത്തിലും പരിഗണനയില്‍ വരാതിരുന്ന ഹോട്ടല്‍ ഭൂമി കച്ചവടത്തിന്റെ പുതിയൊരു കഥയാണ് ഇ ഡി കുറ്റപത്രത്തില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്. അതായത് ബി ഡി ജെ എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ പാലസ് എന്ന ഹോട്ടലിന്റെ ആലപ്പുഴയിലുള്ള സ്ഥലം വാങ്ങാനാണ് കോഴിക്കോട് സ്വദേശി ധര്‍മരാജന്‍ ഡ്രൈവര്‍ ഷാംജിറിന്റെ കൈവശം പണം കൊടുത്തുവിട്ടതെന്നാണ് ഇ ഡിയുടെ കുറ്റപത്രം കണ്ടെത്തിയിരിക്കുന്നത്. കാറില്‍ കൊടുത്തുവിട്ട 3.56 കോടി രൂപ പ്രതികള്‍ മോഷ്ടിക്കുകയായിരുന്നുവത്രെ. പോലീസ് അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ഒരാള്‍ പോലും ഈവിധമൊരു മൊഴി നല്‍കിയിട്ടില്ല. ധര്‍മരാജനും തുഷാര്‍ വെള്ളാപ്പള്ളിയും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള ഒരു ബിസിനസ്സ് ചര്‍ച്ച നടന്നതായി ഈ കുറ്റപത്രത്തിലൊരിടത്തും ഇ ഡി പറയുന്നുമില്ല.
ധര്‍മരാജന് ഇത്രയും ഭീമമായ തുക എവിടെ നിന്നാണ് കിട്ടിയതെന്ന് ഇ ഡി അന്വേഷിക്കാന്‍ തുനിഞ്ഞില്ല. അങ്ങനെ അന്വേഷിച്ചിരുന്നുവെങ്കില്‍ കേരള പോലീസിന്റെ അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നതുപോലെ ബി ജെ പി നേതാക്കളിലേക്ക് അന്വേഷണം എത്തുമായിരുന്നു. ഇ ഡി എത്രത്തോളം നാണംകെട്ട രീതിയിലാണ് കള്ളപ്പണക്കടത്തുകാരായ ബി ജെ പിക്കാരെ സംരക്ഷിച്ചുനിര്‍ത്തുന്നത് എന്നതിന്റെ വ്യക്തമായ ഉദാഹരണമായി മാറിയിരിക്കുകയാണ് കൊടകര കേസ്. 2021 ആഗസ്റ്റ് രണ്ടിന് ഇ ഡിയുടെ കൊച്ചിയിലെ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സംസ്ഥാന പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം തലവനായിരുന്ന എ സി പി. വി കെ രാജു നല്‍കിയ റിപോര്‍ട്ടില്‍, ബി ജെ പി സംസ്ഥാന അധ്യക്ഷനായിരുന്ന കെ സുരേന്ദ്രന്റെയും സംഘടനാ സെക്രട്ടറി എം ഗണേശിന്റെയും നിര്‍ദേശപ്രകാരം 41.40 കോടി രൂപ 2021 നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നതായി വിശദമായ ചോദ്യം ചെയ്യലിനിടയില്‍ ധര്‍മരാജന്‍ പറഞ്ഞതായി വ്യക്തമാക്കുന്നുണ്ട്.
പണത്തിന്റെ ഉറവിടം സംബന്ധിച്ച് നിയമപരമായ ഒരു രേഖയും ഹാജരാക്കാന്‍ ധര്‍മരാജന് കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇ ഡിയുടെ കുറ്റപത്രത്തില്‍ കൊള്ളയടിക്കപ്പെട്ട 3.56 കോടിയുടെ ഉറവിടം സംബന്ധിച്ച് ധര്‍മരാജന്‍ രേഖകളൊക്കെ ഹാജരാക്കിയിട്ടുണ്ടെന്നാണ് പറയുന്നത്. രേഖകളുടെ വിശദാംശങ്ങളൊന്നും കുറ്റപത്രത്തില്‍ പറയുന്നില്ല. പോലീസ് അന്വേഷണത്തില്‍ ബി ജെ പി നേതാക്കളുടെ പങ്ക് വ്യക്തമാക്കപ്പെട്ടതാണ്. അതിലൊരാളെ പോലും സാക്ഷിയാക്കാന്‍ ഇ ഡി തയ്യാറായില്ല. വി കെ രാജുവിന്റെ റിപോര്‍ട്ടില്‍ കോടികള്‍ ആരൊക്കെ വഴിയാണ് ധര്‍മരാജന്‍ കൊണ്ടുവന്നതെന്നും അത് എവിടെയൊക്കെ എത്തിച്ചുവെന്നും ഏതൊക്കെ ബി ജെ പി നേതാക്കള്‍ക്ക് എത്തിച്ചുവെന്നും പട്ടിക സഹിതം രേഖപ്പെടുത്തിയിട്ടുണ്ട്.
കര്‍ണാടകയില്‍ നിന്ന് 14.40 കോടിയും മറ്റ് ഹവാല റൂട്ടുകള്‍ വഴി 27 കോടിയും വന്നുവെന്നാണ് വി കെ രാജുവിന്റെ റിപോര്‍ട്ട് വ്യക്തമാക്കുന്നത്. ആകെ 41.40 കോടി എത്തിയതില്‍ 7.90 കോടി സേലത്ത് വെച്ചും കൊടകരയില്‍വെച്ചും കൊള്ളയടിക്കപ്പെട്ടുവെന്നും 35.50 കോടി രൂപ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്തുവെന്നും പോലീസ് റിപോര്‍ട്ടില്‍ പറയുന്നു. ധര്‍മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഫോണ്‍കോളുകള്‍ ഉള്‍പ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിന്റെ പട്ടിക സഹിതമുള്ള റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടും അതൊന്നും കണക്കിലെടുക്കാതെ ഇ ഡി, ബി ജെ പി നേതാക്കളെ രക്ഷിക്കാനുള്ള കുറ്റപത്രം തയ്യാറാക്കുകയായിരുന്നു.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇ ഡി രജിസ്റ്റര്‍ ചെയ്ത 193 കേസില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് കുറ്റക്കാരെ കണ്ടെത്തിയത്. ഇത് പാര്‍ലിമെന്റിനു മുന്നില്‍ വെച്ച ഒരു റിപോര്‍ട്ടില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നു. തങ്ങളുടെ എതിരാളികള്‍ക്കെതിരായി എടുത്ത കേസുകളില്‍ മിക്കതും തെളിവില്ലാതെ കോടതിയില്‍ വിട്ടുപോകുന്നു. കോടതിയുടെ ഇടപെടല്‍ മൂലം ബി ജെ പിക്കാര്‍ക്കെതിരെ എടുക്കേണ്ട കേസുകള്‍ പലതും കൗശലപൂര്‍വം മുക്കുകയും ചെയ്യുന്നു.