National
നിരവ് മോദിയുടെ 30 കോടിയോളം രൂപയുടെ സ്വത്തുക്കൾ കൂടി ഇ ഡി കണ്ടുകെട്ടി
ഇന്ത്യയിലും വിദേശത്തുമായി നീരവ് മോദിക്കും കൂട്ടാളികൾക്കും ബന്ധമുള്ള 2,596 കോടി രൂപ വിലമതിക്കുന്ന ജംഗമ, സ്ഥാവര സ്വത്തുക്കൾ ഇഡി ഇതുവരെ കണ്ടുകെട്ടിയിട്ടുണ്ട്.
ന്യൂഡൽഹി | സഹസ്ര കോടികളുടെ ബാങ്ക് തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുന്ന വജ്ര വ്യാപാരി നീരവ് മോദിയുടെ 29.75 കോടി രൂപയുടെ സ്വത്തുക്കൾ കൂടി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. 6,498 കോടി രൂപയുടെ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പ് കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. ഇന്ത്യയിലെ സ്ഥാവര സ്വത്തുക്കളും ബാങ്ക് ബാലൻസുകളും ഉൾപ്പെടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) പ്രകാരമാണ് മുംബൈ സോണൽ ഓഫീസ് അറ്റാച്ച്മെൻ്റ് ആരംഭിച്ചത്. നിരവ് മോദിക്ക് എതിരെ സി ബി ഐ സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ടിന്റെ അടിസ്ഥാന്തതിലാണ് നടപടി. ശരിയായ ഈടില്ലാതെ, വ്യാജ ലെറ്റർ ഓഫ് അണ്ടർടേക്കിംഗ് (എൽഒയു) സമ്പാദിച്ച് പിഎൻബിയെ വഞ്ചിച്ചുവെന്നാണ് നിരവ് മോദിക്കും അമ്മാവൻ മെഹുൽ ചോക്‌സിക്കും എതിരായ ആരോപണം. പിഎൻബിയുടെ മുംബൈ ബ്രാഡി ഹൗസ് ബ്രാഞ്ചിലെ ഉദ്യോഗസ്ഥർ, വിദേശ ബാങ്കുകളിൽ നിന്ന് വായ്പ സ്വീകരിക്കാൻ അനുവദിച്ചുകൊണ്ട് മോദിയുടെ സ്ഥാപനങ്ങൾക്ക് അനധികൃത ലെറ്റർ ഓഫ് അണ്ടർടേക്കിംഗ് നൽകുകയായിരുന്നു.
2018-ൽ പുറത്തുവന്ന ഈ അഴിമതിയിൽ പിഎൻബിക്ക് 6,498 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. ബാങ്ക് ഉദ്യോഗസ്ഥരുടെ ഒത്തുകളി മൂലമാണ് വൻ തട്ടിപ്പ് വർഷങ്ങളോളം പുറത്തറിയാതെ പോയത്.
ഇന്ത്യയിലും വിദേശത്തുമായി നീരവ് മോദിക്കും കൂട്ടാളികൾക്കും ബന്ധമുള്ള 2,596 കോടി രൂപ വിലമതിക്കുന്ന ജംഗമ, സ്ഥാവര സ്വത്തുക്കൾ ഇഡി ഇതുവരെ കണ്ടുകെട്ടിയിട്ടുണ്ട്. കൂടാതെ, മുംബൈയിലെ പ്രത്യേക കോടതിയുടെ (FEOA) ഉത്തരവിനെത്തുടർന്ന്, 2018 ലെ ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫൻഡേഴ്സ് ആക്ട് (FEOA) പ്രകാരം 692.90 കോടി രൂപയുടെ സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്.
2019ൽ യുകെയിൽ അറസ്റ്റിലായ മോദിയെ ഇന്ത്യക്ക് വിട്ടുനൽകുന്നതിനുള്ള നടപടി ക്രമങ്ങൾ തുടരുകയാണ്.