Connect with us

Kerala

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇ ഡി നിര്‍ബന്ധിച്ചു; സ്പീക്കറെ ക്ഷണിച്ചത് വ്യക്തിബന്ധത്തിന്റെ പേരില്‍: സന്ദീപ് നായര്‍

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ തന്നെ നിര്‍ബന്ധിച്ചെന്ന് ആരോപിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ സന്ദീപ് നായര്‍ മൊഴി നല്‍കും. പതിനെട്ടിന് കേസ് പരിഗണിക്കുന്ന എറണാകുളം ഇക്കണോമിക് ഒഫന്‍സ് കോടതിയില്‍ നേരിട്ടെത്തിയാണ്, സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ മാപ്പുസാക്ഷിയായ സന്ദീപ് മൊഴി നല്‍കുക. മുഖ്യമന്ത്രി, മുന്‍ സ്പീക്കര്‍ തുടങ്ങിയവര്‍ക്കെതിരെ മൊഴി നല്‍കാന്‍ ഇ ഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചതായി വ്യക്തമാക്കി ജയിലില്‍ കഴിയുന്നതിനിടെ സന്ദീപ് കത്തെഴുതിയിരുന്നു. കത്തിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത കേസാണ് ഈ മാസം 18ന് എറണാകുളം ഇക്കണോമിക് ഒഫന്‍സ് കോടതി പരിഗണിക്കുന്നത്. കത്തിലെ ആരോപണങ്ങളില്‍ സന്ദീപ് ഉറച്ചു നില്‍ക്കുമെന്ന് സന്ദീപിന്റ അഭിഭാഷക വ്യക്തമാക്കിയിരുന്നു.

‘ഉദ്ഘാടന ചടങ്ങിന് സ്പീക്കറെ ക്ഷണിച്ചത് വ്യക്തിബന്ധത്തിന്റെ പേരില്‍’
ഉദ്ഘാടന ചടങ്ങിന് സ്പീക്കറെ ക്ഷണിച്ചത് വ്യക്തിബന്ധത്തിന്റെ പേരിലായിരുന്നുവെന്ന് സന്ദീപ് നായര്‍. അതല്ലാതെ മറ്റ് കാര്യങ്ങളൊന്നും ഇതില്‍ ഇല്ലെന്നും സന്ദീപ് മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. പി ശ്രീരാമകൃഷ്ണനെ സ്വപ്ന വഴി ബന്ധപ്പെട്ടിട്ടില്ല. സ്വര്‍ണം കടത്തിയോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. കസ്റ്റംസ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. വിചാരണ കഴിഞ്ഞ് കൂടുതല്‍ കാര്യങ്ങള്‍ പറയും. നയതന്ത്ര ബാഗില്‍ വന്നത് എന്താണെന്ന് തനിക്ക് അറിവുണ്ടായിരുന്നില്ല. കോണ്‍സുലേറ്റുമായി വലിയ ബന്ധമില്ല. ഫൈസല്‍ ഫരീദിനെ അറിയില്ല. സരിത്ത് സുഹൃത്താണെന്നും സരിത്ത് വഴിയാണ് സ്വപ്നയെ പരിചയപ്പെട്ടതെന്നും സന്ദീപ് പറഞ്ഞു.

കോണ്‍സലേറ്റില്‍ ഈദുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ വരുമ്പോള്‍ അതില്‍ ചാരിറ്റി പുറത്ത് കരാര്‍ കൊടുക്കും. അങ്ങനെ ചില കാര്യങ്ങള്‍ സരിത്തുമായി ബന്ധപ്പെട്ട് ചെയ്തിട്ടുണ്ട്. 2013ല്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്റെ ഫോണില്‍ നിന്ന് ഒരു കോള്‍ പോയെന്ന് പറഞ്ഞ് കസ്റ്റംസ് വിളിച്ചിരുന്നു. ആ കേസുമായി ബന്ധപ്പെട്ട് റമീസിനെ നിരന്തരം ബന്ധപ്പെട്ടിരുന്നു. അങ്ങനെയാണ് റമീസിനെ പരിചയം.

ആരോപണം വന്ന സമയത്ത് ഞാന്‍ വര്‍ക്കല ഭാഗത്താണ് ഉണ്ടായിരുന്നത്. അപ്പോള്‍ സ്വപ്ന ഒരു വക്കീലിന്റെ സഹായത്തിനായി എന്നെ വിളിച്ചു. അങ്ങനെ വക്കീലുമായി സംസാരിച്ചു. സഹായത്തിന് കൂടെ വരാമോ എന്ന് സ്വപ്ന ചോദിച്ചു. ഞാന്‍ ഒപ്പം പോയി. കുടുംബവുമായിട്ടായിരുന്നു സ്വപ്ന വന്നത്. താന്‍ ഒളിവില്‍ കഴിഞ്ഞെന്ന് പറയുന്നത് വാസ്തവ വിരുദ്ധമാണെന്നും. തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയാണ് യാത്ര നടത്തിയതും ഹോട്ടലില്‍ മുറിയെടുത്തതുമെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.