Kerala
ഗോകുലം ഓഫീസിലെ ഇ ഡി പരിശോധന 10 മണിക്കൂര്‍ പിന്നിട്ടു; ഗോകുലം ഗോപാലനെ ചോദ്യം ചെയ്യലിനായി കോടമ്പാക്കത്ത് എത്തിച്ചു
കോഴിക്കോട്ടെ കോര്‍പറേറ്റ് ഓഫീസിലും ഗോകുലം ഗ്രാന്‍ഡ് ഹോട്ടലിലും ഇ ഡി പരിശോധന നടത്തി.

ചെന്നൈ | പ്രമുഖ വ്യവസായിയും സിനിമാ നിര്‍മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസിലെ ഇ ഡി പരിശോധന 10 മണിക്കൂര്‍ പിന്നിട്ടു. ഗോകുലം ഗോപാലനെ ചോദ്യം ചെയ്യലിനായി കോടമ്പാക്കത്തെ ഓഫീസിലെത്തിച്ചു. കോഴിക്കോട്ട് നിന്ന് ഇ ഡി ഉദ്യോഗസ്ഥനൊപ്പമാണ് അദ്ദേഹം ഇവിടെ എത്തിയത്.
കോഴിക്കോട്ടെ കോര്‍പറേറ്റ് ഓഫീസിലും ഗോകുലം ഗ്രാന്‍ഡ് ഹോട്ടലിലും ഇ ഡി പരിശോധന നടത്തി. ഇ ഡിയുടെ കൊച്ചി യൂണിറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് കോഴിക്കോട്ട് റെയ്ഡിനെത്തിയത്. ഇ ഡി സംഘം എത്തുമ്പോള്‍ ഗോകുലം ഗോപാലന്‍ ഡയറക്ടര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു. തുടര്‍ന്ന് യോഗം അവസാനിക്കാന്‍ ഉദ്യോഗസ്ഥര്‍ കാത്തിരിക്കുകയും ഇതിനുശേഷം പരിശോധന ആരംഭിക്കുകയുമായിരുന്നു.
ഇന്ന് രാവിലെയാണ് ചെന്നൈ കോടമ്പാക്കത്തുള്ള ധനകാര്യ സ്ഥാപനത്തിന്റെ ഓഫീസില്‍ കേരളത്തില്‍ നിന്നുള്ള ഇ ഡി സംഘത്തിന്റെ റെയ്ഡ് ആരംഭിച്ചത്. ഇതോടൊപ്പം കോഴിക്കോട് കോര്‍പറേറ്റ് ഓഫീസിലും റെയിഡിനായി ഉദ്യോഗസ്ഥര്‍ എത്തി. വൈകീട്ട് മൂന്നുമണിയോടെയാണ് കോഴിക്കോട് ഓഫീസിലെ റെയ്ഡ് അവസാനിച്ചത്. ശേഷം ഉദ്യോഗസ്ഥര്‍ ഇവിടെ നിന്ന് മടങ്ങി. ചെന്നൈയിലെ ഓഫീസില്‍ റെയ്ഡ് ഉച്ചയ്ക്ക് ശേഷവും തുടര്‍ന്നു.
ഗുജറാത്ത് കലാപത്തില്‍ സംഘ്പരിവാര്‍ നടത്തിയ കൊടും ക്രൂരതകളെ പ്രതിപാദിച്ച ‘എമ്പുരാന്‍’ സിനിമ നിര്‍മിച്ചതില്‍ മുഖ്യ പങ്കാളിയാണ് ഗോകുലം ഗ്രൂപ്പ്. നേരത്തെ, ഗോകുലം ഗോപാലന്റെ സാമ്പത്തിക ഇടപാട് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതികള്‍ ലഭിച്ചിരുന്നു. ഈ പരാതികളെല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫയല്‍ ചെയ്തവയാണ്. കള്ളപ്പണം വെളുപ്പിക്കല്‍, സാമ്പത്തിക വെട്ടിപ്പ് ഉള്‍പ്പെടെയുള്ള പരാതികളാണ് പരിശോധിച്ചത്. ഈ കേസുകളില്‍ ഗോകുലം ഗോപാലനെ അന്ന് കൊച്ചി ഇ ഡി ഓഫീസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു.